ന്യൂയോര്‍ക്ക്: യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് സംവിധാനങ്ങളില്‍ ചൈനീസ് ഹാക്കര്‍ അതിക്രമിച്ചുകയറി നിര്‍ണായക രേഖകള്‍ ചോര്‍ത്തിയതായി ആരോപണം. ചൈനീസ് സര്‍ക്കാര്‍ തന്നെ സ്പോണ്‍സര്‍ ചെയ്ത ഹാക്കര്‍മാരാണ് ഇത്തരത്തില്‍ അതിക്രമിച്ചു കയറിയത് എന്നാണ് അമേരിക്ക ആരോപിക്കുന്നത്. ചില ഓഫീസ് രേഖകളിലേക്കും ജീവനക്കാരുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളിലേക്കും ഹാക്കര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞതായി അമേരിക്കന്‍ ഭരണകൂടം ആരോപിച്ചു.

ഡിസംബര്‍ ആദ്യമാണ് ഈ ലംഘനമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വലിയ തോതിലുള്ള ഹാക്കിങ് സംഭവിച്ചുവെന്നാണ് യു.എസ് അധികാരികള്‍ വെളിപ്പെടുത്തിയത്. ഡിസംബര്‍ എട്ടിനാണ് ഹാക്കിങ് നടന്നത്. സൈബര്‍ സുരക്ഷാ സേവന ദാതാവായ ബിയോണ്ട് ട്രസ്റ്റ് വഴിയാണ് ഹാക്കിങ് നടന്നതെന്നാണ് നിഗമനം. ബിയോണ്ട് ട്രസ്റ്റ് പിന്നീട് ഓഫ്ലൈന്‍ ആക്കുകയായിരുന്നു.

വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ എഫ്.ബി.ഐയുമായും മറ്റ് ഏജന്‍സികളായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ അറിയിച്ചു. യു.എസ് സൈബര്‍ സെക്യൂരിറ്റി, ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യുരിറ്റി ഏജന്‍സി തുടങ്ങിയ ഏജന്‍സികളും സംഭവം അന്വേഷിക്കുന്നുണ്ട്. അതേസമയം അമേരിക്കുടെ ആരോപണത്തെ തള്ളി ചൈനീസ് എംബസി വക്താവ് രംഗത്തെത്തി. വസ്തുതകളുടെ പിന്‍ബലമില്ലാത്ത അടിസ്ഥാനരഹിതമായ വാദങ്ങളാണ് അമേരിക്കന്‍ അധികൃതര്‍ ഉന്നയിക്കുന്നതെന്നാണ് ചൈനയുടെ നിലപാട്.

സ്വന്തം സൈബര്‍ സംവിധാനങ്ങള്‍ സുരക്ഷിതമാക്കി സൂക്ഷിക്കേണ്ടത് അമേരിക്കയുടെ ജോലിയാണെന്നും അതിന്റെ പേരില്‍ തങ്ങളെ കുറ്റം പറയുന്നത് അവസാനിപ്പിക്കണം എന്നുമാണ് ചൈനയുടെ നിലപാട്. എന്നാല്‍ ഈ മാസം രണ്ടിന് തന്നെ അമേരിക്കന്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ സംശയാസ്പദമായ രീതിയില്‍ ചില നീക്കങ്ങള്‍ നടക്കുന്നതായി സൂചന ലഭിച്ചിരുന്നു. മൂന്ന് ദിവസം കൂടി കഴിഞ്ഞിട്ടാണ് ഹാക്കിംഗിനെ കുറിച്ച് അമേരിക്കക്ക് കൃത്യമായ ധാരണയുണ്ടായത്. ഏതൊക്കെ വിഭാഗത്തിലുള്ള ഫയലുകളാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല.

ട്രഷറി ഡിപ്പാര്‍ട്ട്മെന്റിലെ 10 കമ്പ്യൂട്ടറുകളില്‍ മാത്രമാണ് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറാന്‍ കഴിഞ്ഞതെന്നും സൂചനയുണ്ട്. പല കമ്പ്യൂട്ടറുകളിലും ഹാക്കര്‍മാര്‍ക്ക് പുതിയ ഫയലുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതായും പാസ് വേഡുകള്‍ അവര്‍ മാറ്റിയതായും സംശയിക്കപ്പെടുന്നുണ്ട്. ഹാക്കര്‍മാരുടെ ലക്ഷ്യം ചാരപ്പണി ആയിരുന്നത് കൊണ്ട് തന്നെ പണം തട്ടിയെടുക്കാന്‍ ശ്രമം നടത്തിയിട്ടില്ല എന്നും വിവരങ്ങള്‍ ചോര്‍ത്താനാണ് ശ്രമം നടന്നത് എന്നുമാണ് യു.എസ് സര്‍ക്കാര്‍ കരുതുന്നത്.

ഇത്തരം ഭീഷണികളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സംഭവത്തെ കുറിച്ച് 30 ദിവസത്തിനകം കോടതിക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം തന്നെ അമേരിക്കയിലെ ചില ടെലികോം കമ്പനികളുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു.