ബീജിങ്: അമേരിക്കയുടെ താരിഫുകള്‍ മുഴുവന്‍ ലോകത്തിനും എതിരാണെന്ന് ചൈന. ചട്ടങ്ങളില്‍ അധിഷ്ഠിതമായ ബഹുമുഖ വാണിജ്യ സംവിധാനത്തിന് ഗുരുതര തകരാറുണ്ടാക്കുന്നതാണ് ഈ താരിഫുകളെന്നും വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പതിവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തങ്ങള്‍ക്ക് മേല്‍ 125 ശതമാനം താരിഫ് ചുമത്തിയ ട്രംപിന്റെ നടപടി നോക്കിയിരിക്കില്ലെന്നും ചൈന മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ നടപടി ജനങ്ങളുടെ പിന്തുണയാര്‍ജ്ജിച്ചില്ലെന്നും അതു പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ എല്ലായ്‌പോഴും തുറന്നുകിടക്കുകയാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ഹീ യോങ് ക്വിയാന്‍ പറഞ്ഞു. എന്നാല്‍, ചര്‍ച്ചകള്‍ പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തിലായിരിക്കണം. സമ്മര്‍ദം, മുന്നറിയിപ്പുകള്‍, ഭീഷണി തുടങ്ങിയവയൊന്നും ചൈനയുമായി ഇടപെടുന്നതിനുള്ള ശരിയായ മാര്‍ഗ്ഗങ്ങളല്ല', ഹീ യോങ് ക്വിയാന്‍ പറഞ്ഞു. വാണിജ്യ യുദ്ധത്തിനായി യുഎസ് ശഠിക്കുകയാണെങ്കില്‍ ചൈനയും അതേനിലപാട് സ്വീകരിക്കുമെന്നും യോങ് ക്വിയാന്‍ കൂട്ടിച്ചേര്‍ത്തു. വാണിജ്യയുദ്ധത്തില്‍ വിജയികളില്ലെന്നും അവര്‍ ആവര്‍ത്തിച്ചു.

ചൈന ഒഴിച്ചുള്ള രാജ്യങ്ങള്‍ക്ക് മേലുള്ള പകരം തീരുവ 90 ദിവസത്തേക്ക് മരവിപ്പിക്കാന്‍ ട്രംപ് ഇന്നലെ ഉത്തരവിട്ടിരുന്നു. അതിനൊപ്പം ചൈനയ്ക്ക് മേലുള്ള തീരുവ 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന പകരത്തിന് പകരമായി 84 ശതമാനം താരിഫ് ചുമത്തിയതിന് തിരിച്ചടിയായാണ് 125 ശതമാനമായി താരിഫ് ഉയര്‍ത്തിയത്.

യുഎസ് ഉല്‍പന്നങ്ങളുടെ തീരുവ 34 ശതമാനത്തില്‍നിന്നു 84 ശതമാനമായി ചൈന ഉയര്‍ത്തിയത് ഏപ്രില്‍ 10 മുതല്‍ പുതിയ നിലവില്‍ വരും.

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയര്‍ന്നതിന് പ്രതികാരമായാണ് ഇപ്പോള്‍ ചൈന നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. ''അമേരിക്ക വ്യാപാര നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചാല്‍, ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും അവസാനം വരെ പോരാടാനും ചൈനയ്ക്ക് ഉറച്ച ഇച്ഛാശക്തിയും മാര്‍ഗങ്ങളുമുണ്ട്'' ചൈനയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു.

ലോക വിപണിയോട് ചൈന കാട്ടിയ അനാദരവിന് ശിക്ഷയായി ചൈനയ്ക്ക് മേലുള്ള താരിഫ് 125 ശതമാനമായി ഉയര്‍ത്തുന്നു എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. അത് ഉടന്‍ നിലവില്‍ വരികയും ചെയ്തു. 75 ലേറെ രാജ്യങ്ങള്‍ അമേരിക്കയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധരാവുകയും പ്രതികാര നടപടികള്‍ക്ക് മുതിരാതിരിക്കയും ചെയ്തത് പരിഗണിച്ചാണ് 90 ദിവസത്തേക്ക് പകര ചുങ്കം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിടുന്നതെന്ന് ട്രംപ് പറഞ്ഞു. ഈ കാലഘട്ടത്തില്‍ വെറും 10 ശതമാനം മാത്രമായി പകരച്ചുങ്കം കുറച്ചെന്നും ട്രംപ് വ്യക്തമാക്കി.

ചൈനയ്ക്ക് പിന്നാലെ യൂറോപ്യന്‍ യൂണിയനും യുഎസ് ഉല്‍പന്നങ്ങള്‍ക്ക് മുകളിലുള്ള തീരുവ വര്‍ധിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്റെ സ്റ്റീല്‍, അലുമിനിയം കയറ്റുമതിയ്ക്ക് മുകളില്‍ 25 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 90 ദിവസത്തെ നികുതി തീരുവ മരവിപ്പിച്ച നടപടിയ്ക്ക് പിന്നാലെ യുറോപ്യന്‍ യൂണിയന്‍ ചുമത്തിയ തീരുവ താല്‍ക്കാലികമായി മരവിപ്പിച്ചു.