തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തിന് ശേഷം സ്വന്തമെന്ന് പറയാന്‍ പറ്റിയ ഒരു വലിയ പദ്ധതിയും കേരളത്തില്‍ ഇല്ലെന്ന ആക്ഷേപം ശക്തമാണ്. ഉമ്മന്‍ചാണ്ടിയുടെ പദ്ധതികാലത്ത് തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തീകരണമാണ് ഇടതു സര്‍ക്കാറിന്റേതായി ഇതുവരെ ഉണ്ടായത്. എടുത്തുപറയാന്‍ സാധിക്കുന്ന വന്‍കിട പദ്ധതി ഇല്ലാത്ത പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടേണ്ട അവസ്ഥയുമുണ്ട്. ഇതിനിടെ വന്‍കിട പദ്ധതികളില്‍ കേന്ദ്രസര്‍ക്കാറിന് മുന്നി്ല്‍ പദ്ധതി സമര്‍പ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍.

തിരുവനന്തപുരത്തും കോഴിക്കോടും കുറേക്കാലമായി ചര്‍ച്ച ചെയ്ത ലൈറ്റ് മെട്രോ പദ്ധതിയെ മെട്രോ പദ്ധതിയായി പൊടിതട്ടിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. പദ്ധതികള്‍ക്കായി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് മുഖ്യമന്ത്രി നിവേദനം കൈമാറി. കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഖട്ടാര്‍ കേരളത്തിലെത്തിയത്. കോവളത്ത് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയ്ക്കെത്തിയിരുന്നു. ഇതിനിടെ, കേന്ദ്രമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളില്‍ മുഖ്യമന്ത്രി നിവേദനം സമര്‍പ്പിച്ചത്. പദ്ധതിരേഖയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ കൊണ്ടുവരാനായിരുന്നു നേരത്തെ ആലോചനയുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട പദ്ധതിയുടെ ആലോചനങ്ങള്‍ പിന്നീട് നിലച്ചുപോയിരുന്നു. പിന്നീട് കഴിഞ്ഞ ബജറ്റ് അവതരണത്തില്‍ ലൈറ്റ് മെട്രോകളുമായി മുന്നോട്ടുപോകാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ച വിവരം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് കാര്യമായി അനക്കങ്ങളൊന്നും ഉണ്ടായില്ല. ഇപ്പോള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് ഈ പദ്ധതികള്‍ക്ക് ജീവന്‍ വെച്ചതെന്നാണ് വിലയിരുത്തല്‍. തല്‍ക്കാലം 'വികസന ലൈന്‍' ചര്‍ച്ച ചെയ്യാനെങ്കിലും ഈ നീക്കം ആവശ്യമാണ്.

അതേസമയം ഏറെ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയാക്കിയ കെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിനുമുന്നില്‍ ഉന്നയിച്ചിരുന്നു കേറളം. സില്‍വര്‍ലൈന്‍ പദ്ധതിയുടെ അംഗീകാരമടക്കമുള്ള വിഷയങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പദ്ധതിയില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

അതേസമയം സില്‍വര്‍ലൈന്‍ പദ്ധതി മരവിപ്പിച്ചെങ്കിലും സ്വകാര്യഭൂമിയിലെ മഞ്ഞക്കുറ്റികള്‍ ജനങ്ങള്‍ക്ക് കീറാമുട്ടിയായി തുടരുന്നു അവസ്ഥയാണുള്ളത്. കല്ലിട്ട ഭൂമിയുടെ ക്രയവിക്രയം ത്രിശങ്കുവിലായി. ബാങ്കുകള്‍ വായ്പ നല്‍കുന്നില്ല. നിര്‍മ്മാണങ്ങള്‍ക്കുള്ള അനുമതിയും ലഭിക്കുന്നില്ല. പദ്ധതിയില്‍ പ്രതിഷേധിച്ച് സമരം നടത്തിയ ആയിരത്തിലേറെ പേര്‍ക്കെതിരെ എടുത്ത കേസുകളും ഇതുവരെ പിന്‍വലിച്ചില്ല. 11 ജില്ലകളിലായി 6737 മഞ്ഞക്കുറ്റിയാണ് സ്ഥാപിച്ചത്.

അതിനെതിരെ സമരം നടത്തിയവരുടെ പേരില്‍ 250ലേറെ കേസുകള്‍ രജിസ്റ്റര്‍ചെയ്തു. കേസുകള്‍ പിന്‍വലിച്ചാല്‍ ജനങ്ങള്‍ക്ക് ആശ്വാസമാവുമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞിട്ടും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. കേസുകള്‍ പിന്‍വലിക്കുന്നത് പരിഗണനയിലില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. നിലവിലെ റെയില്‍പ്പാതയെ ഇരട്ടലൈനുകളാക്കി പദ്ധതിയുടെ ഡി.പി.ആര്‍ മാറ്റാനാണ് കേന്ദ്രനിര്‍ദ്ദേശം. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അറസ്റ്റിലാവുന്നവര്‍ നശിപ്പിച്ച പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക ജാമ്യത്തിനായി കെട്ടിവയ്ക്കണം.

മഞ്ഞക്കല്ലൊന്നിന് 5000രൂപ വരെയാണ് ഈടാക്കുക. 200പേര്‍ക്ക് ഇതുവരെ സമന്‍സ് ലഭിച്ചു. അങ്കമാലിയില്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ച അഞ്ചുപേര്‍ക്ക് 25,000 രൂപ കെട്ടിവച്ചശേഷമാണ് ജാമ്യം അനുവദിച്ചത്. 5000മുതല്‍ 10,000വരെ പിഴയടയ്ക്കാന്‍ നിരവധി പേര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ച കേസുകള്‍ പിന്‍വലിക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ്.

സര്‍വേ നടത്തിയെന്ന കാരണത്താല്‍ വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും സഹകരണ രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ദേശസാത്കൃത ബാങ്കുകള്‍ക്ക് ഇത്തരം നിര്‍ദ്ദേശം ബാങ്കേഴ്‌സ് സമിതിയില്‍ നിന്ന് ലഭിച്ചിട്ടില്ല. പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറങ്ങുംവരെ ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കാനും ഇടയില്ല.