- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിയൊരു 'പഹല്‍ഗാം' ആവര്‍ത്തിക്കരുത്! ജമ്മു-കശ്മീരിലെ തീവ്രവാദ ശൃംഖലയെ മുച്ചൂടും തകര്‍ക്കാന്‍ ഒരുമ്പട്ടിറങ്ങി സുരക്ഷാ സേന; കുപ് വാരയിലെ ലഷ്‌ക്കര്‍ കമാന്‍ഡറുടെ വീട് ബോംബ് വച്ച് തകര്‍ത്തു; 48 മണിക്കൂറിനിടെ ഇല്ലാതാക്കിയത് ഏഴുഭീകരരുടെ വീടുകള്‍; തെളിവുശേഖരണത്തിനായി വ്യാപക റെയ്ഡ്; പഹല്‍ഗാമില്‍ അഞ്ചിലേറെ ഭീകരര്‍ ഉണ്ടായിരുന്നതായി മൊഴി
കുപ് വരയിലെ ലഷ്‌ക്കര്‍ കമാന്‍ഡറുടെ വീട് ബോംബ് വച്ച് തകര്‍ത്തു
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പഹല്‍ഗാമില്‍ ബൈസരണിലെ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തില്‍, സുരക്ഷാ ഏജന്‍സികള്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നത് തുടരുന്നു. മേഖലയിലെ തീവ്രവാദ ശൃംഖലയെ മുച്ചൂടും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ റെയ്ഡുകള്‍ പുരോഗമിക്കുന്നു. വടക്കന്‍ കശ്മീരിലെ കുപ് വാരയിലെ കലാറൂസില്‍ ലഷ്‌ക്കര്‍ കമാന്‍ഡറുടെ വീട് ബോംബ് വച്ച് തകര്‍ത്തു. ഫറൂഖ് അഹമ്മദ് തദ്വയുടെ വീടാണ് തകര്‍ത്തത്.
കഴിഞ്ഞ 48 മണിക്കൂറില്‍ ആറ് ഭീകരരുടെയോ അവരുടെ കൂട്ടാളികളുടെയോ വീടുകള്‍ തകര്‍ത്തിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റുള്ളവര്‍ക്കെതിരെയും സമാന നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ശ്രീനഗറില്‍ ശനിയാഴ്ച 60 ലേറെ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി ജമ്മു-കശ്മീര്‍ പൊലീസ് വക്താവ് അറിയിച്ചു. ആയുധങ്ങള്‍, രേഖകള്‍, ഡിജിറ്റല്‍ സംവിധാനങ്ങള്‍ എന്നിവ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്.
നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ടു ഭീകരരുടെ വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത അനന്ത്‌നാഗ് സ്വദേശി ആദില്‍ ഹുസൈന്‍ തോക്കര്‍, ആസൂത്രകരില്‍ ഒരാളായ ത്രാല്‍ സ്വദേശി ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ഇവരുടെ വീടുകളില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായി സുരക്ഷാ സേന അറിയിച്ചു. ഇവരെ കൂടാതെ ആസിഫ് ഫൗജി (മൂസ), സുലൈമാന്‍ ഷാ (യൂനുസ്), അബു തല്‍ഹ (ആസിഫ്) എന്നിവരും പഹല്‍ഗാം ഭീകരാക്രമണ സംഘത്തിലുണ്ടായിരുന്നു.
അക്രമത്തിലോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുന്ന ഏതു വ്യക്തിക്കും നിയമത്തിന് കീഴിലുളള ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് പൊലീസ് വക്താവ് വ്യക്തമാക്കിയത്. പഹല്‍ഗാം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ താഴ് വരയിലുടനീളം തീവ്രവാദികളുടെ കൂട്ടാളികളെയും അനുഭാവികളെയും വേട്ടയാടുകയാണ് സുരക്ഷാ സേന.
അഞ്ചിലധികം ഭീകരര്‍?
അതിനിടെ, പഹല്‍ഗാമില്‍ 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരര്‍ അഞ്ചിലേറെ പേരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഈ വിവരം ദൃക്‌സാക്ഷികള്‍ സുരക്ഷാ ഏജന്‍സികളെ അറിയിച്ചതായാണ് സൂചന. വിനോദ സഞ്ചാര കേന്ദ്രത്തിന് പുറത്തും ബൈസരണ്‍ താഴ് വരയുടെ വിവിധ ദിശകളില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്.
നേപ്പാളില്‍ നിന്ന് സഞ്ചാരികളായെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് അഞ്ചിലേറെ തീവ്രവാദികളുണ്ടെന്ന സൂചന നല്‍കിയത്. ഒരു മരത്തിന് സമീപം നില്‍ക്കുമ്പോള്‍ ഭീകരവാദികളില്‍ ഒരാള്‍ തങ്ങളെ സമീപിച്ച് വ്യക്തി വിവരങ്ങള്‍ ചോദിച്ചു. തുടര്‍ന്ന് ഒരാളെ കൊലപ്പെടുത്തി. അതേ സമയം തന്നെ പ്രധാന വിനോദസഞ്ചാര മേഖലയില്‍ നിന്ന് വെടിവെപ്പ് കേട്ടുവെന്നുമാണ് മൊഴി.
ശക്തമായി അപലപിച്ച് യുഎന്‍ രക്ഷാസമിതി
പഹല്‍ഗാം ഭീകരാക്രമണത്തെ യുഎന്‍ ശക്തമായി അപലപിച്ചു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും, സഹായം നല്‍കിയവരെയും ആസൂത്രണം നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും 15 അംഗ യുഎന്‍ രക്ഷാസമിതി. ആവശ്യപ്പെട്ടു. യുഎഇ ഉള്‍പ്പടെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണ അറിയിച്ചിട്ടുണ്ട്.