- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കളമശേരിക്കും അമ്പാട്ടുകാവിനും ഇടയില്‍ ട്രാക്കിലേക്ക് മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി; എറണാകുളം ഭാഗത്തേക്ക് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു; കോഴിക്കോട് അരീക്കാട് കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു ഗതാഗത തടസം
കളമശേരിക്കും അമ്പാട്ടുകാവിനും ഇടയില്‍ ട്രാക്കിലേക്ക് മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടി
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ കളമശേരിക്കും അമ്പാട്ടുകാവിനും ഇടയില്‍ റെയില്‍വെ ട്രാക്കില്‍ മരം ഒടിഞ്ഞുവീണു. റെയിവെ ട്രാക്കില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു. ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. രണ്ടു ഭാഗത്തേക്കും ഉള്ള ഇലക്ട്രിക് ലൈനുകള്‍ പൊട്ടി നിലത്ത് വീണു. ആല്‍ മരമാണ് മറിഞ്ഞു വീണത്.
പല ട്രെയിനുകളും അങ്കമാലി സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. നിലവില്‍ രണ്ട് ട്രെയിനുകളാണ് പിടിച്ചിട്ടിരിക്കുന്നത്. തിരുവനന്തപുരം കോട്ടയം റൂട്ടിലേക്കുള്ള ട്രെയിനുകള്‍ക്ക് കടന്നു പോകാന്‍ സാധിക്കില്ലെന്നാണ് വിവരം. രാത്രിയില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയില്ല എന്ന റെയില്‍വേ അറിയിച്ചു.
കോഴിക്കോടും കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു. ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് മേഖലയിലാണ് സംഭവം. മൂന്നുമരങ്ങളാണ് ശക്തമായ കാറ്റില്‍ ട്രാക്കിലേക്ക് വീണത്. സമീപത്തെ വീടിന്റെ മേല്‍ക്കൂരയായി പാകിയ ഷീറ്റും കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
നിലവില്‍ ഇവിടെ ഒരു ട്രാക്കിലൂടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. തിരുവനന്തപുരം -മംഗലാപുരം എക്സ്പ്രസ് കടത്തിവിട്ടു. മൂന്ന് മണിക്കൂറിന് ശേഷമാണ് ഗതാഗതം ഭാഗികമായിപുനഃസ്ഥാപിച്ചത്. നേരത്തെ തിരുവല്ല ചങ്ങനാശേരി പാതയിലും തൃശൂര്‍ ഗുരുവായൂര്‍ പാതയിലും തിരുവനന്തപുരം ഇടവ പാതയിലും മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. ഈ പാതകളിലെ എല്ലാ തടസ്സങ്ങളും നീക്കിയതായും ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചതായും അധികൃതര്‍ പിന്നീട് അറിയിച്ചു.
ഇന്ന് രാവിലെ 6.30ഓടെ പൂങ്കുന്നം ഗുരുവായൂര്‍ ലൈനിലാണ് ആദ്യം മരം വീണ് ഗതാഗതം തടസപ്പെട്ടത്. മരം വീണതിനെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിന്‍ ഗതാഗതം വൈകിയിരുന്നു. 16328 ഗുരുവായൂര്‍ മധുരൈ എക്‌സ്പ്രസ്, 56313 ഗുരുവായൂര്‍ എറണാകുളം സൗത്ത് പാസഞ്ചര്‍, 16127 ചെന്നൈ എഗ്മൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്, 56314 എറണാകുളം സൗത്ത് ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവയാണ് വൈകിയത്.
തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്‍പിലേക്ക് തേക്ക് വീണതായിരുന്നു മറ്റൊരു സംഭവം. രാവിലെ 10.10ന് തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ വിട്ട വേളാങ്കണ്ണി എറണാകുളം എക്‌സ്പ്രസ് ട്രെയിനിനു മുന്‍പിലേക്കാണ് മരം വീണത്. ട്രെയിന്‍ നിര്‍ത്തിയിട്ട ശേഷം മരം മുറിച്ചുമാറ്റി. ഇവിടെയും ട്രെയിന്‍ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. തിരുവനന്തപുരത്ത് ഇടവയ്ക്കും കാപ്പിലിനും ഇടയില്‍ തെങ്ങ് ട്രാക്കില്‍ വീണാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. രാവിലെ 11.30യോടെയായിരുന്നു സംഭവം. റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി മരം മുറിച്ചുമാറ്റി. ഇവിടെയും ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. മാറാത്തവാഡക്ക് മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. മേയ് 27 ഓടെ മധ്യ പടിഞ്ഞാറന്‍ - വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുമുണ്ട്. ഇന്ന് ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും 26 മുതല്‍ 30 വരെ അതിശക്തമായ മഴയ്ക്കും സാധ്യതുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.
കോഴിക്കോട് ജില്ലയില്‍ അതിതീവ്ര മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്ക് മെയ് 27ന് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വയനാട്, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്.
കനത്ത മഴയില്‍ കോഴിക്കോട് ഭാഗികമായി തകര്‍ന്നത് 100 ല്‍ അധികം വീടുകളാണ്. ഇന്ന് മാത്രം ഭാഗികമായി തകര്‍ന്നത് 60 വീടുകള്‍. മൂന്ന് ക്യാംപുകളിലായി 88 പേരുണ്ട്. വിവിധ ഭാഗങ്ങളിലായി 5.8 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക കണക്ക്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ സാഹചര്യം ആണെന്നാണ് കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചത്.