തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം സി.പി.എമ്മിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍ അറിയിച്ചു. വ്യാഴാഴ്ച ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കുടുംബത്തിന്റെ ഈ തീരുമാനം അരുണ്‍കുമാര്‍ വ്യക്തമാക്കിയത്.

പദ്മവിഭൂഷണ്‍ നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി അരുണ്‍കുമാര്‍ സ്ഥിരീകരിച്ചു. ജനകീയ പോരാട്ടങ്ങളിലൂടെയും ദൃഢമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ സമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങള്‍ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും കരുത്താണെന്നും, ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നുവെന്നും അദ്ദേഹം കുറിച്ചു.

എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വി.എസ്. പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്യൂണിസ്റ്റ് എന്ന നിലയില്‍ വി.എസ്. എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനമെന്ന് അരുണ്‍കുമാര്‍ വ്യക്തമാക്കി. ഏതൊരു പുരസ്‌കാരത്തേക്കാളും വലുത് ജനഹൃദയങ്ങളില്‍ അദ്ദേഹത്തിന് ലഭിച്ച സ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, വി.എസ്സിനെ പദ്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചതില്‍ കുടുംബം അതീവ സന്തുഷ്ടരാണെന്ന് വി.എ. അരുണ്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, പാര്‍ട്ടി നിലപാട് വിഷയത്തില്‍ നിര്‍ണ്ണായകമാവുകയായിരുന്നു. കമ്യൂണിസ്റ്റ് നേതാക്കളായ ഇ.എം.എസ്. നമ്പൂതിരിപ്പാടും, പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും മുമ്പ് പദ്മ പുരസ്‌കാരങ്ങള്‍ നിരസിച്ചിട്ടുണ്ട്. വി.എസ്. ജീവിച്ചിരുന്നെങ്കില്‍ പദ്മവിഭൂഷണ്‍ നിരസിക്കുമായിരുന്നുവെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്ന പതിവ് പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സേവനങ്ങളെ പുരസ്‌കാരങ്ങളായി തരംതിരിക്കുന്നതിലെ രാഷ്ട്രീയ വിയോജിപ്പാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ നിലപാടിന് പിന്നില്‍. വി.എസ്സിന്റെ കാര്യത്തിലും കുടുംബം ഈ രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുകയാണ്.