- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണക്കും എഞ്ചിനിയറിങ്ങും പഠിച്ചു മിടുമിടുക്കിയായി ഫോറിന്‍ സര്‍വീസില്‍; മധ്യേഷ്യ കൈകാര്യം ചെയ്യാന്‍ അറബി ഭാഷ പഠിച്ച് വെല്ലുവിളി നേരിട്ടു; കാസര്‍കോട്ടുകാരിക്ക് ഉറുദു ഭാഷ വെള്ളം പോലെ; ചാള്‍സ് രാജാവിന്റെ അസി.പ്രൈവറ്റ് സെക്രട്ടറി മുന ഷംസുദ്ദീന്‍ മലയാളി കുട്ടികള്‍ക്ക് പ്രചോദനമാകുമ്പോള്‍
ചാള്‍സ് രാജാവിന്റെ അസി.പ്രൈവറ്റ് സെക്രട്ടറി മുന ഷംസുദ്ദീന്‍ മലയാളി കുട്ടികള്‍ക്ക് പ്രചോദനമാകുമ്പോള്‍
കവന്‍ട്രി: പത്തുവര്‍ഷത്തിലധികമായി ബ്രിട്ടീഷ് സിവില്‍ സര്‍വീസില്‍ ജോലി ചെയുന്ന മലയാളി പാരമ്പര്യമുള്ള മുന ഷംസുദ്ദീന്‍ പൊടുന്നനെയാണ് ഇന്ത്യന്‍ മാധ്യമ ശ്രദ്ധയില്‍പ്പെട്ടത്. ഏറെക്കുറെ നിശബ്ദ സേവനം ചെയ്യുന്ന ജോലിയുടെ പ്രോട്ടോക്കോളിന്റെ ഭാഗമായി തുടരുന്ന ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായ മുന ഷംസുദ്ദീന്‍ രണ്ടാഴ്ച മുന്‍പ് ഹോളിവുഡ് സിനിമയായ ഗ്ലാഡിയേറ്റര്‍ രണ്ടിന്റെ പ്രീമിയം പ്രദര്‍ശനത്തില്‍ പങ്കെടുത്തതോടെയാണ് മാധ്യമങ്ങള്‍ സുന്ദരിയായ മുനയെ ശ്രദ്ധിക്കുന്നത്. രാജ്ഞിക്ക് പകരം രാജാവിനൊപ്പം കാറില്‍ മുന എത്തിയതോടെ അവര്‍ ആരാണ് എന്ന ചോദ്യമുയരുകയായി. ബ്രിട്ടന് വേണ്ടി പാകിസ്ഥാന്‍ ഡെപ്യുട്ടി സ്ഥാനപതിയായി വരെ മുന പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും നിശബ്ദയായി ജോലി ചെയ്തിരുന്ന അവര്‍ മാധ്യമക്കണ്ണില്‍ നിന്നും ഏറെക്കുറെ അകലെയായിരുന്നു. ഇപ്പോള്‍ മാസങ്ങളായി ചാള്‍സ് രാജാവിന്റെ സെക്രട്ടറി എന്ന നിലയില്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് വരെ സ്വന്തം ഒപ്പു പതിച്ചു കത്തുകള്‍ അയക്കുന്ന ജോലി പോലും മുനയാണ് ചെയ്യുന്നതെങ്കിലും ഒരു വിദേശ വംശജയായ ആള്‍ ഇത്രയും തന്ത്രപ്രധാനമായ സ്ഥാനത്തു എത്തുമോ എന്ന ചോദ്യത്തില്‍ നിന്നുമാണ് ഇപ്പോള്‍ മുനയെത്തേടി മാധ്യമങ്ങള്‍ തിരഞ്ഞു തുടങ്ങിയത്.
മുനയെ പോലെ നൂറുകണക്കിന് ബ്രിട്ടീഷ് ഇതര ഉദ്യോഗസ്ഥര്‍ തന്ത്ര പ്രധാന സ്ഥാനങ്ങളില്‍
ഇന്നലെ മുനയെക്കുറിച്ചു എഴുതാത്ത ഇന്ത്യന്‍ മാധ്യമങ്ങളില്ല. പ്രത്യേകിച്ചും അവരുടെ കുടുംബവേരുകള്‍ കേരളത്തിലേക്ക് നീങ്ങുന്നതിനാല്‍ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍, മലയാള മാധ്യമങ്ങള്‍ മുനയുടെ വിശേഷങ്ങള്‍ തിരയാന്‍ തുടങ്ങിയത്. പക്ഷെ മുന മാത്രമല്ല, മാറുന്ന ബ്രിട്ടന്റെ മുഖമായി ബ്രിട്ടീഷ് നയതന്ത്ര കാര്യാലയത്തില്‍ ഇപ്പോള്‍ ഏറെക്കുറെ 200 ലേറെ ഏഷ്യന്‍, ആഫ്രിക്കന്‍ വംശജര്‍ അടക്കമുള്ള, ബ്രിട്ടീഷ് പാരമ്പര്യം അവകാശപ്പെടാന്‍ ഇല്ലാത്ത ഉദ്യോഗസ്ഥരാണ് തന്ത്രപ്രധാന ജോലികള്‍ ചെയ്യുന്നത് എന്നാണ് ഏറ്റവും സവിശേഷമായ പ്രത്യേകത. ഒരു പക്ഷെ പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ് ആര്‍ക്കും തന്നെ ആലോചിക്കാന്‍ പോലും കഴിയാത്ത ഇക്കാര്യം ബ്രിട്ടന് വേണ്ടി സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ മുനയും നികേഷ് മെഹ്ത ഒബിഇ, ഫൗസിയ യൂനിസ് എന്നിവരും ചേര്‍ന്നാണ് ലോകത്തെ അറിയിച്ചത്. റേസ് ടൂ ചേഞ്ച് ദി ഫേസ് ഓഫ് ദി ഡിപ്ലോമാറ്റിക് സര്‍വീസ് എന്ന തലക്കെട്ടില്‍ 2018 നവംബര്‍ രണ്ടിന് എഴുതിയ ലേഖനമാണ് ബ്രിട്ടന്റെ സിവില്‍ സര്‍വീസില്‍ മതവും ഭാഷയും തൊലിയുടെ നിറവും നോക്കാതെ നൂറുകണക്കിന് ആളുകള്‍ തന്ത്ര പ്രധാന ജോലികള്‍ ചെയുന്നു എന്ന് ലോകത്തെ അറിയിച്ചത്.
പരാതിക്കാരായ മലയാളികള്‍ മുനയെക്കുറിച്ചറിയണം; പരാതിക്കാര്‍ തന്നെ കേന്ദ്ര സ്ഥാനങ്ങളിലും
ഒരു പക്ഷെ ഇപ്പോഴും അനേകമാളുകള്‍ കരുതുന്നതും ബ്രിട്ടനില്‍ ഇത്തരം പദവികള്‍ തദ്ദേശീയര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നാകാം മുനയെക്കുറിച്ചു കേട്ടപ്പോള്‍ കൂടുതല്‍ ഞെട്ടല്‍ തോന്നാന്‍ കാരണമായതും. കഴിവുണ്ടെങ്കില്‍ ബ്രിട്ടന്‍ ആരെയും മാറ്റി നിര്‍ത്തുന്നില്ല എന്നത് കൂടിയാണ് മുനയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് എഴുതിയ നയതന്ത്ര കാര്യാലയ വിശേഷങ്ങള്‍ പുറംലോകത്തോട് വിളിച്ചു പറയുന്നതും. ഇന്നും യുകെയില്‍ അനേകം മലയാളികള്‍ കരുതുന്നത് ഉയര്‍ന്ന പദവികള്‍ മലയാളികള്‍ക്ക് അന്യം ആണെന്നാണ്. അടുത്തിടെ രൂപീകൃതമായ മലയാളി നേഴ്‌സിങ് സംഘടനയുടെ പ്രധാന ആവലാതിയും ഈ പരിദേവനം ആയിരുന്നു. മുഖ്യ പദവികളില്‍ എത്തപ്പെടുന്നതോടെ താന്‍ മലയാളിയായതുകൊണ്ടല്ല ഇതൊക്കെ സംഭവിച്ചത് എന്ന് തിരുത്തി പറയാനും ഈ പരാതിക്കാര്‍ക്ക് കഴിയുന്നുണ്ട് എന്നതും വിരോധാഭാസമാണ്. ബഹുഭൂരിഭാഗം ബ്രിട്ടീഷുകാര്‍ കൂടി വോട്ട് ചെയ്തു ജയിച്ചു കഴിയുമ്പോഴാണ് ഇത്തരം പരാതിക്കാര്‍ക്ക് തന്റെ തൊലിയുടെ നിറം ബ്രിട്ടനില്‍ ഇതിനൊന്നും തടസമല്ല എന്ന് ബോധ്യമാകുന്നത്. ഇപ്പോള്‍ ആ സംഘടനയില്‍ തന്നെ ഉള്ളവര്‍ പ്രധാന പദവിയില്‍ എത്തിയതോടെ ഇത്തരം പരാതികള്‍ കഴിവും പ്രതിഭയും ഉള്ള മലയാളികള്‍ എങ്കിലും പ്രോത്സാഹിപ്പിക്കരുത് എന്നുകൂടിയാണ് മുനയുടെ സവിശേഷ പദവിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയുമ്പോള്‍ മറനീക്കി പുറത്തു വരുന്ന സത്യം. ഇത്തരം പരാതിക്കാര്‍ ഇനിയെങ്കിലും മുന അടക്കമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പേരുവച്ചു സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനം നിശ്ചയമായും വായിച്ചിരിക്കേണ്ടതാണ്.
