തിരുവനന്തപുരം: വിവാദ പ്രസ്താവനകളുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലിംലീഗിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി രംഗത്തുവന്നത്. മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണ്. സംസ്ഥാനത്ത് മത രാഷ്ട്രം സ്ഥാപിക്കാനാണ് അവരുടെ ലക്ഷ്യം. മുസ്ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

മലപ്പുറം ജില്ല ആര്‍ക്കും ബാലികേറാമലയല്ലെന്ന് താന്‍ പറഞ്ഞതിന്റെ പേരില്‍ ലീഗ് തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവര്‍ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേര്‍ന്ന് തന്നെ വേട്ടയാടി.' മുസ്ലിം ലീഗ് വരയ്ക്കുന്ന ലക്ഷ്മണ രേഖ മറികടക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മുസ്ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. തന്റെ അഭിപ്രായസ്വാതന്ത്ര്യത്തെപോലും ലീഗ് ചോദ്യം ചെയ്തു. മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തില്‍ മതരാഷ്ട്രീയം സ്ഥാപിക്കുക എന്നതാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന, ഒരു കാലത്ത് ജനങ്ങളെ വളര്‍ത്താനും ഉയര്‍ത്താനും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആര്‍ ശങ്കര്‍ ഉള്‍പ്പെടെയുള്ള മഹാന്മാര്‍ നയിച്ച കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് അപ്രസക്തമായി മാറിയിരിക്കുകയാണ്. കുറേപ്പേര്‍ കേരള കോണ്‍ഗ്രസിലേക്കും, കുറേ ബിജെപിയിലേക്കും പോയപ്പോള്‍ കോണ്‍ഗ്രസ് ശോഷിച്ചപ്പോള്‍, ആരാലും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മുസ്ലിം സംഘടനകള്‍ വളര്‍ന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

രാഷ്ട്രീയത്തില്‍ ഈഴവ സമുദായത്തോട് വിവേചനമുണ്ട്. ഈഴവരായ ആരു വന്നാലും വളരാന്‍ അനുവദിക്കില്ല. വിഎസ് അച്യുതാനന്ദനെയും ഗൗരിയമ്മയെയും പിണറായി വിജയനെയും പറ്റി എന്തൊക്കെയാണ് പറഞ്ഞത്. അച്യുതാനന്ദനെ ജാതി പറഞ്ഞ് ആക്ഷേപിച്ചില്ലേ. മറ്റു സമുദായക്കാര്‍ പലരും മന്ത്രിമാരായിട്ടുണ്ടല്ലോ. അവരെക്കുറിച്ചെന്താണ് ആരും പറയാത്തത്. ഇപ്പോള്‍ ദേവസ്വം മന്ത്രി വാസവന്‍ രാജിവെക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്.

മുഖ്യമന്ത്രിയും മന്ത്രി വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു. 'സമുദായംഗങ്ങളെ വളരാനും വളര്‍ത്താനും അനുവദിക്കാത്ത സമീപനമാണ് പൊതുവെ ഇവിടെയുള്ളത്. ഈഴവരെ വളരാനും വളര്‍ത്താനും അനുവദിക്കുന്നില്ല. ഈഴവര്‍ ഒരു കാരണവശാലും രാജ്യം ഭരിക്കരുതെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകും. വിജയന്‍ എന്നാല്‍ വിജയിക്കാന്‍ ജനിച്ചവന്‍ എന്നാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.