കൊല്ലം: പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില്‍ പുതുയുഗം സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ല. പുതുയുഗ യാത്രയ്ക്ക് പിന്നില്‍ കെസി വേണുഗോപാല്‍. കെ സി വേണുഗോപാലിന് ബുദ്ധിയും ശക്തിയും മണി പവറും ഉണ്ട്. പ്രതിപക്ഷ നേതാവ് ആയതിനു ശേഷം സതീശന്‍ തവള വീര്‍ത്ത പോലെ വീര്‍ത്തു ലീഗിന്റെ നാവാണ് പ്രതിപക്ഷ നേതാവിന്. പറവൂരില്‍ കരഞ്ഞത് നാടകം കളിച്ചു. കോണ്‍ഗ്രസില്‍ വി ഡി സതീശന്‍ ഒറ്റക്ക്. വിഡി സതീശന്‍ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്നു പറക്കും. വേണുഗോപാല്‍ ആണ് മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ പിന്നെ ചെന്നിത്തലയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല സ്വര്‍ണ്ണക്കെള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. തന്ത്രി കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതി. ഒരു കോടതിയെ തന്ത്രിയെ വെറുതെ വിട്ടിട്ടുള്ളൂ. മറ്റൊരു കോടതിയില്‍ എത്തിയാല്‍ തന്ത്രി കുറ്റവാളി ആയേക്കാം. തന്ത്രിയെ മാത്രം എന്തിന് സംരക്ഷിക്കണം. ശങ്കര്‍ ദാസ് ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ കിടക്കുന്നു. വാസു അഴിമതി കാണിച്ചെന്ന് താന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് വേണ്ടി പറയാന്‍ ഇവിടെ ആരുമില്ല. തന്ത്രിക്ക് വേണ്ടി പറയാന്‍ രാഷ്ട്രീയക്കാര്‍ മത്സരിക്കുന്നു. തിരഞ്ഞെടുപ്പ് വരെ തന്ത്രിയുള്ളൂ. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്ത്രിയും ചാവും ശബരിമലയും പോകുമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കരുതെന്നും നിലവിലെ സ്ഥിതി തുടരണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയത്തിലെ മാര്‍ക്കറ്റിംഗ് പ്രചരണത്തില്‍ യുഡിഎഫ് മുന്നിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വെള്ളാപ്പള്ളി പ്രശംസിച്ചു. കഴിവ് ഉള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോര്‍ജെന്നും എന്ത് തെറ്റ് ഉണ്ടായാലും അവരാണ് കുറ്റക്കാരി എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും വെള്ളപ്പള്ളി ആവര്‍ത്തിച്ചു. താന്‍ വീണ്ടും മത്സരിക്കും, വിജയിക്കുകയും ചെയ്യും. മത്സരിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ട്. ആരോപണം ഉന്നയിക്കാന്‍ എല്ലാവര്‍ക്കും കഴിയും, പക്ഷേ തെളിവ് എവിടെയെന്ന് കൂടി പറയണം. കല്ലുവെച്ച പച്ചക്കള്ളം പറയുന്നു. മൈക്രോ ഫിനാന്‍സ് കേസില്‍ താന്‍ തെറ്റുകാരന്‍ അല്ലെന്ന് പൂര്‍ണ്ണ ആത്മവിശ്വാസം ഉണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.