ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരെ എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍. സുരക്ഷാ മുന്നറിയിപ്പുകളെല്ലാം വിജയും കൂട്ടരും കാറ്റില്‍പ്പറത്തിയ കാര്യമാണ് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടുന്നത്. നിശ്ചിത സമയപരിധി അടക്കം നിശ്ചയിച്ചാണ് പാര്‍ട്ടി പരിപാടിക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കരൂരിലേക്കുള്ള വരവ് വിജയ് മനഃപൂര്‍വം നാലു മണിക്കൂറോളം വൈകിപ്പിച്ചു. അനുവാദമില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. ദുരന്തമുണ്ടായി 11 പേരുടെ മരണം സ്ഥിരീകരിച്ചശേഷം രാത്രി 9 മണിയോടെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് വിജയിനെതിരെ ഗുരുതര ആരോപണങ്ങളുള്ളത്.

സ്വന്തം പാര്‍ട്ടിയുടെ ശക്തി പ്രകടനമാണ് വിജയ് കരൂരില്‍ ലക്ഷ്യമിട്ടത്. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിനും, കൂടുതല്‍ ആളെ എത്തിക്കുന്നതിനും വേണ്ടി വൈകുകയും റോഡ് ഷോ നടത്തുകയും ചെയ്തു. അനുമതിയില്ലാതെ പലയിടത്തും വിജയ് റോഡില്‍ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങിയാണ് സ്ഥലത്തെത്തിയത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തമിഴക വെട്രി കഴകം സംസ്ഥാന ഭാരവാഹികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കാന്‍ കൂട്ടാക്കിയില്ലെന്നും എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടുന്നു.

ആള്‍ക്കൂട്ടം വളരെ മണിക്കൂറുകളായി കാത്തിരിക്കുന്നു, ഇനിയും അനിയന്ത്രിതമായി ആളുകളെത്തിച്ചേരുന്ന സ്ഥിതിയാണ്. അതിനാല്‍ പരിപാടി ഇനിയും വൈകരുതെന്ന് നിര്‍ദേശിച്ചു. അനുമതിയില്ലാതെ വിജയ് റോഡില്‍ ഇറങ്ങുന്നതും പ്രശ്നമാകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചതാണ് ഇത്രയേറെ മരണത്തിന് കാരണമായെന്നും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍ കേസില്‍ വിജയിനെ പ്രതിയാക്കിയിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ അത് രാഷ്ട്രീയമായി തിരിച്ചടിയേല്‍ക്കുമെന്നാണ് എം കെ സ്റ്റാലിന്റെ കണക്കുകൂട്ടല്‍.

തിടുക്കപ്പെട്ട് വിജയിനെ പ്രതി ചേര്‍ക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എം കെ സ്റ്റാലിന്‍ സര്‍ക്കാരുള്ളത്. അതേസമയം ദുരന്തത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും, സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജി അടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ടിവികെ ആരോപിക്കുന്നുണ്ട്. ദുരന്തത്തില്‍ 41 പേരാണ് മരിച്ചത്. നിരവധി പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

ടിവികെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദന്‍, ടിവികെ കരൂര്‍ ജില്ലാ ഭാരവാഹികളായ മതിയഴകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നിലവില്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. വിജയ് ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കരൂരില്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞു. സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ശനിയാഴ്ച രാത്രിയാണ് കരൂരില്‍ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ചത്. 10 പേര്‍ കുട്ടികളും 17 പേര്‍ സ്ത്രീകളുമാണ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം വീതവും സഹായ ധനം നല്‍കുമെന്ന് ടി.വി.കെ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ ഇരട്ടി തുകയാണിത്.