- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടു; മൊബൈല്‍ വെളിച്ചത്തില്‍ ബ്ലൈഡും സ്ട്രോയും ഉപയോഗിച്ച് റോഡരികിലെ ആ ശസ്ത്രക്രിയ ആ പ്രതിസന്ധി മാറ്റി; പക്ഷേ ആശുപത്രിയിലെ ഹൃദയാഘാതം വിനയായി; കൊല്ലത്തുകാരന് ലിനുവിന് അന്ത്യം; ആ മൂന്ന് ഡോക്ടര്‍മാര്‍ വേദനയില്‍
കൊച്ചി: എറണാകുളം ഉദയംപേരൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ്, ഡോക്ടര്‍മാര്‍ റോഡരികില്‍ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിക്കാന്‍ ശ്രമിച്ച ലിനു ഡെന്നിസ് മരണത്തിന് കീഴടങ്ങുമ്പോള്‍ നിറയുന്നത് വേദന. വഴിപോക്കരായ ഡോക്ടര്‍മാര്‍ സ്‌ട്രോയും ബ്ലേഡും ഉപയോഗിച്ച് നടത്തിയ സാഹസിക ചികിത്സയിലൂടെ ലിനുവിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് മരിച്ചു.
ഞായറാഴ്ച രാത്രി ഉദയംപേരൂര്‍ കവലയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ലിനുവിന് ഗുരുതരമായി പരിക്കേറ്റത്. ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വാസം നിലയ്ക്കാറായിരുന്നു. ഇത്തരത്തില്‍ ലിനുവിനെ കണ്ട വഴിയാത്രക്കാരായ മൂന്ന് ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍മാരായ തോമസ് പീറ്റര്‍, ദിദിയ തോമസ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ബി. മനൂപ് എന്നിവര്‍ അസാധാരണ രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരുടെ സഹായത്തോടെ റോഡരികില്‍ വെച്ച് ശ്വസനം പുനഃസ്ഥാപിച്ചു.
ആശുപത്രിയില്‍ എത്തിച്ച ലിനു കൈകാലുകള്‍ ചലിപ്പിച്ചു തുടങ്ങിയത് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയസ്തംഭനം ലിനുവിന്റെ ജീവനെടുത്തു. ആധുനിക സജ്ജീകരണങ്ങളില്ലാതെ ഡോക്ടര്‍മാര്‍ നടത്തിയ ആത്മസമര്‍പ്പണത്തോടെയുള്ള ചികിത്സാശ്രമം കൈയ്യടി നേടി. കൊല്ലം സ്വദേശിയായ ലിനുവിന്റെ ജീവന്‍ രക്ഷിക്കാന്‍ യുവഡോക്ടര്‍മാര്‍ നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയത് ശ്രദ്ധേയമായിരുന്നു.
കൊച്ചി ഉദയംപേരൂരില്‍ വച്ചാണ് അപകടമുണ്ടായത്. മൂന്നുപേര്‍ക്കായിരുന്നു അപകടത്തില്‍ പരിക്കേറ്റത്. അപകടത്തിലുണ്ടായ പരിക്കിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടതിനാലാണ് ലിനുവിന് അടിയന്തര ശസ്ത്രക്രിയ നല്‍കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ആവശ്യത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമല്ലാതിരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ സംഘടിപ്പിച്ചുനല്‍കിയ ബ്ലേയ്ഡും പേപ്പര്‍ സ്ട്രോയും ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
ആശുപത്രി ഡ്യൂട്ടിക്ക് ശേഷം ക്രിസ്മസ് ആഘോഷിക്കാനായി തെക്കന്‍ പറവൂരിലെ സെയ്ന്റ് ജോണ്‍സ് ദി ബാപ്റ്റിപസ് പള്ളിയിലേക്ക് പോകുകയായിരുന്നു ഡോക്ടര്‍ തോമസ് പീറ്ററും ഭാര്യ ദിദിയയും. പള്ളിയിലെത്തുന്നതിന് കുറച്ച് മുന്‍പായി അപകടത്തില്‍ പരക്കേറ്റ് കിടക്കുന്ന യുവാക്കളെ കണ്ടു. അതിലൊരാള്‍ ഗുരുതര പരിക്കുകളില്ലാതെ എഴുന്നേറ്റ് നില്‍ക്കുന്നുണ്ടായിരുന്നു. മറ്റൊരാളുടെ വായില്‍ നിന്ന് രക്തം വരുന്നുണ്ടെങ്കിലും സംസാരിക്കുന്നുണ്ടായിരുന്നു.
മൂന്നാമനായ ലിനുവിന്റെ അവസ്ഥ ഗുരുതരമായിരുന്നു. മുഖത്തും മറ്റും പരക്കേറ്റ് രക്തം വാര്‍ന്നുപോകുന്നുണ്ടായിരുന്നു. അയാളുടെ കഴുത്ത് ഒരാള്‍ പ്രത്യേക രീതിയില്‍ പിടിച്ചിരിക്കുന്നത് മാത്യുവും ദിദിയയും ശ്രദ്ധിച്ചു. പരിചരിക്കുന്ന രീതിയില്‍ നിന്ന് അതൊരു ഡോക്ടറാണെന്ന് ഇരുവര്‍ക്കും മനസിലായി. ആശുപത്രിയില്‍ എത്തുന്നതുവരെ യുവാവിന്റെ ജീവന്‍ നിലനില്‍ക്കില്ലെന്ന് മനസിലായതിനാല്‍ മൂന്ന് ഡോക്ടര്‍മാരും ചേര്‍ന്ന് റോഡരികില്‍ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
മൊബൈല്‍ വെളിച്ചത്തിലായിരുന്നു ശസ്ത്രക്രിയ. അടിയന്തര ഘട്ടത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.




