- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടെ നിന്നാണ് പാക്കിസ്ഥാന് ഇത്രയും ഡ്രോണുകള്‍? പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കാതിരിക്കുകയും, പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളെന്ന് വിശേഷിപ്പിച്ച് കണ്ണീരൊഴുക്കുകയും ചെയ്ത തുര്‍ക്കിയുടെ ഉര്‍ദുഗാന്റെ സമ്മാനം; 'സഹോദര രാഷ്ട്രത്തിന്റെ' ഭീകരവാദത്തെ പച്ചയായി ന്യായീകരിക്കുന്ന തുര്‍ക്കിയെ നോട്ടമിട്ട് ഇന്ത്യ
എവിടെ നിന്നാണ് പാക്കിസ്ഥാന് ഇത്രയും ഡ്രോണുകള്‍?
ന്യൂഡല്‍ഹി: പട്ടിണിയും പരിവട്ടവും ആണെങ്കിലും പാക്കിസ്ഥാന് എവിടുന്നാണ് ഇത്രയും ഡ്രോണുകള്‍? ആരാണ് ഇത്രയും കയ്യയച്ച് ഈ 'തെമ്മാടി രാഷ്ട്രത്തെ' സഹായിച്ചത്? 'തകര്‍ന്നുവീണ ഡ്രോണുകള്‍ പ്രാഥമിക പരിശോധനയില്‍ തുര്‍ക്കി അസിസ്ഗാര്‍ഡ് സോങ്ഗാര്‍ ഡ്രോണുകളാണ്', കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച മാത്രം ഏകദേശം 300-400 ഡ്രോണുകള്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ നഗരങ്ങളെ ലാക്കാക്കി തൊടുത്തുവിട്ടത്. ഇവയെല്ലാം തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളാണ്.
ലഡക്കിലെ ലേ മുതല്‍ ഗുജറാത്തിലെ സര്‍കീക്ക് വരെ 36 ഇടങ്ങളില്‍ ഈ ഡ്രോണുകള്‍ തൊടുത്തുവിട്ട് ആക്രമിച്ചിരുന്നു. ഇവയെല്ലാം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇന്ത്യന്‍സേന നിര്‍വീര്യമാക്കുകയും ചെയ്തു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിക്കുകയോ, ഇരകളുടെ കുടുംബങ്ങള്‍ക്ക് അനുശോചന സന്ദേശം അയയ്ക്കാനോ തയ്യാറാവാത്ത തുര്‍ക്കി പാക്കിസ്ഥാനെ പൂര്‍ണമായി പിന്തുണയ്ക്കുകയായിരുന്നു.
തുര്‍ക്കിയുടെ ഈ നിലപാട് വലിയ സംശയങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. ആ രാജ്യം പാക്കിസ്ഥാനിലെ ഭീകരവാദത്തെയും, ഭീകരരെയും പിന്തുണയ്ക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. തുര്‍ക്കിയുടെ സംശയം ഉണര്‍ത്തുന്ന ചില നിലപാടുകള്‍ ഇങ്ങനെ:
തുര്‍ക്കി ദീര്‍ഘകാലമായി പാക്കിസ്ഥാനെ ധാര്‍മ്മികമായും സാമ്പത്തികമായും പിന്തുണയ്ക്കുന്നു. ദ്വിരാഷ്ട്ര വാദത്തില്‍ പാക്കിസ്ഥാന്റെ വര്‍ഗ്ഗീയ ആഖ്യാനത്തെയും കശ്മീര്‍ വാദത്തെയും ഒക്കെ തുര്‍ക്കി ശക്തമായി പിന്തുണയ്ക്കുന്നു.
പഹല്‍ഗാം ഭീകരാക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി( പാക് പ്രധാനമന്ത്രിയെ ആ സമയത്ത് കണ്ട ഏകലോക നേതാവ്). തുര്‍ക്കിയുടെ കലവറയില്ലാത്ത പിന്തുണയ്ക്ക് ഷെഹബാസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പഹല്‍ഗാമിന് പിന്നാലെ ലോകം മുഴുവന്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോഴും സൈനിക ആയുധങ്ങള്‍ അയച്ച് പാക്കിസ്ഥാന്റെ ആയുധശേഖരം കൂട്ടുകയായിരുന്നു തുര്‍ക്കി.
തുര്‍ക്കി നിര്‍മ്മിതമായ ആയുധങ്ങളും സൈനിക ഉപകരണങ്ങളുമായി ആറ് തുര്‍ക്കിഷ് സൈനിക വിമാനങ്ങള്‍ എത്തിയിരുന്നു. തങ്ങളുടെ സി-130 വിമാനങ്ങള്‍ ഇസ്ലാമബാദില്‍ എത്തിയെന്ന് സമ്മതിച്ചെങ്കിലും അവയില്‍ ആയുധങ്ങള്‍ ആയിരുന്നുവെന്ന് സമ്മതിക്കാന്‍ തുര്‍ക്കി തയ്യാറായില്ല. ഇന്ധനം നിറയ്ക്കാന്‍ വേണ്ടിയാണ് വിമാനം ലാന്‍ഡ് ചെയ്തതെന്ന ന്യായവും പറഞ്ഞു.
ദിവസങ്ങള്‍ക്ക് ശേഷം തുര്‍ക്കി തങ്ങളുടെ നാവിക യുദ്ധകപ്പല്‍ ടി സി ജി ബൈക്കാഡയും 'സഹോദര രാഷ്ട്രത്തിന്' എത്തിച്ചുകൊടുത്തു. ഓപ്പറേഷന്‍ സിന്ദുറിന് ശേഷവും പാക്കിസ്ഥാനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ തയ്യാറായ ഏകരാജ്യം തുര്‍ക്കിയായിരുന്നു. പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകളെ ലാക്കാക്കിയുള്ള ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടവരെ നിരവധി പൗരന്മാരുടെ രക്തസാക്ഷിത്വം എന്നാണ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. പഹല്‍ഗാം ആക്രമണത്തെ അപലപിക്കാത്ത ഉര്‍ദുഗാന്‍ പാക്കിസ്ഥാനിലെ സഹോദരന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്ന് ഔദ്യോഗികമായി വിലയ്ക്ക് വാങ്ങിയത് 5.16 ദശലക്ഷം ഡോളറിന്റെ ആയുധങ്ങളും വെടിക്കോപ്പുകളുമാണ്. പാക്കിസ്ഥാന്റെ നിര്‍ണായക പ്രതിരോധ പങ്കാളിയായി തുര്‍ക്കി മാറിയിരിക്കുകയാണ്. അസിസ് ഗാര്‍ഡ് സോംഗാര്‍ ഡ്രോണുകളെ കൂടാതെ, ബെയ് രക്തര്‍ ടിബി2, അകിന്‍സി ഡ്രോണുകളും തുര്‍ക്കിയില്‍ നിന്ന് പാക്കിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. നാവികസേനയ്ക്കായി നാല് മില്‍ഗെം ക്ലാസ് കോര്‍വറ്റ്‌സില്‍ ( പി എന്‍ എസ് ഖൈബര്‍, പി എന്‍ എസ് ബാബുര്‍) രണ്ടെണ്ണം തുര്‍ക്കിയില്‍ നിര്‍മ്മിച്ച് വിതരണം ചെയ്തു. രണ്ടെണ്ണം കറാച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ചുവരുന്നു. പാക്കിസ്ഥാനും തുര്‍ക്കിയും തമ്മിലുള്ള ഈ അടുത്ത ബന്ധം ഇന്ത്യയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.