ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ അമേരിക്ക തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള യു.എസ് സൈനിക വിമാനം ഇന്ത്യയിലേക്ക്. ഇന്നും നാളെയുമായാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നത്. സൈനിക വിമാനങ്ങളില്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കുന്നതിന് എതിരെ വിമര്‍ശനം ഉയരവേയാണ് വീണ്ടും ഇന്ത്യക്കാരുമായി വിമാനം ഇന്ത്യയിലെത്തുന്നത്.

പഞ്ചാബിലെ അമൃത്സറിലെ ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സി.-17 സൈനിക വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുക. തിരിച്ചെത്തുന്നവരില്‍ 67 പേര്‍ പഞ്ചാബില്‍നിന്നുള്ളവരാണ്. 33 പേര്‍ ഹരിയാണയില്‍നിന്നും എട്ടുപേര്‍ ഗുജറാത്തില്‍നിന്നും ഉള്ളവരും മൂന്നുപേര്‍ യു.പി. സ്വദേശികളുമാണ്. രാജസ്ഥാനില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും ഗോവയില്‍നിന്നും രണ്ടുപേര്‍വീതവും ജമ്മു കശ്മിര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് ഒരാള്‍ വീതവുമാണ് തിരിച്ചെത്തുന്നത്.

ആദ്യത്തെ വിമാനം ശനിയാഴ്ച രാത്രി 10.5-നും രണ്ടാമത്തേത് ഞായറാഴ്ച രാത്രി 10-നുമാണ് ലാന്‍ഡ് ചെയ്യുകയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മെക്സിക്കോയിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും അനധികൃതമായി യു.എസിലേക്ക് കടന്നവരെയാണ് മടക്കി അയക്കുന്നത്. അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 104 പേരടങ്ങിയ ആദ്യ ഇന്ത്യന്‍ സംഘത്തെ യു.എസ്. സൈനിക വിമാനം കഴിഞ്ഞയാഴ്ച തിരിച്ചയച്ചിരുന്നു. ഇവരുമായെത്തിയ യു.എസ്. സൈനികവിമാനവും ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇറങ്ങിയത്.

അതേസമയം, തിരിച്ചയക്കുന്നവരുമായെത്തുന്ന വിമാനങ്ങള്‍ പഞ്ചാബില്‍ ഇറക്കുന്നതിനെതിരേ മുഖ്യമന്ത്രി ഭഗവന്ത് മന്‍ രംഗത്തെത്തി. പഞ്ചാബിനെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരുമായി എത്തിയ ആദ്യത്തെ വിമാനത്തില്‍ ഹരിയാണയില്‍നിന്നും ഗുജറാത്തില്‍നിന്നുമുള്ള 33 പേരും പഞ്ചാബില്‍നിന്നുള്ള 30 പേരും ഉണ്ടായിരുന്നു. എന്നാല്‍, വിമാനം ഇറങ്ങിയത് അമൃത്സറിലാണ്. ഇപ്പോള്‍ രണ്ടാമത്തെ വിമാനവും ഇവിടെ ഇറങ്ങുന്നു. എന്തുകൊണ്ട്. എന്തിന്റെ അടിസ്ഥാനത്തിലാണ് അമൃത്സറിനെ തിരഞ്ഞെടുത്തത്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ല, മന്‍ ആരാഞ്ഞു.

പഞ്ചാബികള്‍ മാത്രമാണ് അനധികൃത കുടിയേറ്റം നടത്തുന്നതെന്ന് ചിത്രീകരിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്‍ ആരോപിച്ചു. വിശുദ്ധനഗരമായ അമൃത്സറിനെ ഡിപോര്‍ട്ടേഷന്‍ സെന്ററാക്കി കേന്ദ്രം മാറ്റിയെന്നും പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു.

യുഎസില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തില്‍ വ്യക്തമാക്കിയിരുന്നു.

നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുപോകുമെന്ന് പറഞ്ഞ അദ്ദേഹം, അനധികൃത കുടിയേറ്റം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ഊന്നിപ്പറഞ്ഞു. അനധികൃതമായി മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ല. ഇന്ത്യയെയും യുഎസിനെയും സംബന്ധിച്ചിടത്തോളം, സ്ഥിരീകരിക്കപ്പെട്ടവരാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ പൗരന്മാര്‍. അവര്‍ യുഎസില്‍ അനധികൃതമായി താമസിക്കുന്നുണ്ടെങ്കില്‍ അവരെ തിരിച്ചെടുക്കാന്‍ ഇന്ത്യ തയ്യാറാണ്, മോദി പറഞ്ഞു.

സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണവര്‍. വലിയ സ്വപ്നങ്ങള്‍ കാണിച്ച് തെറ്റിദ്ധരിപ്പിച്ച് ഇങ്ങോട്ട് കൊണ്ടുവരപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. അതിനാല്‍, മനുഷ്യക്കടത്തിന്റെ മുഴുവന്‍ സംവിധാനത്തെയും നമ്മള്‍ ഇല്ലാതാക്കണം. അതിനായി പ്രസിഡന്റ് ട്രംപ് ഇന്ത്യയുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.