തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ തിരികെക്കയറാനുള്ള പോരാട്ടത്തില്‍ വിജയിച്ചതോടെ തിരുവനന്തപുരം നഗരസഭയില്‍ യുഡിഎഫിന്റെ മുഖമായി വൈഷ്ണ സുരേഷ്. ഈ ദിവസങ്ങളിലെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വൈഷ്ണ പ്രചരണം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് ഒരുങ്ങുന്നത്. സിപിഎമ്മിന്റെ കുതന്ത്രങ്ങളെ അതിജീവിച്ചവള്‍ എന്ന പരിവേഷമാണ് ഇപ്പോള്‍ വൈഷ്ണക്ക് ലഭിച്ചിരിക്കുന്നത്. ഇത് വോട്ടാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്.

വോട്ടര്‍പ്പട്ടികയില്‍ വൈഷ്ണയുടെ പേര് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുനഃസ്ഥാപിച്ചത് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ്. വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞു കൊണ്ടാണ് നടപടി ുണടായത്. പേരു നീക്കിയ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ നടപടി നിയമപരമല്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. ഇതിന് പിന്നിലെ രാഷ്ട്രീക്കളിയാണ് ഇതോടെ മറനീക്കിയത്.

കോര്‍പ്പറേഷന്‍ ഇലക്ടറല്‍ ഓഫീസറും അഡീഷണല്‍ സെക്രട്ടറിയുമായ വി. സജികുമാറിനെതിരേ രൂക്ഷവിമര്‍ശനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്റെ ഉത്തരവിലുള്ളത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കമ്മിഷന്‍ വീണ്ടും ഹിയറിങ് നടത്തിയത്. വൈഷ്ണ ഈ വിലാസത്തില്‍ താമസിക്കുന്നുവെന്നു ബോധ്യപ്പെട്ടാണ് കോര്‍പ്പറേഷന്‍ ആദ്യം പ്രസിദ്ധീകരിച്ച പട്ടികയില്‍ വോട്ട് ചേര്‍ത്തതെന്നും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കമ്മിഷനുമുന്നില്‍ സമ്മതിച്ചു. എന്നാല്‍, വൈഷ്ണ ഇവിടെ താമസിക്കുന്നില്ല എന്നതിന് പരാതിക്കാരന്‍ രേഖകളൊന്നും കമ്മിഷനുമുന്നിലും ഹാജരാക്കിയില്ല.

വോട്ട് വെട്ടിമാറ്റാന്‍ ഹിയറിങ് ഉദ്യോഗസ്ഥനായ സൂപ്രണ്ട് ജി.ആര്‍. പ്രതാപചന്ദ്രന്‍, അന്വേഷണോദ്യോഗസ്ഥയായ ബില്‍ കളക്ടര്‍ ജി.എം. കാര്‍ത്തിക എന്നിവരും പക്ഷപാതപരമായി പെരുമാറി.വോട്ട് നീക്കാന്‍ പരാതി വന്നപ്പോള്‍ ഹിയറിങ്ങില്‍ മുട്ടടയിലെ 'സുധഭവന്‍' എന്ന വീടിന്റെ വിലാസം വൈഷ്ണ ഹാജരാക്കി. എന്നാല്‍, ഇതു പരിഗണിക്കാതെ ഫോം നാലില്‍ രേഖപ്പെടുത്തിയ തെറ്റായ ടിസി നമ്പര്‍ പരിഗണിച്ചു. പഴയ വാര്‍ഡിന്റെ നമ്പര്‍ രേഖപ്പെടുത്തിയതാണ് തെറ്റിയത്. എന്നാല്‍, യഥാര്‍ഥവിലാസം നല്‍കിയിട്ടും ഇതു പരിഗണിക്കാനോ, ഇവിടെപ്പോയി പരിശോധിക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. യഥാര്‍ഥ വിലാസത്തില്‍ വൈഷ്ണ താമസിക്കുന്നില്ലെന്ന് ഒരു ഉദ്യോഗസ്ഥനും രേഖപ്പെടുത്തിയിട്ടുമില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.

വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു വൈഷ്ണക്ക് വോട്ട് പുനസ്ഥാപിച്ചത്. ഒക്ടോബര്‍ 25-ന് പ്രസിദ്ധീകരിച്ച മുട്ടട(27)വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ടായിരുന്നു. താമസക്കാരിയല്ലെന്ന് സിപിഎം പ്രവര്‍ത്തകനായ ധനേഷ് കുമാര്‍ പരാതി നല്‍കി. നവംബര്‍ 12-ന് കോര്‍പ്പറേഷനില്‍ നടന്ന ഹിയറിങ്ങിന് വൈഷ്ണ രേഖകളുമായി എത്തി. ഹിയറിങ്ങില്‍ പരാതിക്കാരന്‍ ഹാജരായില്ല. പക്ഷേ, വൈകിട്ട് ഹാജരായി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 13-ന് വോട്ട് നീക്കി. വീട്ടുനമ്പര്‍ തെറ്റിപ്പോയി എന്നതുമാത്രം ഉപയോഗിച്ചാണ് വെട്ടിയത്. വൈഷ്ണയുടെ അസാന്നിധ്യത്തില്‍ എടുത്ത മൊഴി അംഗീകരിക്കാന്‍ കഴിയില്ലെന്നറിയാമായിട്ടും ഇത് സ്വീകരിച്ചു.

വൈഷ്ണ സുരേഷിന്റെ വോട്ടി പുനസ്ഥാപിച്ചത് യുഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. വോട്ടവകാശം പുനസ്ഥാപിച്ചത് ഹൈക്കോടതിയുടെ നീതിയുക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇത് നിയമവാഴ്ചയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

'സിപിഎമ്മിന്റെ അന്യായമായ ഭരണ ദുസ്വാധീനമാണ് വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിച്ചത്. കോര്‍പ്പറേഷന്‍ സെക്രട്ടറിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും വൈഷ്ണയ്ക്ക് വോട്ടവകാശം നിഷേധിക്കരുതെന്ന് ഞാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു.' കെപിസിസി പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ സിപിഎമ്മിന്റെ സ്വാധീനത്തിന് വഴങ്ങി സര്‍ക്കാര്‍ സംവിധാനം നിയമവിരുദ്ധവും വസ്തുതാവിരുദ്ധവുമായി വൈഷ്ണയുടെ വോട്ടവകാശം നിഷേധിക്കുകയായിരുന്നു എന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

'വൈഷ്ണയ്ക്ക് കോടതി ചെലവ് നല്‍കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബാധ്യസ്ഥമാണ്. കോടതിയുടെ നീതിയുക്തവും സമയോചിതവുമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ വൈഷ്ണയ്ക്ക് സ്ഥാനാര്‍ത്ഥിത്വവും വോട്ടവകാശവും നിഷേധിക്കപ്പെടുമായിരുന്നു.' അദ്ദേഹം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭരണാധികാരികളും ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

വോട്ടര്‍പട്ടികയില്‍ പേര് പുനഃസ്ഥാപിച്ചതില്‍ സന്തോഷമെന്നും സത്യം ജയിക്കുമെന്നും വൈഷ്ണ സുരേഷ് പ്രതികരിച്ചു. പേര് പുനഃസ്ഥാപിച്ച് കിട്ടുന്നത് സംബന്ധിച്ച് എല്ലാ കാര്യങ്ങളും ഹൈകോടതിക്ക് മുമ്പില്‍ ബോധിപ്പിച്ചിരുന്നു. പാര്‍ട്ടി ജയിക്കുക എന്നതാണ് പ്രധാനം. മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലോ എന്ന് താന്‍ ആലോചിച്ചിരുന്നു. നിയമത്തിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനിലും ഉറച്ച വിശ്വാസമുണ്ടായിരുന്നു. വോട്ടര്‍പട്ടിക വിവാദത്തിലൂടെ ചെറിയ വാര്‍ഡായ മുട്ടടയെ സംസ്ഥാന ശ്രദ്ധയില്‍ എത്തിച്ചതായി പലരും പറഞ്ഞതായും വൈഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.