മൂന്നു വര്‍ഷം മുന്‍പ് പാകിസ്ഥാനില്‍ ഡെപ്യുട്ടി നയതന്ത്ര പ്രതിനിധി; മടങ്ങി വന്നപ്പോള്‍ താക്കോല്‍ സ്ഥാനം
സിവില്‍ സര്‍വീസ് ലക്ഷ്യം വച്ച് പഠനം നടത്തിയ മുനയ്ക്ക് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. യുഎന്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ഡേവിഡിനെ പോലെ തന്നെ നിര്‍ണായക പദവികള്‍ തന്നെയാണ് മുനയേയും തേടി എത്തിയിരുന്നത്. മൂന്നു വര്‍ഷം മുന്‍പ് പാകിസ്ഥാനില്‍ ബ്രിട്ടന്റെ ഡെപ്യുട്ടി സ്ഥാനപതിയായി നിയമിത ആയപ്പോഴാണ് മുനയെക്കുറിച്ചു അല്പമെങ്കിലും ലോകം കേട്ടുതുടങ്ങിയത്. ആ പദവിയില്‍ എത്തുമ്പോള്‍ ആദ്യ വനിതയായി നിയമിക്കപ്പെടുന്നു എന്ന പ്രത്യേകതയും മുനയ്ക്കൊപ്പം ഉണ്ടായിരുന്നു. അന്ന് തന്നെ കാണാന്‍ എത്തിയിരുന്ന മാധ്യമ പ്രവര്‍ത്തകരെ മുന ഒട്ടും നിരാശരാക്കിയിരുന്നില്ല, ഏറെക്കുറെ ഉള്ളുതുറന്നുള്ള സംസാരമായിരുന്നു അന്നൊക്കെ മുനയുടേത്. എന്നാല്‍ ഇപ്പോള്‍ സ്വകാര്യതയും സുരക്ഷയും ഒക്കെ അതീവ പ്രധാന ഘടകമായ ജോലി ചെയ്യുന്നതിനാല്‍ തന്നെക്കുറിച്ചു പോലും ഒരക്ഷരം പുറത്തു പറയാനാകാത്ത പ്രോട്ടോകോള്‍ അനുസരിച്ചാണ് മുനയടക്കമുള്ള ചാള്‍സ് രാജാവിന്റെ ജീവനക്കാരുടെ പ്രവര്‍ത്തന രീതികള്‍. പൊടുന്നനെ തിരിച്ചറിയപ്പെട്ടതിന്റെ അങ്കലാപ്പ് തീര്‍ച്ചയായും ഇപ്പോള്‍ മുനയ്ക്കൊപ്പം ഉണ്ടായിരിക്കണം. പക്ഷെ ബ്രിട്ടനില്‍ താക്കോല്‍ സ്ഥാന പദവികള്‍ പോലും ആരില്‍ നിന്നും എടുത്തു മാറ്റപ്പെടുന്നില്ല എന്ന സന്ദേശമായി മാറുകയാണ് മുനയിപ്പോള്‍.
