ആലപ്പുഴ: മുസ്ലീംലീഗിനെ കടന്നാക്രമിച്ചും, വിവാദങ്ങളില്‍ നിലപാട് ആവര്‍ത്തിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നു. താന്‍ വിമര്‍ശിച്ച മുസ്ലീം ലീഗിനെയാണ്. പ്രശ്നാധിഷ്ഠിതമായ അഭിപ്രായങ്ങളാണ് ഞാന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരിയില്‍ മാധ്യമങ്ങളുമായുണ്ടായ തര്‍ക്കം ഉള്‍പ്പെടെ വിശദീകരിച്ചാണ് വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ടത്.

ലീഗ് ഭരണത്തില്‍ ഇരുന്നപ്പോള്‍ സാമൂഹ്യ നീതി നടപ്പാക്കിയില്ല. മലപ്പുറത്ത് മുസ്ലീം സമുദായത്തിന് മുട്ടിന് മുട്ടിന് കോളജുകള്‍ അനുവദിച്ചു. ഈഴവ സമുദായത്തിന് അനുവദിച്ചത് ഒരു എയ്ഡഡ് കോളജ് മാത്രമാണ് ലഭിച്ചത്. ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയോ എന്ന് ആത്മ പരിശോധന നടത്തണം. മുസ്ലീം ലീഗ് നേതാക്കള്‍ ഈഴവര്‍ക്ക് എതിരെ മൂസ്ലീം സമുദായത്തെ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. മാറാട് കലാപം ആവര്‍ത്തിക്കാന്‍ ആണ് ലീഗിന്റെ ശ്രമം എന്നും വെള്ളാപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് സിപിഐ മുന്നണിയ്ക്കുള്ളില്‍ പറയണം. മുന്നണിയില്‍ പറയേണ്ടത് പുറത്ത് പറഞ്ഞ് വിവാദമുണ്ടാക്കി. പിന്നോക്കക്കാരുടെ പിന്തുണയാണ് ഇടതുപക്ഷത്തിന്റെ അടിത്തറ. ഇത് സിപിഐ മനസിലാക്കണം. താന്‍ പിണറായിയുടെ ജിഹ്വയല്ലെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഐയ്‌ക്കെതിരെയും വെള്ളാപ്പള്ളി വിമര്‍ശനമുന്നയിച്ചു. സിപിഐ നിലപാട് മുന്നണിയില്‍ അനൈക്യമെന്ന തോന്നലുണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇടതിന്റെ പിന്‍ബലം പിന്നാക്കക്കാരുടെ പിന്തുണയാണ്. അത് സിപിഐ മനസിലാക്കണം. ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് ആത്മാര്‍ത്ഥതയുള്ളതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനില്ല. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. നേരത്തെ സിപിഐ മൂഢസ്വര്‍ഗത്തിലെന്ന് വെളളാപ്പളളി നടേശന്‍ പരിഹസിച്ചിരുന്നു. യോഗനാദത്തിലെ ലേഖനത്തിലാണ് പരാമര്‍ശം. ഈഴവരുള്‍പ്പെടെ പിന്നാക്കസമുദായം ഇടതുപാര്‍ട്ടികളുടെ നട്ടെല്ല്. സിപിഐയുടെ നവനേതാക്കള്‍ക്ക് ആ ബോധ്യമിസ്സ.സിപിഎമ്മും താനുമായുളള ബന്ധം തിരിച്ചടിയായെന്ന് വിമര്‍ശിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ് മുഖ്യമന്ത്രിയുടെ കാറില്‍ സഞ്ചരിച്ചാല്‍ എന്ത് സംഭവിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദവും സ്‌നേഹവും ആണുള്ളത്.കാറില്‍ കയറിയത് രാജ്യദ്രോഹം ചെയ്തതുപോലെ വരുത്താന്‍ ശ്രമം നടക്കുന്നു.ഉന്നതജാതിക്കാരനോ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടയാളോ എങ്കില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.