- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബദലുക്ക് ബദല്‍ താരിഫ് യുദ്ധവുമായി ട്രംപ് കച്ച മുറുക്കുമ്പോള്‍ ഏറ്റവും ഉറക്കം നഷ്ടപ്പെടുന്നത് ഇന്ത്യയുടെ; സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ എന്ന യുഎസ് തീരുമാനവും ഇരുട്ടടി; മോദിയുടെ വാഷിങ്ടണ്‍ സന്ദര്‍ശന പശ്ചാത്തലത്തില്‍ 30 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇളവ് വരും; തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ ഇടിവ്
ട്രംപ് കച്ച മുറുക്കുമ്പോള്‍ ഏറ്റവും ഉറക്കം നഷ്ടപ്പെടുന്നത് ഇന്ത്യയുടെ
ന്യൂഡല്‍ഹി: മിക്ക രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന വ്യാപാര യുദ്ധത്തിനാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തുടക്കമിട്ടിരിക്കുന്നത്. യു എസിലേക്കുള്ള എല്ലാ സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. റസിപ്രോക്കല്‍ താരിഫ് പ്രഖ്യാപിക്കുമെന്നും അത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങള്‍ ചുമത്തുന്ന താരിഫ് നിരക്കുകള്‍ക്ക് തുല്യമായി യു എസ് നികുതി ഈടാക്കുമെന്നും ഇത് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്നും ട്രംപ് വ്യക്തമാക്കി. യുഎസ് വാണിജ്യ നയത്തിലെ അനിശ്ചിതത്വവും, വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കൂടൊഴിയുന്നതും കൂടിയായതോടെ തുടര്‍ച്ചയായ അഞ്ചാംദിവസവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം നേരിട്ടു.
വ്യാപാര പങ്കാളികള്‍ക്ക് റസിപ്രോക്കല്‍ താരിഫ് അടിച്ചേല്‍പ്പിക്കാനുള്ള ട്രംപിന്റെ തീരുമാനം ഏറ്റവും അധികം ബാധിക്കുക ഇന്ത്യയെയും തായ്‌ലന്‍ഡിനെയും ആണെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി മുതല്‍ നോമുറ ഹോള്‍ഡിങ്‌സ് റിപ്പോര്‍ട്ട് വരെ പറയുന്നു. ഇന്ത്യയും, തായ്‌ലന്‍ഡും വേറിട്ട് നില്‍ക്കാന്‍ കാരണം ഈ രണ്ടുഏഷ്യന്‍ രാജ്യങ്ങളും യുഎസിന്റെ മേല്‍ ചുമത്തുന്ന താരിഫ് ആ രാജ്യം ചുമത്തുന്ന താരിഫിന്റെ ശരാശരിക്കും വളരെ മുകളിലാണ്. ഏതൊക്കെ രാജ്യങ്ങള്‍ക്ക് എന്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരമുള്ള താരിഫ് ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയുടെ വളരെ വലിയ താരിഫുകള്‍ ഇറക്കുമതിയെ തടസ്സപ്പെടുത്തുന്ന തരത്തിലാണെന്ന് ട്രംപിന്റെ മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസെറ്റ് മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി സി എന്‍ ബി സിയോട് പറഞ്ഞു. ഇന്ത്യയുടെ ഉയര്‍ന്ന താരിഫിനെ ട്രംപ് നേരത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇലക്രോണിക്‌സ്, മെഡിക്കല്‍ എക്വിപ്‌മെന്റ് മേഖലകളില്‍ താരിഫുകള്‍ ഇന്ത്യ വെട്ടിക്കുറയ്ക്കുകയാണ്.
സ്റ്റീല്‍ ഇറക്കുമതിക്ക് അധിക തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കം ഇന്ത്യയെയും ബാധിക്കുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് മുന്നറിയിപ്പ് നല്‍കി. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍- സെപ്തംബര്‍ കാലയളവില്‍ ഇന്ത്യയുടെ സ്റ്റീല്‍ ഇറക്കുമതി 5.51 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.66 ദശലക്ഷം ടണ്‍ ആയിരുന്നു.
