തിരുവനന്തപുരം: നിയമസഭയില്‍ പരസ്പ്പരം കൊമ്പുകോര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ കെ ശൈലജ എംഎല്‍എയും. കോണ്‍ഗ്രസിനെ പരിഹസിച്ചു കൊണ്ട് ശൈലജ ടീച്ചര്‍ രംഗത്തുവന്നതോടെയാണ് ഉരുളക്കുപ്പേരി മറുപടി സതീശന്‍ നല്‍കിയത്. നിയമസഭയിലെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ചര്‍ച്ചക്കിടയിലാണ് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ മത്സരമാണെന്നും ഈ സാഹചര്യത്തില്‍ ഭരണം കിട്ടിയാല്‍ എങ്ങനെ ഭരിക്കുമെന്നുമായിരുന്നു കെ.കെ. ശൈലജ ഉന്നയിച്ച ചോദ്യം.

എല്‍.ഡി.എഫ് സര്‍ക്കാറിന് വികസന തുടര്‍ച്ചയുണ്ടാകുമെന്നും കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്ന വികസനം തുടരാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ശൈലജ പറഞ്ഞത്. ഇനി അഥവാ കോണ്‍ഗ്രസിന് ഭരണം കിട്ടിയാല്‍ തന്നെ എങ്ങനെ ഭരിക്കുമെന്നും അവര്‍ ചോദിച്ചു. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മുഖ്യമന്ത്രിയാകണ്ടെ. എന്തൊരു പാര്‍ട്ടിയാണിത്. എത്രയാളുകളാണ് നിങ്ങളുടെ കൂടെ നിന്ന് മുഖ്യമന്ത്രിയാകാന്‍ കാത്തിരിക്കുന്നതെന്നും മട്ടന്നൂര്‍ എം.എല്‍.എ പരിഹസിച്ചു.

കോണ്‍ഗ്രസ് പോലെ ഇന്ത്യ ഭരിച്ചിരുന്ന ഒരു പാര്‍ട്ടിയുടെ അപചയമാണിത്. മുഖ്യമന്ത്രിയാകുക എന്നതൊക്കെ പീന്നീടുള്ള കാര്യങ്ങ?ളല്ലേ. ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളല്ലേയെന്നും ശൈലജ ചോദിച്ചു. ഒരാള്‍ പറഞ്ഞത് മുഖ്യമന്ത്രിയാകാന്‍ ഞാന്‍ ഡല്‍ഹിയില്‍നിന്ന് പറന്നിറങ്ങേണ്ട കാര്യമില്ലെന്നാണ്. അപ്പോഴാണ് ഞങ്ങള്‍ മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമെന്ന് മുസ്‌ലിം ലീഗിന് തോന്നിയത്.-ശൈലജ പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്ന നിലയില്‍ താന്‍ ഇതിന് മറുപടി പറയേണ്ടേ എന്ന് ചോദിച്ചാണ് വി.ഡി. സതീശന്‍ തുടങ്ങിയത്. കോണ്‍ഗ്രസില്‍ അഞ്ചാറ് മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നും പാര്‍ട്ടി നശിച്ചുപോയിയെന്നുമാണ് ശൈലജ ടീച്ചര്‍ പറയുന്നത്. എന്നാല്‍, തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്നവുമില്ലെന്ന് വി.ഡി. സതീശന്‍ മറുപടി നല്‍കി.

ശൈലജ ടീച്ചര്‍ക്ക് വലിയ വിഷമം ഉണ്ടാകും. കാരണം ടീച്ചര്‍ ഒരു പി.ആര്‍ ഏജന്‍സിയെ ഒക്കെ വെച്ച് മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിയതുകൊണ്ടാണ് ട്രഷറി ബെഞ്ചില്‍ ഇരിക്കേണ്ട ടീച്ചര്‍ ഇപ്പോള്‍ പിറകില്‍ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ലെന്നും പുറത്തുള്ള കുറച്ച് ആളുകളും മാധ്യമങ്ങളും ചേര്‍ന്ന് നല്‍കുന്ന പ്രചാരണങ്ങളാണ് ഇവയെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.