ഡൽഹി: രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി നടൻ വിജയിയുടെ അവസാന ചിത്രമായി വിലയിരുത്തപ്പെടുന്ന 'ജനനായകന്' സുപ്രീംകോടതിയിൽ തിരിച്ചടി. സെൻസർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് നിർമ്മാതാക്കൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് പരമോന്നത കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയത്തിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് വ്യക്തമാക്കിയത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. ഹർജി 20 ദിവസത്തിനുള്ളിൽ പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്ന 'ജനനായകൻ' ഏകദേശം 500 കോടി രൂപ മുതൽമുടക്കിയാണ് ഒരുങ്ങുന്നത്. ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വലിയ നഷ്ടം നേരിടുകയാണെന്ന് നിർമ്മാതാക്കൾ തങ്ങളുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എച്ച്. വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അനിരുദ്ധ് സംഗീത സംവിധാനവും സത്യൻ സൂര്യൻ ഛായാഗ്രഹണവും അനില്‍ അരശ് ആക്ഷനും വി. സെൽവകുമാർ കലാസംവിധാനവും നിർവഹിക്കുന്നു. ബോബി ഡിയോൾ, പൂജാ ഹെഗ്‍ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം 1000 കോടി ക്ലബ്ബിൽ ഇടം നേടുമോ എന്ന ആകാംഷയിലാണ് ആരാധകർ. വിജയിയുടെതായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം 'ദി ഗോട്ട്' ആണ്. സെൻസർ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ, ചിത്രത്തിന്റെ ഭാവി മദ്രാസ് ഹൈക്കോടതിയുടെ വേഗത്തിലുള്ള തീരുമാനത്തെ ആശ്രയിച്ചിരിക്കുകയാണ്.

അതേസമയം, കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ജനുവരി 19ന് രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ നടനും ടിവികെ നേതാവുമായ വിജയ്‌യോട് സിബിഐ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ജനുവരി 12ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വച്ച് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് വീണ്ടും ഹാജരാകാൻ നിർദേശം. ഏകദേശം 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ 2025 സെപ്റ്റംബറിൽ കരൂരിലുണ്ടായ അപകടത്തെ കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഭവിച്ച വീഴ്ചയെ കുറിച്ചുമാണ് പ്രധാനമായും സിബിഐ ചോദിച്ചത്.

കഴിഞ്ഞ സെപ്റ്റംബർ 27നായിരുന്നു കരൂരിൽ വിജയ് പങ്കെടുത്ത റാലിയിൽ തിക്കും തിരക്കുമുണ്ടായി വൻ ദുരന്തം സംഭവിച്ചത്. വൻ രാഷ്ട്രീയ വിവാദം കൂടിയായി മാറിയ സംഭവത്തിന്റെ അന്വേഷണം സുപ്രീംകോടതി സിബിഐക്ക് വിട്ടിരുന്നു. ടിവികെ തന്നെ നൽകിയ ഹർജിയിലായിരുന്നു ഇത്.

മുൻ സുപ്രീംകോടതി ജഡ്ജി അജയ് റസ്തോഗി അധ്യക്ഷനായ സമിതിയുടെ മേൽനോട്ടത്തിലാണ് സിബിഐ അന്വേഷണം. 9 കുട്ടികൾ ഉൾപ്പെടെയാണ് 41 പേർ കരൂരിൽ മരിച്ചത്. 146 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ 41 കുടുംബങ്ങളെയും ദത്തെടുക്കുമെന്നും വിദ്യാഭ്യാസവും ചികിത്സയും ഉൾപ്പെടെ എല്ലാ ചെലവുകളും വഹിക്കുമെന്നും ടിവികെ പ്രഖ്യാപിച്ചിരുന്നു. കരൂർ ദുരന്തത്തിന് ശേഷം മാസങ്ങൾക്ക് ശേഷമാണ് വിജയ് പൊതുരംഗത്ത് വീണ്ടും സജീവമായത്