കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെഎസ്‌യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റെന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിയുന്നു. കെ.എസ്.യു പ്രവര്‍ത്തകരെ ജയിലില്‍ അടക്കാന്‍ വേണ്ടിയാണ് ഈ നുണക്കഥയുമായി വീണ ജോര്‍ജ്ജും സംഘവും രംഗത്തുവന്നത്. ഇത് തെളിയിക്കുന്നതാണ് പുറത്തുവന്ന മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടും.

പ്രതികള്‍ കഴുത്തിന് ആക്രമിച്ചതായി റിപ്പോര്‍ട്ടിലും ഇല്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്തിന്റെ പലഭാഗങ്ങളില്‍ തൊടുമ്പോള്‍ വേദന മാത്രമാണ് ഉള്ളത്. എന്നാല്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതിയില്‍ ഉണ്ടായിരുന്നത്. ആയുധം ഉപയോഗിച്ചില്ലെന്ന് പോലീസും മൊഴി നല്‍കിയിരുന്നു.

പ്രതിഷേധത്തില്‍ അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. മന്ത്രിയെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയ പോലീസിന്റെ നടപടിയില്‍ പ്രഥമദൃഷ്ട്യാ യാതൊരു തെളിവുകളുമില്ലെന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി നിരീക്ഷിച്ചു. ആയുധം ഉപയോഗിച്ചതിനോ മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിനോ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി അഞ്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചത്.

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രവര്‍ത്തകരെയാണ് കരിങ്കൊടി പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ആയുധങ്ങളുമായി എത്തി മന്ത്രിയുടെ കഴുത്തിന് നേരെ അക്രമം നടത്തിയെന്നും കൊല്ലുമെന്ന് ആക്രോശിച്ചുവെന്നുമാണ് പോലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള യാതൊരു തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന പോലീസിന്റെ വാദത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഒട്ടും പിന്തുണയ്ക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മന്ത്രിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയിലോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലോ ആയുധം കൊണ്ടുള്ള ആക്രമണത്തെക്കുറിച്ചോ അതുകൊണ്ടുണ്ടായ പരിക്കുകളെക്കുറിച്ചോ പരാമര്‍ശമില്ല. കൂടാതെ, പ്രതികളെ സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയില്‍ എടുത്തിട്ടും ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് പറയുന്ന ആയുധം കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നതും കോടതി നിരീക്ഷിച്ചു.

വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നിര്‍ണായക മൊഴി നല്‍കി പൊലീസ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്നത് പ്രതിഷേധം മാത്രമാണ്. പ്രതിഷേധത്തിനിടെ കെ.എസ്.യു. പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് ആയുധമില്ലാതെ ആണെന്നും കൈയില്‍ ഉണ്ടായിരുന്നത് കരിങ്കൊടി മാത്രമാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിന്റെ മുന്നില്‍ മൊഴി രേഖപ്പെടുത്തിയത്.

ഫെബ്രുവരി 25 ബുധനാഴ്ചയാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റിരുന്നു. വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. തുടര്‍ന്ന് യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം, ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി ജില്ല സെഷന്‍ കോടതിയാണ് കെ.എസ്.യു കണ്ണൂര്‍ ജില്ല പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ വീണ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് ആര്‍.പി.എഫ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. പ്രതിഷേധത്തിന് പിന്നാലെ റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ആര്‍.പി.എഫ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രിയെ ജില്ല ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസത്തെ ചില്‍കിത്സക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു.