വാഷിങ്ടണ്‍: ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെയാണ്. അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാത്രിയോടെയാകും രാജ്യത്തിന്റെ നാല്‍പ്പത്തിയേഴാമത് പ്രസിഡന്റ് ആരാണ് എന്നത് പുറത്തുവരിക. ഭരണകക്ഷിയായ ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മത്സരിക്കുമ്പോള്‍ എതിരാളികളായ റിപബ്ളിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്നാം അങ്കത്തിനിറങ്ങുകയാണ്.

ആദ്യഘട്ടത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് വേണ്ടി നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയായിരുന്നു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

എന്നാല്‍ നിര്‍ണായകമായ ഇലക്ഷന്‍ സംവാദങ്ങളില്‍ പിന്നാക്കം പോയതോടെയാണ് ബൈഡന് പിന്മാറേണ്ടി വന്നത്. ഇതോടെ കമലാ ഹാരിസ് ആയി സ്ഥാനാര്‍ത്ഥി. ജയിച്ചാല്‍ അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റായി മാറും കമലാ ഹാരിസ്. ഇങ്ങനെ പലവിധ കാരണങ്ങളാല്‍ സവിശേഷമാണ് ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പുകള്‍ക്കൊന്നിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്.ലോകത്തിലെ ഏറ്റവും കരുത്തനായ വ്യക്തിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് വിശേഷിപ്പിക്കപ്പെടുന്നത്. 47 ാമത് പ്രസിഡന്റിനെ അമേരിക്ക തെരഞ്ഞെടുക്കുമ്പോള്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ ചരിത്രവും പ്രത്യേകതകളും പരിശോധിക്കാം.

175 വര്‍ഷമായി ചൊവ്വാഴ്ചകളില്‍ മാത്രം നടക്കുന്ന തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ജനാധിപത്യ പ്രക്രിയകളില്‍ ഒന്നാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമ്പ്രദായം. സാധാരണ ജനങ്ങള്‍ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനു പകരം, ഇലക്ടറല്‍ കോളജ് എന്ന സംവിധാനത്തിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. 1789ലാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.

ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കേവലം 10 സംസ്ഥാനങ്ങളില്‍ നിന്നും 69 ഇലക്ടറര്‍മാരാണ് വോട്ട് ചെയ്തത്. 1788ലാണ് അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടന അംഗീകരിക്കപ്പെട്ടത്. ശേഷം ഒരു വര്‍ഷത്തിനകം തന്നെ തിരഞ്ഞെടുപ്പ് നടന്നു. 1788 സെപ്തംബര്‍ 13ന് ഇലക്ഷന്‍ ഓര്‍ഡിനന്‍സ് പാസായി. 1789 ജനുവരി ഏഴിനകം പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ ഉത്തരവായി. 1789 ഫെബ്രുവരി നാലിന് അമേരിക്ക തങ്ങളുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട വോട്ടിംഗ് ദിനമായി പ്രഖ്യാപിച്ചു.

പല സംസ്ഥാനങ്ങളും അന്ന് നിലവില്‍ വന്നിരുന്നെങ്കിലും അവ വിവിധ കാരണങ്ങളാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. നോര്‍ത്ത് കരോലിന, റോഡ് ഐലന്റ് എന്നീ സംസ്ഥാനങ്ങള്‍ അന്ന് അമേരിക്കന്‍ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കാത്തതിനാല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായില്ല. ന്യൂയോര്‍ക്ക് ആകട്ടെ അവിടെ ഭരണാധികാരികള്‍ തമ്മിലെ പോര് മുറുകിയത് കാരണം ജനുവരി ഏഴിനകം ഇലക്ട്രറര്‍മാരെ തിരഞ്ഞെടുത്തില്ല. ഇതോടെ അവര്‍ക്കും തിരഞ്ഞെടുപ്പില്‍ ചേരാനായില്ല. ഒടുവില്‍ പറഞ്ഞ ദിവസത്തിനകം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായത് കണക്ടികട്ട്, ഡെല്‍വെയര്‍, ജോര്‍ജിയ, മേറിലാന്റ്, മസാച്യുസെറ്റ്സ്, ന്യൂഹാംഷെയര്‍, ന്യൂജെഴ്‌സി, പെന്‍സില്‍വാനിയ, സൗത്ത് കരോലിന, വിര്‍ജീനിയ എന്നീ നാടുകള്‍ക്കാണ്.

ജോര്‍ജ് വാഷിംഗ്ടണ്‍, ജോണ്‍ ആഡംസ്, ജോണ്‍ ഹാന്‍കോക്ക്, ജോണ്‍ മില്‍ട്ടണ്‍, ജോര്‍ജ് ക്ളിന്റണ്‍ എന്നിവരായിരുന്നു മത്സരാര്‍ത്ഥികളില്‍ മുന്നില്‍.ഓരോ ഇലക്ട്രറര്‍മാര്‍ക്കും രണ്ട് വോട്ട് ചെയ്യാം.ഒന്ന് പ്രസിഡന്റിന്, മറ്റൊന്ന് വൈസ് പ്രസിഡന്റിന്.അതായത് ഏറ്റവുമധികം വോട്ട് കിട്ടുന്നയാള്‍ പ്രസിഡന്റും രണ്ടാമത്തെയാള്‍ വൈസ് പ്രസിഡന്റുമാകും എന്നതായിരുന്നു നിയമം.വോട്ട് രേഖപ്പെടുത്തിയ ശേഷം അവയെല്ലാം യുഎസ് കോണ്‍ഗ്രസിന് അയച്ചുകൊടുക്കും.അവിടെ സെനറ്റര്‍മാരുടെയും മറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ വോട്ടെണ്ണി വിജയിയെ തിരഞ്ഞെടുക്കും ഇതായിരുന്നു ആദ്യകാലത്തെ നടപടി.

അമേരിക്കയുടെ കോണ്ടിനെന്റല്‍ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായ ജോര്‍ജ് വാഷിംഗ്ടണ്‍ ആയിരുന്നു മത്സരാര്‍ത്ഥികളില്‍ മുന്നില്‍. ജനസമ്മതിയില്‍ മുന്നിലായിരുന്നെങ്കിലും വാഷിംഗ്ടണ്‍ സ്വയം തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചില്ല.എന്തിന് പറയുന്നു വോട്ട് തേടുകയോ പ്രസംഗിക്കുകയോ പോലും ചെയ്തില്ല. മാര്‍ച്ച് നാലിന് ഫലം പ്രഖ്യാപിക്കും എന്ന് പറഞ്ഞെങ്കിലും അന്ന് മതിയായത്ര അംഗബലമില്ലാത്തതിനാല്‍ വോട്ടെണ്ണല്‍ ആറിലേക്ക് മാറ്റി. ഫലം വന്നപ്പോള്‍ 69 വോട്ടുകളും നേടി ജോര്‍ജ് വാഷിംഗ്ടണ്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചു.



34 വോട്ട് നേടി ജോണ്‍ ആഡംസ് വൈസ് പ്രസിഡന്റായി.1789 ഏപ്രില്‍ 30ന് ബൈബിള്‍ തൊട്ട് സത്യംചെയ്ത് അദ്ദേഹം അമേരിക്കയുടെ ആദ്യ പ്രസിഡന്റായി.ഇതാണ് അമേരിക്കയുടെ ആദ്യ തെരഞ്ഞെടുപ്പ് ചരിത്രം.തുടര്‍ന്ന് 1845 ലാണ് ചൊവ്വാഴ്ച ദിവസം തിരഞ്ഞെടുപ്പ് എന്നത് നിയമമായത്.അതായത് നവംബറിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷം വരുന്ന ചൊവ്വാഴ്ചയായി നിശ്ചയിച്ച രീതിയാണ് ഇന്നും തുടരുന്നത്. നവംബര്‍ ഒന്ന് ചൊവ്വാഴ്ചയായാല്‍ എട്ടിനെ തിരഞ്ഞെടുപ്പ് നടക്കൂ.എന്തുകൊണ്ട് ചൊവ്വാഴ്ച തിരഞ്ഞെടുത്തുവെന്നതിന് പല വ്യാഖ്യാനങ്ങളുണ്ടെങ്കിലും കൃത്യമായ വിശദീകരണം ചരിത്രത്തിലില്ല.

