പാലക്കാട്: തൃത്താലയില്‍ അധ്യാപകനോട് കൊലവിളി നടത്തിയ സംഭവത്തില്‍ ക്ഷമാപണവുമായി വിദ്യാര്‍ഥി. പെട്ടന്നുള്ള ദേഷ്യത്തില്‍ സംഭവിച്ചു പോയതാണെന്നാണ് വിദ്യാര്‍ഥി വിശദീകരിക്കുന്നത്. സംഭവത്തില്‍ തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

കൂടാതെ തനിക്ക് അതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരം നല്‍കാനും ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. അതേസമയം വിദ്യാര്‍ഥിക്കെതിരായ അദ്ധ്യാപകരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല സിഐ അറിയിച്ചു. ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്. സംഭവത്തില്‍ അധ്യാപകര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സ്‌കൂളിന് പുറത്തിറങ്ങിയാല്‍ തീര്‍ക്കുമെന്നായിരുന്നു വിദ്യാര്‍ത്ഥി പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെയും വിമര്‍ശനം ശക്തമാകുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വിവാദമായ സംഭവം നടന്നത്.

സമയം വൈകി സ്‌കൂളിലെത്തിയതിന് പിന്നാലെ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന് അധ്യാപകനെതിരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കെതിരെയാണ് നടപടി. അധ്യാപകനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. തുട4നടപടികള്‍ അടുത്ത ദിവസം ചേരുന്ന പി.ടി.എ യോഗത്തില്‍ തീരുമാനിക്കുമെന്നും സ്‌കൂള്‍ അധികൃത4 അറിയിച്ചു. അതേസമയം ദൃശ്യങ്ങള്‍ പുറത്തായത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അധ്യാപകര്‍ക്കും വീഴ്ചയുണ്ടായെന്നാണ് വിമര്‍ശനം. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

'ഇവിടെ ഞാന്‍ നല്ലത് പോലെയിരിക്കും സ്‌കൂളിന് പുറത്തിറങ്ങിയാല്‍ പള്ളക്ക് കത്തി കയറ്റിയിട്ടേ ഞാന്‍ പോകു. എനിക്ക് അങ്ങനെയൊരു സ്വഭാവം ഉണ്ട് സാറേ. നിങ്ങള്‍ കുറേ വിഡിയോ എടുക്കുകയോ എന്ത് തേങ്ങയെങ്കിലും കാണിക്ക്. എന്നെ ഇതിന്റെ ഉള്ളിലിട്ട് മെന്റലി ഹറാസ് ചെയ്തു, വിഡിയോ വരെ എടുത്തു. സാറിനെയൊക്കെ പുറത്ത് കിട്ടിയാല്‍ തീര്‍ക്കും ഞാന്‍. കൊന്ന് ഇടും എന്ന് പറഞ്ഞാല്‍ കൊന്ന് ഇടും. എന്റെ ഫോണ്‍ കൊണ്ട' എന്നാണ് വിദ്യാര്‍ഥി അധ്യാപകരോട് പറയുന്നത്.