കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതില്‍ അപമാനം ഭയന്ന് യുവാവ് ജീവനൊടുക്കിയതില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ നടപടി വേണമെന്ന് ടി സിദ്ദിഖ് എംഎല്‍എ. ദീപകിന്റേത് ഭാവിയില്‍ സോഷ്യല്‍മീഡിയയില്‍ വരേണ്ട സമൂഹം കാണിക്കേണ്ട മര്യാദകള്‍ക്കുള്ള രക്തസാക്ഷിത്വമാണെന്ന് ടി സിദ്ദിഖ് അഭിപ്രായപ്പെട്ടു.

സോഷ്യല്‍മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകര്‍ക്കാന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകള്‍ അറിയാതെ ലോകം ഒരാള്‍ക്കെതിരെ തിരിയും. ചിലര്‍ക്ക് താങ്ങാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ദീപകിന് അതിന് കഴിഞ്ഞില്ലെന്നും അപമാനഭാരത്തില്‍ അവന്‍ പോകാന്‍ തീരുമാനിച്ചെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു. ദീപക്കിന്റെ മാതാപിതാക്കള്‍ക്ക് നീതി വേണമെന്നും യുവതിക്കെതിരെ നിയമനടപടികള്‍ ഉണ്ടാവണം എംഎല്‍എ ആവശ്യപ്പെട്ടു.

ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്... ആകെയുണ്ടായിരുന്ന പൊന്നുമോന്‍ തന്റെ മുന്നില്‍ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ...

'എന്റെ മുത്തില്ലാതെ ഈ അമ്മക്ക് ജീവിക്കാന്‍ പറ്റില്ലെന്ന് എന്റെ വാവക്ക് അറിയില്ലേ...? എന്തിനാ വാവേ ഇത് ചെയ്തത്.. എന്റെ കുട്ടീന്റെ മുഖോക്കെ മാറിപ്പോയല്ലോ... എന്തിനു പാവമായിട്ട് ചെയ്തത്? എന്തിനു വാവേ ഇത് ചെയ്തത്..?''

''ആകെ ഒരു മകനേയുള്ളൂ...' അച്ഛന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹൃദയം തകര്‍ന്ന് വാക്കുകള്‍ കിട്ടാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ നെഞ്ചൊന്നാളിപ്പോയി... ആരുണ്ട് അവര്‍ക്കിനി..!

കണ്ടിട്ട് സഹിക്കാന്‍ കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവന്‍ നഷ്ടമായത്. സോഷ്യല്‍മീഡിയ ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകര്‍ക്കാന്‍ ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആയുധം. ശരിതെറ്റുകള്‍ അറിയാതെ ലോകം ഒരാള്‍ക്കെതിരെ തിരിയും... ചിലര്‍ക്ക് താങ്ങാന്‍ കഴിഞ്ഞേക്കാം ... എന്നാല്‍ ദീപകിന് അതിന് കഴിഞ്ഞില്ല... അപമാനഭാരത്താല്‍ അവന്‍ പോകാന്‍ തീരുമാനിച്ചു... തകര്‍ത്തത് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷ തന്നെയായിരുന്നു. ഇനി വൈകുന്നേരങ്ങളില്‍ മകന്‍ വരുന്നത് നോക്കിയിരിക്കാന്‍ ആ അമ്മയ്ക്ക് കഴിയില്ല... അച്ഛന് കഴിയില്ല... ഒരു തണല്‍ മരമാണ് കൊഴിഞ്ഞ് പോയത്...

നാല്‍പ്പത് വയസ്സായെങ്കിലും ആ അമ്മയ്ക്ക് അവന്‍ ഇന്നും 'അമ്മയുടെ കുട്ടി' ആണ്. എന്തിനാണ് തന്റെ മകന്‍ ഇത് ചെയ്തതെന്ന് ആ പാവം അമ്മയ്ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. അവന്‍ ഒരു തെറ്റും ചെയ്യില്ല എന്ന് ആ അമ്മയ്ക്ക് ഉറപ്പാണ്... ആ വീഡിയോ കണ്ട ലോകം വിലയിരുത്തിയതും അതാണ്...

ജീവിതത്തിന്റെ അവസാന കാലത്ത് താങ്ങാവേണ്ട മകന്‍ മുന്നില്‍ അനക്കമില്ലാതെ കിടക്കുമ്പോള്‍... അവനൊപ്പം പോകാന്‍ ആഗ്രഹിക്കുന്ന ഒരമ്മയുടെ നിസ്സഹായമായ കരച്ചില്‍ ഉള്ളുലയ്ക്കുന്നു... ആ അമ്മയ്ക്ക് നീതി വേണം... ആ നീതി നടപ്പിലാക്കണം... ആ സ്ത്രീക്കെതിരെ നിയമനടപടികള്‍ ഉണ്ടാവണം...

ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന് ആര് സമാധാനം പറയും..? ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ട്, അപമാനം താങ്ങാനാവാതെ ദീപക് ജീവനൊടുക്കിയപ്പോള്‍... സമൂഹം ചിലതൊക്കെ മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു... ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം... ദീപക് പോകാന്‍ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് നമ്മള്‍ ഇത് ചര്‍ച്ച ചെയ്യുന്നത്... ദീപകിന്റേത് ഭാവിയില്‍ സോഷ്യല്‍മീഡിയയില്‍ വരേണ്ട സമൂഹം കാണിക്കേണ്ട മര്യാദകള്‍ക്കുള്ള രക്തസാക്ഷിത്വമാണ്...

ദീപകിന് നീതി ലഭിക്കണം...

അതേസമയം ദീപക്കിന്റെ മരണത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് കുടുംബം. ദൃശ്യം പ്രചരിപ്പിച്ച യുവതിക്കെതിരെ പരാതി നല്‍കുമെന്ന് ദീപകിന്റെ പിതാവ് പറഞ്ഞു. മകന് നീതി ലഭിക്കണമെന്നും മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും സംഭവിക്കരുതെന്നുമാണ് പിതാവ് മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസിനുള്ളില്‍ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി ആരോപിച്ചത്.

കോഴിക്കോട്ടെ വസ്ത്ര വ്യാപാരശാലയില്‍ പ്രവര്‍ത്തിക്കുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിന് കണ്ണൂരില്‍ പോയിരുന്നു. ഈ സമയം അപമര്യാദയായി പെരുമാറിയെന്ന് കാട്ടിയാണ് യുവതി വീഡിയോ പങ്കുവെച്ചത്.