ഇങ്ങനെ കഴിഞ്ഞ 175 വര്‍ഷമായി ചൊവ്വാഴ്ചയാണ് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. പലരാജ്യങ്ങളിലും ആഴ്ചയവസാനം ശനിയോ ഞായറാഴ്ചയോ തിരഞ്ഞെടുപ്പ് നടത്തുന്ന പതിവുണ്ട്. അമേരിക്ക ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് 1776 ജൂലായ് നാലിനായിരുന്നു. അക്കാലത്ത് ആറ് മാസം വരെ നീണ്ടു തിരഞ്ഞെടുപ്പ്.1840 ലെ തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം അരങ്ങേറി. തുടര്‍ന്ന് 1844 ലില്‍ ഒറ്റ ദിവസമാക്കി തിരഞ്ഞെടുപ്പ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാത്രമല്ല.. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വരെ വമ്പന്‍ പ്രക്രിയ

ഇന്ത്യക്ക് രാഷ്ട്രത്തലവനും ഭരണത്തലവനും രാഷ്ട്രപതിയും പ്രധാനമന്ത്രിയുമാണെങ്കില്‍ യു.എസ്സില്‍ ഇത് രണ്ടും പ്രസിഡന്റാണ്. അധികാരത്തിന്റെ ഏറ്റവും പരമോന്നത സ്ഥാനം എന്നുപറയാം.അമേരിക്കന്‍ പ്രസിഡന്റാകാനുള്ള യോഗ്യതയ്ക്ക് 35 വയസ്സെങ്കിലും പ്രായമുണ്ടാകണം. അമേരിക്കന്‍ വംശജനായിരിക്കണം. 14 വര്‍ഷമെങ്കിലും അമേരിക്കയില്‍ താമസക്കാരനായിരുന്നിരിക്കണം തുടങ്ങിയവയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള യോഗ്യതകള്‍.നാല് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.

അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ തന്നെ ഒരു വര്‍ഷം നീളുന്നതാണ്.മാസങ്ങള്‍ നീളുന്ന തയ്യാറെടുപ്പ്.കണ്‍വെന്‍ഷനുകള്‍, സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള സംവാദങ്ങള്‍,അഭിപ്രായസര്‍വെ അങ്ങനെ വലിയൊരു ഘട്ടം കടന്നാണ് വോട്ടെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നത്.വോട്ടിങ് തീയതിക്ക് മാസങ്ങള്‍ക്ക് മുന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റുകളും.റാലികളും ഫണ്ട് റെയ്‌സിങ്ങുമായി പ്രചാരണം കൊഴുപ്പിക്കും.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിലുമുണ്ട് പ്രത്യേകതകള്‍.പ്രൈമറി, കോക്കസ് എന്നീ രണ്ട് രീതിയിലൂടെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്.അതായത് ഓരോ പാര്‍ട്ടിക്കാരനും പൊതുതിരഞ്ഞെടുപ്പില്‍ തങ്ങളെ പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പാണിത്. പ്രൈമറിയില്‍ പാര്‍ട്ടിയംഗങ്ങള്‍ക്കിടയില്‍ രഹസ്യബാലറ്റിലൂടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ കണ്ടെത്തും.കോക്കസിലും രഹസ്യബാലറ്റാകും.ചിലപ്പോള്‍ അതില്‍ പങ്കെടുക്കുന്നവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് അവര്‍ പിന്തുണക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യും.എല്ലാ സംസ്ഥാനങ്ങളും തിരഞ്ഞെടുപ്പിന് ആറും ഏഴും മാസം മുന്നെ പ്രൈമറികള്‍ നടത്തും.




