- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചതിച്ചത് ഗൂഗിള്‍ മാപ്പോ അതോ റോഡിനെ കുറിച്ചുള്ള പരിചയക്കുറവോ? കുമരകത്ത് കാര്‍ പുഴയില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി; മറ്റൊരാള്‍ മഹാരാഷ്ട്ര സ്വദേശിനിയും; വിശദമായ അന്വേഷണത്തിന് പോലീസ്
മറ്റൊരാള്‍ മഹാരാഷ്ട്ര സ്വദേശിനിയും; വിശദമായ അന്വേഷണത്തിന് പോലീസ്
കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച് തോട്ടില്‍ വീണ സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്. എളുപ്പവഴിയെന്ന് കാണിക്കുന്ന വഴിയില്‍ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും പരിചയക്കുറവാണ് വില്ലനായി മാറുന്നത്. ഇടവഴികളിലേക്ക് വാഹനം തിരിച്ചുമ്പോള്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്യാറ്. അത്തരം സംഭവമാണ് കുമരകത്തും കഴിഞ്ഞ ദിവസം ഉണ്ടായത്.
കുമരകത്ത് കാര്‍ പുഴയില്‍ വീണ് 2 പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോര്‍ജ് (48) ആണ് മരിച്ച മലയാളി. മഹാരാഷ്ട്ര സ്വദേശിനിയായ സയ്ലി രാജേന്ദ്ര സര്‍ജെ(27) ആണ് അപകടത്തില്‍ മരിച്ച രണ്ടാമത്തെ ആള്‍. ഇവരുടെ മൃത്‌ദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് വിധേയമാക്കും.
ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്ക് വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വീസ് റോഡ് വഴി പുഴയിലേക്ക് പതിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് മഴ ഉണ്ടായിരുന്നതും റോഡില്‍ തെരുവിളക്കുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതും അപകടത്തിന് കാരാണമായേക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശം പരിജയമില്ലാത്തവര്‍ ആയിരുന്നതിനാല്‍ ഗൂഗിള്‍ മാപ്പും ഇവരെ ചതിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. ആര്‍പ്പൂക്കര പഞ്ചായത്തിനും ടൂറിസം വകുപ്പിനുമെതിരെയാണ് നാട്ടുകാരുടെ ആരോപണം. ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായ പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും രാത്രിയായാല്‍ അപകടങ്ങള്‍ പതിവാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
ഹൗസ്ബോട്ടുകള്‍ സഞ്ചരിക്കുന്ന ഏറെ ആഴമുള്ള ആറ്റിലേക്കാണ് കാര്‍ മുങ്ങിത്താഴ്ന്നത്. മഴയും പ്രദേശത്തെ ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അരമണിക്കൂറിലേറെയുള്ള പ്രയത്നത്തിനൊടുവിലാണ് കാര്‍ ആറ്റില്‍നിന്ന് ഉയര്‍ത്തിയത്. കാറില്‍ കണ്ടെത്തിയ രണ്ടുപേരെയും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സ്ഥിരീകരിക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനാ സ്‌കൂബാ ടീമംഗങ്ങളും വടം ഉപയോഗിച്ച് കെട്ടിവലിച്ചാണ് കാര്‍ കരക്കെത്തിച്ചത്.