പാകിസ്ഥാനില്‍ ജോലി ചെയ്തിരുന്നപ്പോഴും മുന ഇത്തരം ചോദ്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും ഏറെ കേട്ടിരുന്നു. എന്നാല്‍ തന്റെ വംശമോ നിറമോ ഭാഷയോ ഒന്നും ബ്രിട്ടനിലെ ജോലിയെ ബാധിക്കുന്നില്ല എന്നാണ് അന്ന് മുന ഉത്തരം നല്‍കിയത്. തന്റെ പാരമ്പര്യവും സംസ്‌കാരവും ഒക്കെ ചേര്‍ത്ത് പിടിച്ചു തന്നെയാണ് തനി ബ്രിട്ടീഷുകാരിയായി മാറുന്നതെന്നും മുന പറഞ്ഞിരുന്നു. എക്കാലവും ഐഡന്റിറ്റി ക്രൈസിസ് ഉണ്ടാകും എന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് മുനയുടേത്. സാരിയും കുര്‍ത്തയും പൈജാമയും ഒക്കെ അണിയുന്ന മുന തനിക്കേറെ ഇഷ്ടപ്പെട്ട കഥക് നൃത്തം പോലും ഉപേക്ഷിക്കാന്‍ തയാറല്ല. തന്നെപോലെ ഒരു ചെറുപ്പക്കാരി അതും ബ്രിട്ടനെ പ്രതിനിധീകരിച്ചു ലോക രാജ്യങ്ങളില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന കൗതുകം നിറഞ്ഞ നോട്ടം താന്‍ നന്നായി ആസ്വദിക്കുമായിരുന്നു എന്നും അത് തന്നെയാണ് ബ്രിട്ടനില്‍ ജീവിക്കുന്നതില്‍ ഏറ്റവും അഭിമാനം നല്‍കിയിരുന്നതെന്നും മുന പറയുമ്പോള്‍ ഇപ്പോള്‍ ബ്രിട്ടനില്‍ വളരുന്ന മലയാളികള്‍ അടക്കമുള്ള വിദേശ വംശജരായ കുട്ടികള്‍ക്ക് നല്‍കുന്ന പ്രചോദനം ഒട്ടും ചെറുതായിരിക്കില്ല. ചുരുങ്ങിയ പക്ഷം ബ്രിട്ടനില്‍ കാര്യങ്ങള്‍ മറ്റൊരു വഴിക്കാണ് എന്ന് പറയുന്നവര്‍ക്ക് മുന്‍പില്‍ ചൂണ്ടിക്കാട്ടാന്‍ എങ്കിലും ഉള്ള ഒരു പേരായി ഇപ്പോള്‍ മുന നിറയുകയാണ്.
കണക്കും എഞ്ചിനിയറിങ്ങും പഠിച്ചു കുറെ നാള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഒക്കെയായി നടന്ന ശേഷമാണു മുന ഫോറിന്‍ സര്‍വീസില്‍ എത്തുന്നത്. മധ്യ ഏഷ്യയും ദേശീയ സുരക്ഷയും ആയിരുന്നു മുനയുടെ വിഷയങ്ങള്‍. മധ്യ ഏഷ്യന്‍ പൊളിറ്റിക്സ് കൈകാര്യം ചെയ്യാന്‍ ഒന്നര വര്‍ഷം അറബി ഭാഷ പഠിച്ച വെല്ലുവിളി പോലും മുനയ്ക്കൊപ്പമുണ്ട്. പിന്നീടാണ് ജോര്‍ദാന്‍, ഇറാക്ക്, ഫലസ്തീന്‍ എന്നിവിടങ്ങളില്‍ ഒക്കെ ജോലി ചെയ്യാന്‍ എത്തിയത്. തുടര്‍ന്നു പാകിസ്ഥാനിലും. കാസര്‍ഗോട്ടെ മുനയുടെ കുടുംബം ഉറുദു ഭാഷയൊക്കെ കൈകാര്യം ചെയ്തിരുന്നതിനാല്‍ പാകിസ്ഥാനില്‍ ജോലി ചെയ്യുമ്പോഴും തനിക്ക് അപരിചിതത്വം ഉണ്ടായിട്ടില്ല എന്ന് മുന വ്യക്തമാകുമ്പോള്‍ മലയാളം കേട്ടാല്‍ വാ പൊളിച്ചു നില്‍ക്കുന്ന ബ്രിട്ടനിലെ മലയാളി കുട്ടികള്‍ക്കുള്ള ഏറ്റവും വലിയ സന്ദേശം കൂടിയാണ്
കെ ആര് ഷൈജുമോന്‍, ലണ്ടന്‍. മറുനാടന്‍ മലയാളി പ്രത്യേക പ്രതിനിധി.