പ്രതിനിധികളില്‍ കൂടുതല്‍ പേരുടെ പിന്തുണ കിട്ടുന്നയാളാകും രണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥിയാകുക.നാഷണല്‍ കണ്‍വെന്‍ഷനിലാകും സ്ഥാനാര്‍ത്ഥി ആരെന്ന്ത് സംബന്ധിച്ച തീരുമാനമുണ്ടാകുക.ഈ കണ്‍വന്‍ഷനിലാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയേയും നിശ്ചയിക്കുക.ഇന്ത്യയില്‍ ലോക്‌സഭ രാജ്യസഭ എന്ന് പറയുംപോലെയാണ് അമേരിക്കയില്‍ ജനപ്രതിനിധി സഭ അഥവ (ഹൗസ് ഓഫ് റെപ്രസന്ററ്റീവ്‌സും) ഉപരിസഭ അല്ലെങ്കില്‍ സെനറ്റുമുള്ളത്. 435 അംഗങ്ങളാണ് ജനപ്രതിനിധി സഭയിലുള്ളത്.രണ്ട് വര്‍ഷമാണ് ഈ ജനപ്രതിനിധ സഭയിലെ അംഗങ്ങളുടെ കാലാവധി.എന്നാല്‍ സെനറ്റ് അംഗങ്ങള്‍ക്ക് ആറ് വര്‍ഷമാണ് കാലാവധി.

യുണൈറ്റഡ് സ്റ്റേറ്റസ് ഓഫ് അമേരിക്കയില്‍ ആകെ 50 സ്റ്റേറുകളാണുള്ളത്.അതില്‍ 43 സംസ്ഥാനങ്ങളും പരമ്പരാഗതമായി ഇതില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്.പൊതുവെ സ്വിങ് സ്റ്റേറ്റുകള്‍ എന്നറിയപ്പെടുന്ന ബാക്കി ഏഴ് സംസ്ഥാനങ്ങള്‍ രണ്ട് കൂട്ടരേയും മാറിമാറി തുണച്ചിട്ടുണ്ട്.യഥാര്‍ഥത്തില്‍ ഈ ഏഴ് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുന്നത്.ഈ സംസ്ഥാനങ്ങളില്‍ കൂടുതലും നേടുന്ന പാര്‍ട്ടി ജയിക്കുമെന്നതാണ് മുന്‍കാല ചരിത്രം.

ഇലക്ട്രല്‍ കോളേജും തിരഞ്ഞെടുപ്പ് രീതിയും പരമ്പരാഗത പാര്‍ട്ടികളും

ഇന്ത്യയിലേത് പോലെയുള്ള തെരഞ്ഞെടുപ്പ് രീതിയേ അല്ല അമേരിക്കയിലേത്. ഇലക്ടറല്‍ കോളജ് എന്ന സംവിധാനത്തിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍ കോളജില്‍ ആകെ 538 വോട്ടുകളാണുള്ളത്.ഈ സംഖ്യ നിര്‍ണയിച്ചിരിക്കുന്നത് യുഎസ് കോണ്‍ഗ്രസിലെ ആകെ അംഗങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ്. പ്രതിനിധിസഭയിലെ 435 അംഗങ്ങള്‍, സെനറ്റിലെ 100 അംഗങ്ങള്‍, കൂടാതെ ഡിസ്ട്രിക്ട് ഓഫ് കൊളംബിയക്ക് നല്‍കിയിരിക്കുന്ന മൂന്ന് വോട്ടുകളും ചേര്‍ന്നാണ് ഈ 538 എന്ന സംഖ്യ രൂപപ്പെടുന്നത്.

