ലണ്ടന്‍: ദീപാവലിയും ഹോളിയും ഒക്കെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയില്‍ ആഘോഷിക്കുന്നത് ഒരു വാര്‍ത്തയേ അല്ലാതാകുന്ന കാലമാണ്. കഴിഞ്ഞ സര്‍ക്കാരില്‍ ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് പ്രധാനമന്ത്രി ആയതോടെ മേശപ്പുറത്തു ഗണപതി വിഗ്രഹം സ്ഥാനം പിടിച്ചത് വരെ ഇന്ത്യന്‍ വീരഗാഥയായി മാധ്യമലോകത്തു നിറഞ്ഞതാണ്. ഇത്തരത്തില്‍ ഇന്ത്യക്കാരുടെ ആധിപത്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിറയുന്നതിന്റെ ഏറ്റവും ഒടുവിലത്തെ കാഴ്ചയായി മാറുകയാണ് കഴിഞ്ഞ ദിവസത്തെ പൊങ്കല്‍ - മകര സംക്രമ ആഘോഷം.

തെന്നിത്യന്‍ ഹൈന്ദവര്‍ ഏറെ ഭക്തി പുരസ്സരം സൂര്യന്‍ ഉത്തരായണത്തിലേക്ക് തിരിയുന്നത് മകര സംക്രമവും പൊങ്കലും ആയി ആഘോഷിക്കുമ്പോള്‍ മറ്റു പലവിധ വിളിപ്പേരുകളില്‍ ഇന്ത്യയില്‍ എമ്പാടും ആഘോഷമാണ് മകരസംക്രമം. ഇപ്പോള്‍ ഇതാദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും മകരപ്പൊങ്കല്‍ ആഘോഷിച്ചിരിക്കുകയാണ്. അതിനു കാരണമായതാകട്ടെ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തമിഴ് വംശജയായ എംപി ഉമാ കുമാരനും.

ലണ്ടനിലെ സ്റ്റേറ്റ്ഫോഡ് ആന്‍ഡ് ബൗ മണ്ഡലത്തില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെയാണ് ഉമാ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആദ്യമായി പാര്‍ലിമെന്റില്‍ എത്തിയ മലയാളി എംപി സോജന്‍ ജോസഫ് ആവശ്യപ്പെട്ടാല്‍ ഇക്കുറി ഓണാഘോഷവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കാനാകുമോ? പതിനായിരക്കണക്കിന് മലയാളികള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഭാഗമാവുകയും സോജന്‍ തന്നെ നഴ്സ് ആയി ജോലി ചെയ്ത അനുഭവവും ഉള്ളതിനാല്‍ ഇത്തരമൊരവശ്യം ഉന്നയിച്ചാല്‍ കീര്‍ സ്റ്റാര്‍മാര്‍ നിഷേധിക്കാന്‍ സാധ്യത കുറവാണ്.

തമിഴ് വംശജര്‍ കൂടുതല്‍ ബ്രിട്ടനില്‍ ബിസിനസ് രംഗത്ത് സജീവമാണെങ്കില്‍ മലയാളികള്‍ പ്രൊഫഷണല്‍ രംഗത്താണ് കൂടുതല്‍ സജീവം എന്ന വ്യത്യാസമേയുള്ളൂ. മാത്രവുമല്ല കാലങ്ങളായി ലേബര്‍ പാര്‍ട്ടിക്ക് തുറന്ന പിന്തുണ നല്‍കുന്ന ശീലവും അടുത്തകാലം വരെ മലയാളികള്‍ക്കുണ്ടായിരുന്നു. ഇതില്‍ അല്‍പമെങ്കിലും ഇടിവ് വന്നത് ഋഷി സുനക് പ്രധാനമന്ത്രി ആയതിനു ശേഷമാണ്. ടോറികള്‍ കൂടുതല്‍ വലതു പക്ഷത്തേക്ക് ചാഞ്ഞ നിലയ്ക്ക് മലയാളി വോട്ട് ബാങ്ക് ലേബറിന് ഒപ്പമാണെന്നു സോജന് പ്രധാനമന്ത്രിക്ക് മുന്‍പില്‍ സ്ഥാപിക്കുകയും ചെയ്യാം.

