കൊച്ചി: കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിക്ഷേപം മടക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ സാബു ആത്മഹത്യ ചെയ്തത് എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. പല ബാങ്കുകളും പ്രതിസന്ധിയിലാണ്. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം നിക്ഷേപിച്ച പണം നല്‍കിയില്ലെന്നു മാത്രമല്ല, സി.പി.എം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഫോണില്‍ വിളിച്ച് സാബുവിനെ ഭീഷണിപ്പെടുത്തിയെന്നം സതീശന്‍ ചൂണ്ടിക്കാട്ടി. നിക്ഷേപകന്‍ പണം മടക്കി ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നു എന്നത് സി.പി.എം എത്രത്തോളം അധപതിച്ചു എന്നതിന്റെ ഉദാഹരണമാണ്.

സഹകരണ മേഖലയില്‍ ഐക്യം വേണമെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെടുമ്പോഴാണ് പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് യു.ഡി.എഫ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നത്. അത്തരത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത സ്ഥാപനമാണ് കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. ഇത്തരത്തില്‍ പിടിച്ചെടുത്ത പല ബാങ്കുകളും തകര്‍ച്ചയെ നേരിടുകയാണ്.

21 ബാങ്കുകളാണ് പത്തനംതിട്ട ജില്ലയില്‍ മാത്രം സി.പി.എം പിടിച്ചെടുത്തത്. അതില്‍ പല ബാങ്കുകളും പ്രതിസന്ധിയിലാണ്. ഞങ്ങളുമായി ബന്ധപ്പെട്ടവരുടെ നിക്ഷേപമാണ് ഈ ബാങ്കുകളില്‍ ഏറ്റവും കൂടുതലുള്ളത്. ആ നിക്ഷേപമാണ് ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുക്കുന്നത്. ഞങ്ങള്‍ ഒരു നിര്‍ദ്ദേശം നല്‍കിയാല്‍ 24 മണിക്കൂറിനുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടും. പിന്നെ ബാങ്ക് ഉണ്ടാകുമോ? അങ്ങനെ ചെയ്താല്‍ കേരളത്തിലെ സഹകരണ മേഖലയുടെ ഗതി എന്താകും?

പക്ഷെ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായാണ് ഞങ്ങള്‍ പെരുമാറിയത്. എന്നാല്‍ സര്‍ക്കാര്‍ നിസാര കാര്യങ്ങള്‍ക്ക് പോലും യു.ഡി.എഫ് ഭരിക്കുന്ന ബാങ്കുകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയാണ്. അതിന്റെ തൊട്ടടുത്ത ദിവസം സി.പി.എമ്മിനെ കൊണ്ട് മാര്‍ച്ച് നടത്തിക്കും. ഇതോടെ പണം നിക്ഷേപിച്ചിരിക്കുന്നവര്‍ക്ക് ഭയമാകും.

സി.പി.എം തന്നെയാണ് സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ തകര്‍ക്കുന്നതിന് നേതൃത്വം നല്‍കുന്നത്. ഈ നടപടിയുമായി മുന്നോട്ട് പോയാല്‍ കേരളത്തിലെ സഹകരണ മേഖല തകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും സഹകരണ മന്ത്രി വി.എന്‍ വാസവനെയും സി.പി.എമ്മിനെയും ഓര്‍മ്മപ്പെടുത്തുന്നു.

സഹകരണ മേഖല തകരുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കു മാത്രമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കട്ടപ്പനയിലേത് ഒറ്റപ്പെട്ട സംഭവമല്ല. അത് സംസ്ഥാനം മുഴുവന്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അപകടകരമായ നിലയിലേക്കാണ് സഹകരണരംഗം പോകുന്നതെന്നും വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.

അതേസമയം കട്ടപ്പനയില്‍ ജീവനൊടുക്കിയ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം എന്ന് കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്ജ് പറഞ്ഞു. സാബുവും കട്ടപ്പന സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയും മുന്‍ ബാങ്ക് പ്രസിഡന്റുമായ വി.ആര്‍ സജിയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് ശേഷമായിരുന്നു മാത്യു ജോര്‍ജ്ജിന്റെ പ്രതികരണം. സംഭാഷണം പോലീസ് പരിശോധിക്കട്ടെയെന്നും പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാര്യയുടെ ചികിത്സാ ആവശ്യത്തിന് നിക്ഷേപത്തുക ചോദിച്ചപ്പോള്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി കട്ടപ്പന റൂറല്‍ ഡിവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ സാബു ജീവനൊടുക്കിയത്. ബാങ്കിന് സമീപത്തെ ചവിട്ടുപടിക്ക് സമീപമുള്ള ഹാന്‍ഡ് റെയിലില്‍ തുങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

നിക്ഷേപിച്ച പണം ചോദിച്ചെത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്നും താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നുമാണ് മുന്‍ ബാങ്ക് പ്രസിഡന്റ് വി.ആര്‍ സജിയോട് സാബു പറഞ്ഞത്. നിങ്ങള്‍ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞുവെന്നും. പണി മനസിലാക്കി തരാമെന്നും പറഞ്ഞ് സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്.

പണം നല്‍കണമെന്ന് സാബു കേണപേക്ഷിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ലെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു. സാബു ജീവനൊടുക്കുമെന്ന് കരുതിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കടുത്ത അപമാനമാണ് സാബു നേരിട്ടത്. പണം ചോദിച്ചപ്പോള്‍ സാബുവിനെ ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തി. സാബു കഷ്ടപ്പെട്ട അധ്വാനിച്ച പണമാണ് ചോദിച്ചത്. പണം തരാന്‍ കഴിയില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു-മേരിക്കുട്ടി പറയുന്നു.