- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ തോമസ് അപകടത്തില്‍ പെട്ടത് സുരക്ഷാ വീഴ്ച്ചയില്‍; സ്റ്റേജില്‍ ബാരികേഡ് സ്ഥാപിച്ചത് റിബണ്‍ കെട്ടി; കസേരയില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ റിബ്ബണില്‍ പിടിച്ചു, പിന്നാലെ താഴേക്ക് മറിഞ്ഞു വീണു; തലയിടിച്ചു വീണു രക്തം വാര്‍ന്നൊഴുകി; നടുക്കത്തോടെ ദൃക്സാക്ഷികള്‍
ഉമ തോമസ് അപകടത്തില്‍ പെട്ടത് സുരക്ഷാ വീഴ്ച്ചയില്‍
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിര്‍മിച്ച താത്ക്കാലിക സ്റ്റേജില്‍നിന്ന് താഴേക്ക് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ കാരണം സ്റ്റേജ് നിര്‍മാണത്തിലെ ഗുരുതര പിഴവ്. അപകടത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നാണ് പ്രാഥമികമായി വിലയിരുത്തല്‍. ആവശ്യത്തിന് സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നില്ല. റിബണ്‍ കെട്ടിയാണ് സ്റ്റേജില്‍ ബാരികേഡ് സ്ഥാപിച്ചത്. ഒരു നില ഉയരത്തിലായിരുന്നു സ്റ്റേജ്. ഗ്യാലറിയിലെ കസേരകള്‍ മാറ്റിയാണ് തത്കാലിക സ്റ്റേജ് നിര്‍മിച്ചത്.
സംഭവത്തിന് ദൃക്‌സാക്ഷികളായവരും വിരല്‍ചൂണ്ടുന്നത് സുരക്ഷാ വീഴ്ച്ചയിലേക്കാണ്. ഉമാ തോമസ് എംഎല്‍എ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം കൊടുത്തത് കൈവരിപോലെ നീളത്തില്‍ സ്റ്റീല്‍ കമ്പികളില്‍ കെട്ടിയ റിബ്ബണിലായിരുന്നു. എന്നാല്‍ ഇതിന് ബലമില്ലാത്തത് കാരണം ബാലന്‍സ് നഷ്ടപ്പെട്ട ഉമാ തോമസ് കൈവരിയോടൊപ്പം താഴേക്ക് പതിച്ചു. കോണ്‍ക്രീറ്റ് ഭിത്തിയില്‍ തലയിടിച്ച് വീണ ഉമാ തോമസിന്റെ മുഖത്ത് മുഴുവന്‍ രക്തമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അപകടത്തിന് സാക്ഷിയായി മന്ത്രി സജി ചെറിയാനും ഉണ്ടായിരുന്നു. 'ബാരിക്കേഡിന് പകരം റിബ്ബണാണ് കെട്ടിയിരുന്നത്. ഞാന്‍ സ്റ്റേജില്‍ ഇരിക്കുമ്പോള്‍ അവര്‍ കയറി വന്ന് കൈ കാണിച്ചു. എന്നിട്ട് ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ റിബ്ബണില്‍ പിടിക്കുകയായിരുന്നു. പിന്നാലെ താഴേക്ക് വീണു. നല്ല വീഴ്ച്ചയാണ് വീണത്.'-പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി സജി ചെറിയാന്‍ പറയുന്നു.
18 അടി ഉയരത്തിലാണ് സ്റ്റേജുണ്ടായിരുന്നതെന്നും താഴേക്ക് ആള്‍ വീഴാതിരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി. 'സ്റ്റേജില്‍ കുറച്ച് സ്ഥലം മാത്രമാണുണ്ടായിരുന്നത്. അവിടെ കസേരയിട്ടാല്‍ പിന്നീട് അതിലൂടെ നടക്കാനുള്ള സ്ഥലം പോലുമില്ലായിരുന്നു. ആദ്യം വന്നിരുന്നത് സജി ചെറിയാനാണ്. അതിനുശേഷം ഉമാ തോമസ് വന്നു. മൂന്നു വരികളായാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്.
സ്റ്റേജിന് മുകളില്‍ സംഗീത പരിപാടിയുമുണ്ടായിരുന്നു. മുകളില്‍ നിന്ന് ഒന്നാമത്തെ വരിയിലേക്ക് ഉമാ തോമസ് നടന്നുവന്നു. അവിടുത്തെ കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് പോവുകയും റിബ്ബണ്‍ പോലെ കെട്ടിയ കൈവരിയില്‍ പിടിക്കുകയുമായിരുന്നു.'- ദൃക്സാക്ഷി പറയുന്നു.
അപകടത്തില്‍ പെട്ട ഉമ തോമസ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിലവില്‍ വെന്റിലേറ്ററിലാണുള്ളത്. തലച്ചോറിന് ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വാരിയെല്ലിനു പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 'തലച്ചോറ്, വാരിയെല്ല്, ശ്വാസകോശം എന്നിവയ്ക്ക് പരിക്കുകളുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയ നിലവില്‍ ആവശ്യമില്ല. രക്തസ്രാവം നിയന്ത്രണ വിധേയമാണ്, വിദഗ്ധ പരിശോധനകള്‍ നടക്കുകയാണ്'- ഡോക്ടര്‍മാര്‍ പറഞ്ഞു.
സി.ടി സ്‌കാന്‍, എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് ശേഷമാണ് എം.എല്‍.എയെ വെന്റിലേറ്ററിലേക്ക് മാറ്റിയത്. ബോധം, പ്രതികരണം, ഓര്‍മ എന്നിവയെ ഒക്കെ ബാധിക്കാവുന്ന മുറിവുകളാണ്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല. ആന്തരിക രക്തസ്രാവം ഇല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെന്റിലേറ്ററില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഉമാ തോമസ്. മന്ത്രിമാരായ സജി ചെറിയാന്‍, പി. രാജീവ് എന്നിവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കം ആശുപത്രിയിലെത്തിയിരുന്നു.
കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് 12000 നര്‍ത്തകര്‍ അണിനിരക്കുന്ന നൃത്തപരിപാടി കാണാനെത്തിയതായിരുന്നു ഉമാ തോമസ് എം.എല്‍.എ. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച മൃദംഗനാദം നൃത്തപരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്.