താരിഫ് കുറയ്ക്കാന്‍ ഇന്ത്യ
അമേരിക്കയുടെ 30 ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ കുറയ്ക്കുമെന്നാണ് സൂചന. മോദിയുടെ യുഎസ് സന്ദര്‍ശന പശ്ചാത്തലത്തില്‍, അമേരിക്കയുമായി വ്യാപാരയുദ്ധത്തിന് ഇന്ത്യ നില്‍ക്കില്ല. നേരത്തെ കേന്ദ്ര ബജറ്റില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇലക്ട്രോണിക്‌സ് ഉല്പന്നങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് ബജറ്റ് തീരുമാനം. അധികം വൈകാതെ കൂടുതല്‍ ഉല്പന്നങ്ങള്‍ക്കു കൂടി ഇളവ് നല്‍കാനാണ് ഇന്ത്യയുടെ നീക്കം. വാഹനങ്ങള്‍, സോളാര്‍ ബാറ്ററികള്‍, മറ്റു രാസവസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതി തീരുവ കൂടി ഇന്ത്യ കുറച്ചേക്കും.
ഇതിന് പുറമേ അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഇന്ത്യ നീക്കം നടത്തുന്നുണ്ട്. പ്രതിരോധ ഉത്പന്നങ്ങള്‍, ദ്രവീകൃത പ്രകൃതിവാതകം തുടങ്ങിയവയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് കൂടുതലായി ഇറക്കുമതി നടത്താന്‍ ആലോചിക്കുന്നത്. ഇന്ത്യ അമേരിക്കയുടെ വാഹനങ്ങള്‍ക്ക് 25 ശതമാനം തീരുവയാണ് ചുമത്തുന്നത്. അമേരിക്കയും സമാനമായ നീക്കം നടത്തിയാല്‍ അത് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളെ ബാധിക്കും. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 18% വും അമേരിക്കയിലേക്കാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.2ശതമാനം വരും ഇത്. യന്ത്രങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ,് ഇന്ധനം, ഇരുമ്പ,് സ്റ്റീല്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍, കെമിക്കലുകള്‍ എന്നിവയാണ് മുഖ്യകയറ്റുമതി.
ഓഹരി വിപണിയില്‍ നഷ്ടം
തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിനിടെ സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 23,000 ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഇരു വിപണികളും ഇന്ന് 1.5 ശതമാനമാണ് ഇടിഞ്ഞത്. ഇടത്തരം, ചെറുകിട ഓഹരികളില്‍ ഉണ്ടായ ഇടിവാണ് വിപണിയില്‍ പ്രതിഫലിച്ചത്.
അമേരിക്കയുടെ വ്യാപാര താരിഫ് ഭീഷണി, വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, കമ്പനികളുടെ മോശം മൂന്നാം പാദ ഫലം എന്നിവയാണ് വിപണിയെ സ്വാധീനിക്കുന്നത്. അമേരിക്ക അലുമിനിയത്തിന്റെ ഇറക്കുമതി താരിഫ് 25 ശതമാനമായി ഉയര്‍ത്തിയതും സ്റ്റീല്‍ ഇറക്കുമതിയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം താരിഫ് പുനഃസ്ഥാപിച്ചതുമാണ് വിപണിയെ പ്രധാനമായി ബാധിച്ചത്. അപ്പോളോ ഹോസ്പിറ്റല്‍, ശ്രീറാം ഫിനാന്‍സ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട കമ്പനികള്‍.
ഇതിന് പുറമേ ഡോളറിനെതിരെ രൂപ വീണ്ടും ദുര്‍ബലമായതും വിപണിയില്‍ പ്രതിഫലിച്ചു. ഇന്നലെ വ്യാപാരത്തിനിടെ ഒരു ഡോളറിന് 88 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. ഈ മാസം ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് 12,643 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.