തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വളരെ നേരത്തെ എത്തി ഇരുന്നത് ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് ചാകരയായി. രാഷ്ട്രീയ നേതാക്കളും ട്രോളുകളുമായി രംഗത്തെത്തി. 'എനിക്ക് രാവിലെ 8 മണിക്ക് തന്നെ വരാനുമരിയാം, നാണം കെട്ട് സ്റ്റേജില്‍ ഒറ്റക്ക് ഇരിക്കാനുമരിയാം. എനിക്ക് മുതിര...മുതിരാവാക്യം വിലിക്കാനുമരിയാം, വിവരക്കേടുകള്‍ പരയാനുമരിയാം' എന്നാണ് വി ടി ബല്‍റാമിന്റെ കുറിപ്പ്.




ഞങ്ങള്‍ക്ക് കുമ്മനടിക്കാനും അറിയാം , കുമ്മനടിക്ക് ശേഷം അവതരിപ്പിക്കുന്നത് ചന്ദ്രഹാസം, അല്‍പ്പന്‍മാരുടെ സദസ് വിഴിഞ്ഞത്തിന്റെ ശോഭകെടുത്തി എന്നൊക്കെയാണ് കമന്റുകള്‍. വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ പുലിവാല്‍ കല്യാണം സിനിമയിലെ ജഗതി ഇരിക്കുന്ന തരത്തിലുള്ള ട്രോളുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.




രാജീവ് ചന്ദ്രശേഖറിന് പദ്ധതിയുടെ സമര്‍പ്പണ വേദിയില്‍ ക്ഷണം ഉണ്ടായിരുന്നു. ഇത് പ്രകാരം അദ്ദേഹം നേരത്തെ വേദിയിലെത്തി ഇറുപ്പുറപ്പിച്ചു. ബിജെപി അണികള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചപ്പോള്‍ രാജീവും അതേറ്റു വിളിച്ചു. എന്നാല്‍, ഇത് കണ്ട മന്ത്രി മുഹമ്മദ് റിയാസ് രാജീവിനെ പരിഹസിച്ചു. ഏതാണ്ട് പത്തുമണിയോടെ തന്നെ രാജീവ് ചന്ദ്രശേഖര്‍ സ്ഥലത്തെത്തി വേദിയില്‍ ഇരുപ്പുറപ്പിച്ചു. ഈ സമയം വേദിയില്‍ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. സദസ്സിലിരുന്ന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ പലരും സദസ്സിലാണ് ഇരിക്കുന്നത്. എല്ലാവരും വേദിയില്‍ ഇരിക്കേണ്ടതില്ല. പക്ഷെ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസ്സിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് സര്‍ക്കാര്‍ പടിപാടിക്ക് ഇരിക്കുന്നത്. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അല്‍പ്പത്തരമല്ലേയെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.


പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇത്തരമൊരു അവസരം നല്‍കിയിട്ടുള്ളത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഇരിക്കുന്ന വ്യക്തിയെങ്കിലും ഇതില്‍ അല്പം മാന്യത കാണിക്കണ്ടേ. എന്നിട്ട് സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അല്പത്തരമല്ലേ. ഇതൊന്നും മലയാളി പൊറുക്കില്ല. ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് സ്വീകരിക്കുന്ന നിലപാടിന് ഉദാഹരണമാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ വേദിയിലിരുത്തിയതിലൂടെ പ്രകടമാകുന്നതെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

അതേസമയം മുഹമ്മദ് റിയാസിനെ പരിഹസിച്ചു കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നു. നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നാണ് രാഹുലിന്റെ പരിഹാസം.



പദ്ധതിയുടെ നടത്തിപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും അവഗണിക്കുന്ന സര്‍ക്കാര്‍ നയത്തെ പരിഹസിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വാക്കുകള്‍.





ഇതിനൊക്കെ പുറമേ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ കുത്തൊഴുക്കാണ്.