ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റില്‍ ബജറ്റില്‍ ബിഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങള്‍. സംസ്ഥാനത്തിന് വേണ്ടി കൂടുതല്‍ വികസനപദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, ഗ്രീന്‍ ഫീല്‍ഡ് എയര്‍ പോര്‍ട്ട് എന്നിവ കൂടാതെ പറ്റ്‌ന വിമാനത്താവളം നവീകരിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ഈ വര്‍ഷം ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് സംസ്ഥാനത്തെ പ്രഖ്യാപനങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നത്. ബിഹാര്‍ ബജറ്റെന്ന് പ്രതിപക്ഷം പരിഹസിച്ചു. പ്രോട്ടീന്‍ സമൃദ്ധമായ താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കും. പുതിയ ഗ്രീന്‍ഫ്രീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മിക്കും. ബിഹ്ടയില്‍ ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കും. നിലവിലെ പറ്റ്‌ന വിമാനത്താവളം നവീകരിക്കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബിഹാറിന് ഏറെ ഗുണം ചെയ്യുന്നതാണ്.

പട്ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഉള്‍ക്കൊള്ളാവുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കും. പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങും. സംസ്ഥാനത്ത് പ്രത്യേക കനാല്‍ പദ്ധതി നടപ്പാക്കും. മിതിലാഞ്ചല്‍ മേഖലയിലെ വെസ്റ്റേണ്‍ കോസി കനാല്‍ പദ്ധതിയും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

അതേസമയം, കേന്ദ്ര ബജറ്റില്‍ ബിഹാറിന് മാത്രം തുടരെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത് പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചു. ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിനായി പുതിയ പ്രഖ്യാപനം കേന്ദ്ര ബജറ്റില്‍ ഉണ്ടായത്.

മോദി സര്‍ക്കാറിനെ പിന്തുണക്കുന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെയും ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയെയും പിണക്കാതിരിക്കാന്‍ വലിയ പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ബജറ്റിലും മോദി സര്‍ക്കാര്‍ നടത്തിയിരുന്നത്. ബിഹാറിനും ആന്ധ്രക്കും പ്രത്യേക പാക്കേജ് തന്നെ കേന്ദ്ര സര്‍ക്കാര്‍ അന്ന് പ്രഖ്യാപിച്ചിരുന്നു.

ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയും

36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാന്‍സറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂര്‍ണമായും ഒഴിവാക്കിയത്. കയറ്റുമതി എളുപ്പമാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പദ്ധതി നടപ്പിലാക്കും. ഗാര്‍ഹിക ഇലക്ട്രോണിക് ഉപകരണ നിര്‍മാണങ്ങള്‍ക്ക് പിന്തുണ നല്‍കും. യുവാക്കളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്‍ഷുറന്‍സ് മേഖലയില്‍ 74-100 ശതമാനം വരെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. പ്രീമിയം മുഴുവനായും ഇന്ത്യയില്‍ നിക്ഷേപിക്കണം. പഴയ നിയമം അടിസ്ഥാനമാക്കി ഉള്ള നിയന്ത്രണങ്ങള്‍ ഉടച്ച് വാര്‍ക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം

കേന്ദ്രബജറ്റില്‍ ആണവോര്‍ജ മേഖലയില്‍ സ്വകാര്യപങ്കാളിത്തത്തിന് നിര്‍ദേശവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഈ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ അറ്റോമിക് എനര്‍ജി നിയമത്തിലും സിവില്‍ ലയബിലിറ്റി ഫോര്‍ ദ ന്യൂക്ലിയര്‍ ഡാമേജ് നിയമത്തിലും ഭേദഗതികള്‍ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.

വികസിത ഭാരതത്തിനുവേണ്ടിയാണ് ആണവോര്‍ജ പദ്ധതി. 2047-ഓടെ ചുരുങ്ങിയത് നൂറ് ജി.ഡബ്ല്യൂ. ആണവോര്‍ജമെങ്കിലും ഉത്പാദിപ്പിക്കേണ്ടത് രാജ്യത്തിന്റെ ഊര്‍ജപരിവര്‍ത്തനത്തിന് അനിവാര്യമാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

എ.ഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം

ബജറ്റില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ നല്‍കും. പ്രഖ്യാനം 5 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു. എ.ഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി വകയിരുത്തിയെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തേക്ക് ഐ.ഐ.ടി, ഐ.ഐ.എസ്.സി ഗവേഷണത്തിനായി പതിനായിരം പി.എം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് നല്‍കും. സ്റ്റാര്‍ട്ടപ്പില്‍ 27 മേഖലകള്‍ കൂട്ടിയെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. മൂന്നാം മോദി സര്‍ക്കാറിന്റെ രണ്ടാമത്തെ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരം ഒരുങ്ങുമെന്നും ഹോം സ്റ്റേക്കായി മുദ്ര ലോണുകള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു

എട്ടു തവണ ബജറ്റ് അവതരണം, റെക്കോര്‍ഡുമായി നിര്‍മ്മല

കേന്ദ്ര ബജറ്റ് അവതരണത്തില്‍ ചരിത്രം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏറ്റവും കൂടുതല്‍ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന വനിതാ കേന്ദ്രമന്ത്രിയാണ് നിര്‍മല സീതാരാമന്‍. 2019ലാണ് രണ്ടാം മോദി മന്ത്രിസഭയില്‍ ധനമന്ത്രിയായി നിര്‍മല ചുമതലയേല്‍ക്കുന്നത്. അന്നുമുതല്‍ 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ബജറ്റുകളും നിര്‍മലയായിരുന്നു അവതരിപ്പിച്ചത്. ഇതോടെ സ്വതന്ത്ര ഭാരതത്തില്‍ ഏറ്റവുമധികം ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച റെക്കോര്‍ഡാണ് നിര്‍മല സ്വന്തമാക്കിയത്.

മൊറാര്‍ജി ദേശായിക്കാണ് ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോഡുള്ളത്. പത്ത് ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. എന്നാലിത് തുടര്‍ച്ചയായിട്ടായിരുന്നില്ല. 1959നും 64നും ഇടയില്‍ ധനമന്ത്രിയായിരിക്കേ ആറ് ബജറ്റുകളും 1967നും 1969നും ഇടയില്‍ നാല് ബജറ്റുകളുമാണ് അദ്ദേഹം അവതരിപ്പിച്ചത്.

വ്യത്യസ്ത കാലയളവുകളിലായി പി. ചിദംബരം ഒന്‍പത് ബജറ്റുകളും പ്രണാബ് മുഖര്‍ജി എട്ട് ബജറ്റുകള്‍ വീതവും അവതരിപ്പിച്ചിട്ടുണ്ട്. പി.വി. നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കേ 1991-95 കാലത്ത് അഞ്ച് ബജറ്റുകളാണ് മന്‍മോഹന്‍ സിങ് അവതരിപ്പിച്ചത്. തുടര്‍ച്ചയായ ബജറ്റ് അവതരണത്തില്‍ മാത്രമല്ല, ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗത്തിനുള്ള റെക്കോഡും നിര്‍മലാ സീതാരാമന് സ്വന്തമാണ്. 2020-ലെ നിര്‍മലയുടെ ബജറ്റ് പ്രസംഗം നീണ്ടുനിന്നത് രണ്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റാണ്.