മലയാളികളെ സര്‍ക്കാരിന് മുന്നില്‍ ഷോകേസ് ചെയ്യാന്‍ സുവര്‍ണാവസരം

ഓണാഘോഷം നമ്പര്‍ പത്തിലേക്ക് എത്തിക്കാന്‍ സോജന്‍ ജോസഫ് എംപിക്ക് കഴിഞ്ഞാല്‍ യുകെ മലയാളികള്‍ക്കു ബ്രിട്ടനിലെ സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരം കൂടിയാകുമത്. പൊങ്കല്‍ ആഘോഷത്തില്‍ തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മാര്‍ ബ്രിട്ടന്റെ സാമൂഹ്യ സാമ്പത്തിക വികസസന രംഗങ്ങളില്‍ തമിഴ് സമൂഹം നല്‍കിയ സംഭാവനകള്‍ അക്കമിട്ട് പറഞ്ഞ സാഹചര്യത്തില്‍ അതിനെക്കാള്‍ നൂറിരട്ടി കാര്യങ്ങള്‍ മലയാളികളെ കുറിച്ച് പറയാനാകും എന്നതാണ് വസ്തുത. ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടു തൊഴില്‍ മേഖലകളായ ആരോഗ്യം, ഐ ടി എന്നീ രംഗങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളികളുടെ സാന്നിധ്യം സര്‍ക്കാരിന് അവഗണിക്കാവുന്നതല്ല.


ഒപ്പം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും എത്തുന്നത് കേരളത്തില്‍ നിന്നും ആണെന്നതും സര്‍ക്കാരിന്റെ കണക്കില്‍ നിറഞ്ഞു നില്‍ക്കേണ്ടതാണ്. അക്കാദമിക് രംഗങ്ങളില്‍ മലയാളി കുട്ടികള്‍ നേടുന്ന വിജയങ്ങളും സര്‍ക്കാരിന് മുന്നിലേക്ക് എത്തിക്കാന്‍ ഇത്തരം വേദികള്‍ വലിയ തോതില്‍ ഗുണകരമാകും. ഒപ്പം കേരളത്തിന്റെ കലയും സാംസ്‌കാരിക വൈവിധ്യവും ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുന്നിലേക്ക് എത്തിക്കാന്‍ കൂടി ഓണാഘോഷം പോലെയുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാകും. ബ്രിട്ടനില്‍ ഔദ്യോഗികമായി തന്നെ ദീപാവലിയും ഹോളിയും ഒക്കെ ആഘോഷിച്ചു തുടങ്ങിയത് അത്തരം ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വസതി കൂടി വേദി ആയി തുടങ്ങിയതോടെയാണ് എന്ന കാര്യം വിസ്മരിക്കാനുമാകില്ല.

സോജനും ഉമാ കുമാരനും ഒരു പോലെ പ്രിയപ്പെട്ടവരാകുമ്പോള്‍

ലേബര്‍ പാര്‍ട്ടിയെ പോലും ഞെട്ടിച്ചു കളഞ്ഞ വിജയമാണ് മലയാളികള്‍ക്ക് വേണ്ടി സോജന്‍ ജോസഫ് ആഷ്‌ഫോഡില്‍ നേടിയതെങ്കില്‍ ഒട്ടും വ്യത്യസ്തം ആയിരുന്നില്ല സ്റ്റേറ്റ്ഫോഡ് ആന്‍ഡ് ബൗ സീറ്റ് കയ്യടക്കിയ ഉമാ കുമാരന്റെ വിജയവും. ന്യൂഹാമിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍ ചേര്‍ന്ന് രൂപം കൊണ്ട ഈ സീറ്റില്‍ മുന്‍പും ലേബര്‍ തേരോട്ടം നടന്ന സ്ഥലമാണ്. കുടിയേറ്റക്കാര്‍ നിര്‍ണായകമായ ഈ സീറ്റില്‍ വളരെ ആധികാരികമായ വിജയമാണ് ഉമാ നേടിയെടുത്തത്. മലയാളികള്‍ക്ക് വേണ്ടി ആദ്യമായി സോജന്‍ പാര്‍ലിമെന്റില്‍ എത്തിയത് പോലെ തമിഴ് വംശജര്‍ക്ക് വേണ്ടി ഉമയും ആദ്യമായി പാര്‍ലിമെന്റില്‍ എത്തുക ആയിരുന്നു.


വിജയിച്ച ശേഷം ഇരുവരും തങ്ങള്‍ പ്രതിനിധീകരിക്കുന്ന കുടിയേറ്റ സമൂഹത്തിന്റെ ഏതു കാര്യത്തിലും ഓടിയെത്തുന്നതില്‍ മികവ് കാട്ടുകയാണ്. സോജന്റെ തികച്ചും അപ്രതീക്ഷിതമായ വിജയം അദ്ദേഹത്തെ കേരളത്തിലെ പ്രധാന മാധ്യമത്തിന്റെ ന്യൂസ് മേക്കര്‍ പുരസ്‌കാര ലിസ്റ്റില്‍ വരെ എത്തിച്ചപ്പോള്‍ ഉമയെ തേടിയും തമിഴ് സമൂഹത്തിന്റെ നിറഞ്ഞ പിന്തുണയാണ് ഉമക്ക് ഒപ്പം എത്തിയത്, ഇതോടെ തമിഴരുടെ ഏറ്റവും വലിയ ഉത്സവമായ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നമ്പര്‍ പത്തിലും ഒരാഘോഷം സാധ്യമാകുമോ എന്ന ഉമയുടെ ചോദ്യമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് സഹര്‍ഷം സ്വീകരിച്ചത്.

ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന, പാര്‍ലിമെന്റ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമത്തിന്റെ മികച്ച പാര്‍ലിമെന്റേറിയന്‍ ലിസ്റ്റില്‍ വരെ കടന്നു കൂടിയ സോജന്‍ മലയാളികള്‍ക്ക് വേണ്ടി ഓണാഘോഷം നടത്താന്‍ ഒരു അഭ്യര്‍ത്ഥന നടത്തിയാല്‍ കീര്‍ സ്റ്റാര്‍മറിന്റെ ഓഫീസ് തള്ളിക്കളയാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ യുകെയിലെ മലയാളി കുടിയേറ്റത്തില്‍ മറ്റൊരു ചരിത്ര നിര്‍മിതിയായി മാറുമതെന്ന് വ്യക്തം.

നമ്പര്‍ പത്തിലേക്ക് വന്നാല്‍ സര്‍ക്കാരിലേക്ക് വന്നത് പോലെ

പൊങ്കല്‍ ആഘോഷത്തിനായി എത്തിയ തമിഴ് വിശിഷ്ടാതിഥികളെ നോക്കി സ്റ്റാര്‍മര്‍ പറഞ്ഞത് ഈ വീട് എന്റെ താമസ സ്ഥലം ആണെങ്കിലും സര്‍ക്കാരിന്റെ കേന്ദ്ര ബിന്ദു ആണെന്നാണ്. അതിനാല്‍ നിങ്ങള്‍ സര്‍ക്കാരിന്റെ നടുവിലേക്കാണ് എത്തിയിരിക്കുന്നത് എന്നും അദ്ദേഹം കളിയായും കാര്യമായും പറയുക ആയിരുന്നു. ബ്രിട്ടന്റെ സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക രംഗത്തിനു തമിഴ് വംശജര്‍ നല്‍കിയ സംഭാവനകള്‍ വാരിക്കോരി വര്‍ണിക്കാനും സ്റ്റാര്‍മര്‍ മറന്നില്ല. പൊങ്കല്‍ ആഘോഷങ്ങള്‍ പ്രധാനമന്ത്രിയുടെ വസതിയിലല്ല നിങ്ങള്‍ ഓരോരുത്തരുടെയും വസതിയില്‍ ആണ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത് എന്ന വാക്കുകളും സ്റ്റര്‍മാര്‍ നിര്‍ലോപം മൊഴിഞ്ഞതോടെ അതിഥികള്‍ ആയി എത്തിയ ഓരോ തമിഴരുടെയും ഹൃദയപൂക്കള്‍ പൂത്തു വിടരുകയായിരുന്നു.

ശ്രീലങ്കന്‍ തമിഴരുടെ സാന്നിധ്യമാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ കൂടുതലായും ദൃശ്യമായത്. ശ്രീലങ്കന്‍ തമിഴ് ഈഴം വംശജയാണ് ഉമാ കുമാരന്‍. യുകെയിലെത്തി സര്‍വ മേഖലയിലും വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞ ഓരോ തമിഴ് വംശജരുടെ പേരിലും അഭിമാനിതയാണ് താനെന്നും ഉമാ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കി. താന്‍ യുകെയില്‍ ജനിച്ചു വളര്‍ന്ന വ്യക്തി ആണെങ്കിലും തന്റെ മാതാപിതാക്കളുടെ തലമുറ യുകെയില്‍ എത്രമാത്രം ത്യാഗം സഹിച്ചാണ് ജീവിതം കരുപിടിപ്പിച്ചതിനും സാക്ഷിയായതെന്നും 36കാരിയായ ഉമാ കുമാരന്‍ പറയുന്നത് അഭിമാനത്തോടെയാണ്. ശ്രീലങ്കയില്‍ നിന്നും അഭയാര്‍ത്ഥികളായി ജീവിതം തേടി എത്തിയ കുടുംബത്തിലാണ് ഉമ ജനിച്ചത്. ഈസ്റ്റ് ലണ്ടനില്‍ വളര്‍ന്ന ഉമാ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സജീവ രാഷ്ട്രീയത്തിലുണ്ട്.