സാധാരണ വോട്ടര്‍മാര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ കാണുന്നത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ്. ഇലക്ടര്‍മാരുടെ പേരുകള്‍ ബാലറ്റില്‍ ഉണ്ടാകില്ല. എന്നാല്‍ വോട്ടര്‍മാര്‍ ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ആ സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടി നിയോഗിച്ച ഇലക്ടര്‍മാരയാണ് തെരഞ്ഞടുക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഓരോരുത്തരും പ്രസിഡന്റിന് വോട്ട് ചെയ്യും. അതില്‍ 270 വോട്ട് കിട്ടുന്നയാള്‍ പ്രസിഡന്റായി ജയിച്ച് വൈറ്റ് ഹൗസിലെത്തും. സാങ്കേതികമായി പറഞ്ഞാല്‍ 270 ഇലക്ടറല്‍ കോളജ് അംഗങ്ങളുടെ വോട്ട് ഉറപ്പാക്കുന്ന സ്ഥാനാര്‍ഥിയാണ് അമേരിക്കന്‍ പ്രസിഡന്റ് ആയി മാറുന്നത്. ഇതാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് രീതി.

അതായത് ജനങ്ങള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്യുന്നതെങ്കിലും അവര്‍ പക്ഷെ തിരഞ്ഞെടുക്കുന്നത് തങ്ങളുടെ സംസ്ഥാനത്തെ ഇലക്ടറല്‍ കോളജ് പ്രതിനിധികളെയാണ്. ഓരോ സംസ്ഥാനത്തിനും അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കും. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കാലിഫോര്‍ണിയക്ക് 55 വോട്ടുകളാണുള്ളത്. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ക്ക് മൂന്ന് വോട്ടുകള്‍ വീതം ലഭിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും 'വിന്നര്‍-ടേക്ക്-ഓള്‍' എന്ന സമ്പ്രദായമാണ് നിലവിലുള്ളത്. ഉദാഹരണത്തിന്, ഫ്ലോറിഡ സംസ്ഥാനത്തിന് 29 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. ഒരു സ്ഥാനാര്‍ത്ഥിക്ക് 51 ശതമാനം ജനകീയ വോട്ട് ലഭിച്ചാലും മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് 49 ശതമാനം ലഭിച്ചാലും വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് 29 ഇലക്ടറല്‍ വോട്ടുകളും ലഭിക്കും. രണ്ടാം സ്ഥാനക്കാരന് ഒന്നും കിട്ടുകയുമില്ല.

എന്നാല്‍ നെബ്രാസ്‌ക, മെയ്ന്‍ എന്നീ സംസ്ഥാനങ്ങള്‍ മാത്രം വ്യത്യസ്തമായ പ്രൊപ്പോര്‍ഷണല്‍ സമ്പ്രദായം പിന്തുടരുന്നു. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജില്ലകള്‍ അടിസ്ഥാനമാക്കിയാണ് ഇലക്ടറല്‍ വോട്ടുകള്‍ വിതരണം ചെയ്യുന്നത്. ഉദാഹരണത്തിന്, നെബ്രാസ്‌കയ്ക്ക് അഞ്ച് ഇലക്ടറല്‍ വോട്ടുകളാണുള്ളത്. ഇതില്‍ രണ്ട് വോട്ടുകള്‍ (സെനറ്റ് സീറ്റുകള്‍ക്ക് അനുസൃതമായി) സംസ്ഥാന തലത്തില്‍ ജനകീയ വോട്ടില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ലഭിക്കും. ബാക്കി മൂന്ന് വോട്ടുകള്‍ മൂന്ന് കോണ്‍ഗ്രസ് ജില്ലകളിലെ വിജയികള്‍ക്ക് വീതം ലഭിക്കും.

ഡെമോക്രാറ്റുകള്‍ അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍സ് എന്നീ രണ്ടു പാര്‍ട്ടികളാണ് വര്‍ഷങ്ങളായിട്ട് അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ചിത്രം. 1854-ലിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാപിതമായത്. പാര്‍ട്ടിയുടെ ചിഹ്നം ആന. നിറം ചുവപ്പ്. തികഞ്ഞ യാഥാസ്ഥിതികരും ദേശീയവാദികളുമാണ് റിപ്പബ്ലിക്കന്‍സ്. 1792 ല്‍ സ്ഥാപിതമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചിഹ്നം കഴുതയാണ്. നീല നിറവും. പൊതുവേ പുരോഗമനപരമായ നിലപാടുകളും എല്ലാ വംശജരേയും ഉള്‍ക്കൊള്ളുന്ന സമീപനവും കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനുള്ള നടപടികളെ ഒക്കെ പിന്തുണക്കുന്നവരുമാണ് ഡെമോക്രാറ്റുകള്‍.



