കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയില്‍ കഴുത്തിന് പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് വേദനക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. കടുത്ത വേദനക്ക് ആശ്വാസമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. കഴുത്തിലെ കശേരുക്കളില്‍ ഉണ്ടായ സമ്മര്‍ദമാണ് വേദനക്ക് കാരണം. ഉയര്‍ന്ന രക്തസമ്മര്‍ദം മരുന്നുകളാല്‍ നിയന്ത്രണ വിധേയമായി വരുന്നുണ്ട്. യാത്ര അനുവദിക്കാന്‍ കഴിയാത്തത് കൊണ്ട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

കെഎസ്യു പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിനെ ഇന്നലെ രാത്രിയാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്ക് സാരമുള്ളതല്ല. എംആര്‍ഐ സ്‌കാനില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴുത്തിലെ വേദന കൈയ്യിലേക്ക് ഇറങ്ങുന്നെന്ന് മന്ത്രി ഡോക്ടര്‍മാരെ അറിയിച്ചു. ഇടത് കൈയ്യിലെ ക്ഷതം സാരമുള്ളതല്ല. ന്യൂറോ സര്‍ജന്‍ ഉള്‍പ്പെടെയുള്ളവര്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചികിത്സാ പുരോഗതി വിലയിരുത്തി. രാത്രി മുതല്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നിരുന്നെങ്കിലും ഉച്ചയോടെ സാധാരണ നിലയിലായി.

കുടുംബത്തോടൊപ്പം കഴിയണമെന്നും തിരുവനന്തപുരത്തേക്ക് ചികിത്സ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നുകൂടി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ കെ.എസ്.യു കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പരിക്കേറ്റത്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റത്. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. തുടര്‍ന്ന് യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മന്ത്രിക്കൊപ്പം സ്പീക്കര്‍ ഷംസീറും ഉണ്ടായിരുന്നു. കണ്ണൂരില്‍ പലയിടത്തും മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.

ആദ്യം കല്യാടുള്ള ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തി. ഇതിന് ശേഷം പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. ഇതിന് ശേഷം കണ്ണൂര്‍ നഗരത്തിലെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗും പ്രതിഷേധിച്ചു.

അതിനിടെ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തുവന്നു. സ്പീക്കറുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. വീണാ ജോര്‍ജിന് നേരെ അതിക്രം ഉണ്ടായി എന്ന പരാതി സ്പീക്കറുടെ തിരക്കഥയാണെന്ന് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കള്‍ നിരന്തരം ആരോപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

വീണാ ജോര്‍ജിന് അതിക്രമം നേരിട്ടു എന്നത് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ തിരക്കഥയാണ് എന്നാണ് കെഎസ്യു നേതാക്കള്‍ ആരോപിക്കുന്നത്. വീണാ ജോര്‍ജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്നും എ എന്‍ ഷംസീര്‍ തയാറാക്കിയ തിരക്കഥയിലുണ്ടായ നാടകമാണത് എന്നുമായിരുന്നു കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന്റെ പ്രതികരണം. കരിങ്കൊടിയുടെ നൂലിഴ പോലും മന്ത്രിയെ സ്പര്‍ശിച്ചിട്ടില്ല. മന്ത്രി നടത്തിയ വ്യാജ ആരോപണത്തിന്റെ പേരില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കലാപത്തിന് ആഹ്വാനം ചെയ്തു. വീണാ ജോര്‍ജ് അഭിനയ റാണിയാണ് എന്നും മാപ്പ് പറയണമെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.

അതിക്രമപരാതിയുടെ തിരക്കഥ തയാറാക്കിയത് ഷംസീറാണ് എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയിലിന്റെ വിമര്‍ശനം. ആരോഗ്യമേഖലക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ ധരിക്കാനുള്ള ശ്രമമാണ് ഈ പരാതിയൊന്നും ബിനു പറഞ്ഞു. സമാന ആരോപണം ആവര്‍ത്തിച്ച യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ എം അഭിജിത്ത് ഡിജിപിക്കെതിരെയും രംഗത്തുവന്നു. ഡിജിപി എകെജി സെന്ററിലെ കഞ്ഞികുടിച്ച് യൂത്ത് കോണ്‍ഗ്രസിനെതിരെ വധശ്രമത്തിന് കേസെടുക്കുന്നുവെന്നും, എകെജി സെന്ററിലെ പ്യൂണ്‍ ആണ് അദ്ദേഹമെന്നുമാണ് അഭിജിത്ത് വിമര്‍ശിച്ചത്.

യൂത്ത് കോണ്‍ഗ്രസ് മന്ത്രിയെ ആക്രമിക്കില്ല, എന്നാല്‍ സിപിഐഎം ആക്രമിക്കും. രക്തസാക്ഷി പരിവേഷത്തിനായി നാടകം കളിക്കുകയാണ് മന്ത്രി. സിപിഐഎമ്മുകാര്‍ തന്നെ മന്ത്രിയെ ആക്രമിച്ചേക്കാമെന്നും അതിനാല്‍ മന്ത്രിയുടെ സുരക്ഷ ശക്തമാക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. മന്ത്രി വീണാ ജോര്‍ജ് മികച്ച നടിയാണെന്നും അഭിജിത്ത് പറഞ്ഞു.