കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ മന്ത്രി മുഹമ്മദ് റിയാസുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം കളക്ടറുടെ സാന്നിധ്യത്തില്‍ അവലോകനയോഗം ചേരും.

അതേസമയം മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇനിയും കണ്ടെത്താനുള്ളത് 206 പേരെ. മരണം 350 കടന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. 219 മരണമാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ആറാം ദിവസത്തെ തിരച്ചില്‍ രാവിലെ തുടങ്ങി. ശനിയാഴ്ച നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒന്ന് മുണ്ടക്കൈയില്‍നിന്നും മൂന്നെണ്ണം ചാലിയാറില്‍നിന്നുമാണ്. ചാലിയാറില്‍നിന്ന് 16 ശരീരഭാഗങ്ങളും കിട്ടി. ഇതോടെ ചാലിയാറില്‍നിന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 71 ആയി.

134 ശരീരഭാഗങ്ങളും ചാലിയാറില്‍നിന്നും വനത്തില്‍നിന്നുമായി ലഭിച്ചു. മൃതദേഹങ്ങളില്‍ 35 എണ്ണം പുരുഷന്‍മാരുടേതും 27 എണ്ണം സ്ത്രീകളുടേതും നാലെണ്ണം ആണ്‍കുട്ടികളുടേതും അഞ്ചെണ്ണം പെണ്‍കുട്ടികളുടേതുമാണ്. ശരീരഭാഗങ്ങള്‍ സംസ്‌കരിക്കാന്‍ നിലമ്പൂരില്‍ തന്നെ സര്‍ക്കാര്‍ സൗകര്യമൊരുക്കി. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരാണ് കഴിയുന്നത്. ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേരുമുണ്ട്.

തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവ സംസ്‌കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കാണ്. ഈ മൃതദേഹങ്ങള്‍ സംസ്‌കരിക്കുമ്പോള്‍ സര്‍വമത പ്രാര്‍ഥന നടത്തുന്നതിന് പഞ്ചായത്തുകള്‍ക്ക് മുന്‍കൈയെടുക്കാം.

കാണാതായവരെ കണ്ടെത്തുന്നതിനായി മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോഗ്രഫി ഫോള്‍ഡറും മിസിങ് കേസ് രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളുടെ വിവരങ്ങളും ഒത്തുനോക്കും. ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്തിയായിരിക്കും ഇനിയുള്ള തിരച്ചില്‍. മേഖലയുടെ പഴയകാല ചിത്രവുമായി ഡ്രോണ്‍ ചിത്രം താരതമ്യം ചെയ്യും. 152 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ എണ്ണം 147 ആണ്. 89 പേര്‍ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.