270 ഇലക്ടറല്‍ കോളേജ് നേടിയില്ലെങ്കില്‍! ഡഡ്ലോക്കിനെ അറിയാം

ഒരു സ്ഥാനാര്‍ത്ഥിക്കും വ്യക്തമായ 270 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ നേടാന്‍ കഴിയാത്ത സാഹചര്യത്തെയാണ് ഡെഡ്‌ലോക്ക് എന്നറിയപ്പെടുന്നത്. ഇങ്ങനെ സംഭവിച്ചാല്‍, യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് ആണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. ഇവിടെ ഓരോ സംസ്ഥാനത്തിനും ഒരു വോട്ട് വീതമാണുള്ളത്. അമ്പത് വോട്ടുകളില്‍ കുറഞ്ഞത് 26 എണ്ണം നേടുന്ന സ്ഥാനാര്‍ത്ഥി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും.

അതേസമയം, സെനറ്റ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഇങ്ങനെ തെരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകാവുന്ന ഒരു രസകരമായ സാഹചര്യം പ്രസിഡന്റും വൈസ് പ്രസിഡന്റും ഒരേ പാര്‍ട്ടിക്കാരായിക്കൊള്ളണമെന്നില്ല എന്നതാണ്.അമേരിക്കന്‍ ചരിത്രത്തില്‍ നിരവധി തവണ ഡെഡ്‌ലോക്ക് സാഹചര്യം ഉണ്ടായിട്ടുണ്ട്. 1800-ല്‍ തോമസ് ജെഫേഴ്സണും ആരണ്‍ ബര്‍റും തമ്മില്‍, 1824-ല്‍ ജോണ്‍ ക്വിന്‍സി ആഡംസും ആന്‍ഡ്രൂ ജാക്സണും തമ്മില്‍, 1876-ല്‍ റുഥര്‍ഫോര്‍ഡ് ബി. ഹെയ്സും സാമുവല്‍ ടില്‍ഡനും തമ്മില്‍, 2000-ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷും അല്‍ ഗോറും തമ്മിലും നടന്ന തെരഞ്ഞെടുപ്പുകള്‍ ഇതിന് ഉദാഹരണങ്ങളാണ്.

ബൈഡന്റെ പിന്മാറ്റം കമലയ്ക്ക് ലോട്ടറിയാകുമോ..ട്രംപ് ഒരിക്കല്‍ കൂടി വിജയക്കൊടി പാറിക്കുമോ?

ഒട്ടനവധി അപ്രതീക്ഷിത സംഭവവികാസങ്ങളും പോരുകളുമൊക്കെ കണ്ട 47 ാത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാളെ വിധിയെഴുത്താണ്.ഇംപീച്ച്‌മെന്റ് നടപടികള്‍ അടക്കം നേരിട്ട് ട്രംപ് ഒരു വട്ടം കൂടി പ്രസിഡന്റ് പദത്തിലേറുമോ അതോ കമല ഹാരിസ് ചരിത്രം കുറിച്ച് അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകുമോ എന്നിങ്ങനെ ഇത്തവണയും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് സവിശേഷതകള്‍ ഏറെയാണ്.

