- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
166 പേരെ ഇല്ലാതാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അവസാനത്തെ അടവും പയറ്റുന്നു; നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ ട്രംപ് തഹാവൂര്‍ റാണയെ വിട്ടുനല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തടസ്സങ്ങള്‍ വീണ്ടും; റാണയെ ഇന്ത്യക്ക് കൈമാറുന്നതില്‍ കാലതാമസം വരുമെന്ന് റിപ്പോര്‍ട്ട്
തഹാവൂര്‍ റാണയെ ഇന്ത്യക്ക് വിട്ടുകിട്ടുന്നത് വൈകും
വാഷിങ്ടണ്‍ ഡിസി: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നത് വൈകാന്‍ സാധ്യത. എന്‍ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ, പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാലതാമസം വരുമെന്നാണ് സൂചന.
പുനരവലോകന ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് തഹാവൂര്‍ റാണയുടെ വിട്ടുകിട്ടാന്‍ വഴിയൊരുങ്ങിയത്. എന്നാല്‍, മാനുഷിക പരിഗണനകളുടെ പേരില്‍, റാണ അന്തിമ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഇതോടെ, ഏതാനും ആഴ്ചകള്‍ കൂടി റാണയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകുമെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ മോദി-ട്രംപ് കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് കൈമാറ്റം. പാകിസ്ഥാന്‍ വംശജനായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണ്. പാകിസ്ഥാനിലെ ഈ സൈനിക ഡോക്ടര്‍ പിന്നീട് കാനഡയിലേക്ക് മാറുകയും അവിടെ പൗരത്വം നേടുകയും ചെയ്തു. തുടര്‍ന്ന് അമേരിക്കയിലെ ഷിക്കാഗോയില്‍ എത്തി വേള്‍ഡ് ഇമിഗ്രേഷന്‍ സെന്റര്‍ എന്ന സ്ഥാപനം ആരംഭിച്ചു. ഇതിന്റെ മുംബൈയിലെ ബ്രാഞ്ചാണ് ഭീകരാക്രമണത്തിനായി ലക്ഷ്‌കര്‍ ഭീകരര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതെന്നാണ് കണ്ടെത്തല്‍.
ഇതിന്റെ ഭാഗമായാണ് തഹാവൂര്‍ റാണയെ കൈമാറണമെന്നും വിചാരണ നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടത്. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ കോടതിയെ സമീപിച്ചതോടെ കഴിഞ്ഞ ഡിസംബര്‍ 16ന് അമേരിക്കന്‍ സോളിസിറ്റര്‍ ജനറല്‍ റാണയുടെ ഹര്‍ജി തള്ളണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നത്. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിക്കും. ഇതാണ് ട്രംപുമായുള്ള ചര്‍ച്ചയില്‍ മോദി ഉറപ്പിച്ചെടുത്ത സുപ്രധാന കാര്യം.
2008 നവംബര്‍ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടു. മൂന്നു ദിവസം രാജ്യം ആശങ്കയുടെ മുള്‍മുനയില്‍ നിന്നു. നവംബര്‍ 29-ന് രാവിലെ എട്ടുമണിയോടെ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഒമ്പതു ഭീകരരെ സൈന്യം വധിച്ചു. മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, മലയാളി എന്‍ എസ് ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അടക്കം നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യുവരിച്ചു. ജീവനോടെ പിടികൂടിയ അജ്മല്‍ കസബിനെ 2012 നവംബര്‍ 21-ന് ഇന്ത്യ തൂക്കിലേറ്റി. ഇതിന് ശേഷം തഹാവൂര്‍ റാണയേയും ശിക്ഷിക്കാനുള്ള അവസരം ഇന്ത്യയ്ക്ക് കിട്ടിയിരിക്കുകയാണ്, ഏതാനും ആഴ്ചകള്‍ വൈകിയാലും.
റാണയുടെ പങ്ക്
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ അടുത്ത അനുയായി. ഹെഡ്ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങള്‍ കണ്ടെത്താനും വീസ സംഘടിപ്പിച്ചു നല്‍കിയത് റാണയുടെ സ്ഥാപനമായിരുന്നു.
ഹെഡ്ലിയുമായി നടത്തിയ ഇമെയില്‍ ആശയവിനിമയത്തില്‍ നിന്ന് മുംബൈ ആക്രമണം ആസൂത്രണം ചെയ്യുന്നതിലുള്ള റാണയുടെ പങ്ക് വ്യക്തമായിരുന്നു. ആക്രമണത്തില്‍ പങ്കുവഹിച്ച ഐഎസ്‌ഐക്കാരനായ മേജര്‍ ഇക്ബാലുമായി നേരിട്ടു ബന്ധം. ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റാണ 2008 നവംബര്‍ 11 മുതല്‍ 21 വരെ ഇന്ത്യയില്‍ തുടര്‍ന്നതായി മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. മുംബൈയിലെ പോവായിലുള്ള ഹോട്ടലിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നതെന്നാണ് കണ്ടെത്തല്‍. ഹെഡ്‌ലിയും റാണയും തമ്മിലുള്ള ഇമെയില്‍ സംഭാഷണങ്ങള്‍ മുംബൈ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഐഎസ്‌ഐ അംഗവും മുംബൈ ഭീകരാക്രമണക്കേസ് പ്രതിയുമായ മേജര്‍ ഇക്ബാലിന്റെ ഇമെയില്‍ ഐഡി ആരായുന്ന ഹെഡ്‌ലിയുടെ ഇമെയില്‍ സന്ദേശമടക്കം ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
ലഷ്‌കറിനെ സഹായിച്ച കേസില്‍ റാണ 2009 ല്‍ ഷിക്കാഗോയില്‍ അറസ്റ്റിലായി. മുംബൈ ഭീകരാക്രമണം നടത്തുന്നതില്‍ നേരിട്ടു പങ്കുവഹിച്ചതിനു വേണ്ടത്ര തെളിവുകളുണ്ടായിട്ടും കുറ്റവിമുക്തനാക്കപ്പെട്ടു. ഇപ്പോള്‍ ലൊസാഞ്ചലസ് ജയിലില്‍.
മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ഗൂഢാലോചനയില്‍ റാണയ്ക്കു പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ച് 2023 മേയ് 18ന് റാണയെ കൈമാറാന്‍ യുഎസ് തീരുമാനിച്ചു. ഇതിനെതിരെ യുഎസിലെ വിവിധ ഫെഡറല്‍ കോടതികളില്‍ റാണ നല്‍കിയ അപേക്ഷ തള്ളിയതോടെ കഴിഞ്ഞ നവംബര്‍ 13ന് റാണ സുപ്രീം കോടതിയെ സമീപിച്ചു. ഫെഡറല്‍ കോടതികളുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന റിട്ട് അപ്പീല്‍ 21ന് സുപ്രീം കോടതിയും തള്ളി. ഇന്ത്യയ്ക്കു കൈമാറാന്‍ 2025 ജനുവരി 25ന് യുഎസ് സുപ്രീം കോടതി അനുമതി നല്‍കി.