കണ്ണൂര്‍: വി കുഞ്ഞികൃഷ്ണനെ പുറത്താക്കിക്കൊണ്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വിളിച്ച വാര്‍ത്താസമ്മേളത്തില്‍ നിറഞ്ഞത് ഏഷ്യനെറ്റ് ന്യൂസ് ചാനലിലെ വിനു വി ജോണിന് നല്‍കിയ അഭിമുഖം. സിപിഎം വിലക്കേര്‍പ്പെടുത്തിയ മാധ്യമപ്രവര്‍ത്തകനാണ് വിനു വി ജോണ്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ചാനലില്‍ വിനുവിനെ പോലുള്ള ആള്‍ക്ക് എന്തിനാണ് വി കുഞ്ഞികൃഷ്ണന്‍ അഭിമുഖം നല്‍കിയത് എന്നാണ് കെ കെ രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചത്.

'വി കുഞ്ഞികൃഷ്ണന്‍ എതിരാളികളുടെ കോടാലിക്കൈ ആയി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ ചാനലില്‍ അഭിമുഖം വന്നത് യാദൃശ്ചികമായി പാര്‍ട്ടി കാണുന്നില്ല. അജണ്ട സെറ്റ് ചെയ്ത് വന്ന അഭിമുഖമാണെനന്നാണ് രാഗേഷ് വാദിച്ചത്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളതെന്ന് കെ കെ രാഗേഷ് പറഞ്ഞു. ടി ഐ മധുസൂദനന്‍ എംഎല്‍എയെ കുഞ്ഞികൃഷ്ണന്‍ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും എംഎല്‍എയുടെ സ്വീകാര്യതയെ ഇല്ലാതാക്കാനുളള ശ്രമമാണ് നടത്തിയതെന്നും കെ കെ രാഗേഷ് ആവര്‍ത്തിച്ചു.

ധനരാജ് രക്തസാക്ഷി ഫണ്ടിലേക്ക് എത്ര രൂപ പിരിച്ചു? എത്ര രൂപ ചിലവാക്കി? എത്ര രൂപ നീക്കിയിരിപ്പുണ്ട്? ആ കണക്ക് പുറത്തു വിടാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് കെ കെ രാഗേഷ് പ്രതിരോധിച്ചത്. ഇക്കാര്യത്തില്‍ ആവര്‍ത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും രാഗേഷ് ഒഴിഞ്ഞു മാറി. പാര്‍ട്ടിയില്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ കണക്കു നല്‍കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു രാഗേഷിന്റെ പ്രതിരോധം.

കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ 2022-ല്‍ ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്തതാണ്. അന്ന് ജില്ലാ കമ്മിറ്റി തീരുമാനമെടുത്തതാണ്. പിന്നീട് കുറച്ചുകാലം വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നില്ല. സമ്മേളനത്തിന് ശേഷമാണ് ജില്ലാ കമ്മിറ്റിയിലേക്ക് വീണ്ടും എത്തിയത്. ഡിസി അംഗമായതിന് ശേഷം വീണ്ടും ആരോപണം ഉന്നയിച്ചു. ടി ഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിച്ചു.

പയ്യന്നൂര്‍ റൂറല്‍ ബാങ്ക് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അത്. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട പദവികളില്‍ മധുസൂദനന്‍ ഉണ്ടായിരുന്നില്ല. ഇ പി ജയരാജന് വേണ്ടി ടി ഐ മധുസൂദനന്‍ മുഖാന്തിരം ജോത്സ്യന്‍ മുഖേന അമിത് ഷായെ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന് ആരോപണമുയര്‍ത്തി. തെളിവ് ചോദിച്ചപ്പോള്‍ അത് അവിടുന്നും ഇവിടെന്നും കേട്ടതാണ് എന്നാണ് പറഞ്ഞത്. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് കമ്മിറ്റിയില്‍ പറഞ്ഞത്. പാര്‍ട്ടി ചര്‍ച്ചകള്‍ കുഞ്ഞികൃഷ്ണന്‍ ചോര്‍ത്തി. പുതിയ പ്രതിബിംബം ഉണ്ടാക്കാനാണ് കുഞ്ഞികൃഷ്ണന്‍ ശ്രമിച്ചത്. പാര്‍ട്ടിയെ വഞ്ചിച്ച് വാര്‍ത്ത ചോര്‍ത്തി': കെ കെ രാഗേഷ് പറഞ്ഞു.

ധന്‍രാജ് ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകള്‍ വെളിപ്പെടുത്താവന്‍ പറ്റില്ലെന്ന നിലപാടാണ് രാഗേഷ് ഉയര്‍ത്തിയത്. 'വ്യക്തിപരമായി ധനാപഹരണം നടത്തിയിട്ടില്ല. 2015- 2018 കാലത്താണ് ഫണ്ട് ശേഖരണം നടത്തിയത്. വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചിട്ടില്ല. നാല് വര്‍ഷത്തെ താമസമുണ്ടായി. ബന്ധപ്പെട്ട സഖാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. കുഞ്ഞികൃഷ്ണന്റെ ഇടപെടല്‍ ദുരൂഹമാണെന്നും രാഗേഷ് ആരോപിച്ചു.

കുഞ്ഞിക്കൃഷ്ണന്‍ വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുന്നു. ഫണ്ട് ശേഖരണത്തിനുള്ള ചില റസീപ്റ്റ് ബുക്കുകള്‍ പാര്‍ട്ടി ഓഫിസില്‍നിന്ന് നഷ്ടപ്പെട്ടു. ഓഡിറ്റര്‍മാര്‍ അക്കാര്യം വിശദമായി പരിശോധിച്ചു. ഓഫിസ് സെക്രട്ടറിയുടെ ഭാഗത്താണ് വീഴ്ച വന്നത്. അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു.

കുഞ്ഞിക്കൃഷ്ണന്‍ ആരോപിക്കുന്നതുപോലെ പണം നഷ്ടപ്പെട്ടിട്ടില്ല. ധനരാജ് ഫണ്ട് കൈകാര്യം ചെയ്തത് മധുസൂദനനല്ല. ധനാപഹരണം നടന്നതായി പാര്‍ട്ടി കണ്ടെത്തിയിട്ടില്ല. എന്നാല്‍, വരവു ചെലവ് കണക്ക് സമയബന്ധിതമായി നല്‍കാത്തത് വീഴ്ചയാണ്. കണക്കു സമര്‍പ്പിക്കാന്‍ 4 വര്‍ഷത്തെ കാലതാമസമുണ്ടായി. 2022ല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ധനാപഹരണ നടന്നതിനല്ല, പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിനായിരുന്നു നടപടിയെന്നും കെ.കെ.രാഗേഷ് പറഞ്ഞു.

കുഞ്ഞിക്കൃഷ്ണനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. കുഞ്ഞിക്കൃഷ്ണനു താരപരിവേഷം വന്നത് ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിലാണ്. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച് പ്രധാന കമ്മിറ്റികളില്‍നിന്ന് നേരത്തെ ഒഴിവാക്കിയതാണ്. പിന്നീട് സമവായം എന്ന നിലയില്‍ കുഞ്ഞിക്കൃഷ്ണനെ ജില്ലാ കമ്മിറ്റി അംഗമാക്കി. ഇതു തിരിച്ചടിയായെന്നും വിമര്‍ശനം ഉയര്‍ന്നു.

'പാര്‍ട്ടി പിരിച്ച പണത്തിന്റെ കണക്ക് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. പാര്‍ട്ടി കണക്ക് പാര്‍ട്ടിക്കുള്ളില്‍ പറയും. പാര്‍ട്ടി കമ്മിറ്റി രക്തസാക്ഷി ഫണ്ട് അംഗീകരിച്ചതാണ്. ജനങ്ങള്‍ക്ക് മുന്നില്‍ വസ്തുത അവതരിപ്പിക്കും'രക്തസാക്ഷി ഫണ്ടിലെ ആരോപണങ്ങളെ സംബന്ധിച്ച് കെ.കെ.രാഗേഷിന്റെ മറുപടി ഇങ്ങനെ.