പതിവുപോലെ ഇത്തവണയും ഡൊണള്‍ഡ് ട്രംപിന്റെയും കമല ഹാരിസിന്റെയും വിധി നിര്‍ണയിക്കുക സ്വിങ് സ്റ്റേറ്റുകള്‍ തന്നെയാകും. സ്വിങ് സ്റ്റേറ്റുകളായി അറിയപ്പെടുന്നത് പെന്‍സില്‍വാനിയ(19), വിസ്‌കോണ്‍സിന്‍(10), നോര്‍ത്ത് കരോലിന(16), ജോര്‍ജിയ(16), മിഷിഗണ്‍(15), അരിസോണ(11), നേവഡ(6) എന്നീ സംസ്ഥാനങ്ങളാണ്.93 സീറ്റുകളാണ് ഈ ഏഴ് സംസ്ഥാനങ്ങളിലായുള്ളത്.ഒരു പാര്‍ട്ടിക്കൊപ്പവും കൃത്യമായി നിലയുറപ്പിക്കാതെ ഓരോ തിരഞ്ഞെടുപ്പിലും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന ഈ മാറ്റമാണ് അന്തിമവിധി നിര്‍ണയിക്കുക.

ഏറ്റവും പുതിയ സര്‍വ്വേഫലം പ്രകാരം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഏഴ് സ്വിംഗ് സ്റ്റേറ്റുകളില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെക്കാള്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിട്ട് നില്‍ക്കുന്നു എന്ന് സര്‍വ്വേ.അറ്റ്‌ലസ് ഇന്റലിന്റെ പുതിയ വോട്ടെടുപ്പ് സര്‍വേയിലാണ് ഈ അവകാശ വാദം.നോര്‍ത്ത് കരോലിന, ജോര്‍ജിയ, അരിസോണ, നെവാഡ, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലാണ് ട്രംപ് വിജയിക്കുന്നതിന് അനുകൂലമായി ഫലങ്ങള്‍ വന്നത് .

അരിസോണയില്‍ ട്രംപിന് 52.3 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ഹാരിസ് 45.8 ശതമാനം വരെ കൈവശം വച്ചിരിക്കുകയാണെന്ന് അറ്റ്‌ലസ് ഇന്റല്‍ സര്‍വേ പറയുന്നു.നെവാഡയില്‍ ട്രംപിന് 51.2 ശതമാനവും ഹാരിസിന് മുതല്‍ 46 ശതമാനംവും വോട്ട് ലഭിച്ചേക്കാം.

നോര്‍ത്ത് കരോലിനയില്‍ ട്രംപിന് 50.5 കമലാ ഹാരിസിന് 47.1 ശതമാനം.ജോര്‍ജിയയില്‍ ട്രംപ് 50.1 ശതമാനവും കമലാ ഹാരിസിന് 47.6 ശതമാനം.മിഷിഗണില്‍ ഇത് ട്രംപിന് 49.7 ശതമാനവും ഹാരിസിന് 48.2 ശതമാനവുമാണ്.പെന്‍സില്‍വാനിയയില്‍ ട്രംപിന് 49.6 ശതമാനവും ഹാരിസിന് 47.8 ശതമാനവുമാണ് പ്രൊജക്ഷന്‍.



അന്തിമവിജയം ഡെമോക്രാറ്റുകള്‍ക്കെങ്കില്‍ കമല ഹാരിസിലൂടെ പിറക്കുക പുതിയ ചരിത്രമാകും.അമേരിക്കയുടെ തലപ്പത്ത് ആദ്യമായി ഒരു വനിത പ്രസിഡന്റ് വരും.ഇനി അതല്ല ഹിലാരി ക്ലിന്റണെ തറപറ്റിച്ചത് പോലെ എല്ലാ അഭിപ്രായ സര്‍വെകളെയും തകര്‍ത്ത് അവസാന റൗണ്ടില്‍ ട്രംപ് തിരിച്ചുവരുമോ? ലോകം കാത്തിരിക്കുന്നു പുതിയ യു.എസ് പ്രസിഡന്റ് ആരെന്നറിയാന്‍.

നാളെതന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. ആരായിരിക്കും പ്രസിഡന്റെന്ന് അപ്പോള്‍ തന്നെ ഏറെക്കുറെ ഉറപ്പിക്കാനാവും. പ്രഖ്യാപനം ഉണ്ടാവുക ഇലക്ടറല്‍ കോളജിന്റെ വോട്ടിങിന് ശേഷമാണ്. ഡിസംബറിലാണിത്. 2025 ജനുവരിയിലാണ് 47 മത് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം.