- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രയല്‍ റണ്‍ കാലത്തു തന്നെ തുറമുഖത്തിന് വരുമാനം കിട്ടി തുടങ്ങും; കേന്ദ്രത്തിനും സംസ്ഥാനത്തിനും നികുതി വരുമാനവും; വിഴിഞ്ഞത്തിലൂടെ പണവും സമയ ലാഭവും
തിരുവനന്തപുരം: കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയുന്ന മദര്‍പോര്‍ട്ടായി വിഴിഞ്ഞം മാറുന്നതോടെ കേരളം അടിമുടി മാറുമെന്ന് പ്രതീക്ഷ. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, മാരിടൈം, ടൂറിസം രംഗങ്ങളില്‍ അമ്പരപ്പിക്കുന്ന പുരോഗതിയുടെ ചാലക ശക്തിയായി വിഴിഞ്ഞം മാറും. ഇതിന് വേണ്ടി പ്രത്യേക പദ്ധതികളും ആവഷ്കരിക്കും.
കൂറ്റന്‍ മദര്‍ഷിപ്പുകളാണ് രാജ്യാന്തര ചരക്കുകടത്തിന്റെ പ്രധാനമാര്‍ഗം. സ്വന്തമായി 'മദര്‍ പോര്‍ട്ടുകള്‍' ഇല്ലാത്തത് ഇന്ത്യയ്ക്ക് നഷ്ടമുണ്ടാക്കി. കൊളംബോ, സിംഗപ്പുര്‍, ദുബായ് തുടങ്ങിയ തുറമുഖങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഈ കുറവ് പരിഹരിക്കുകയാണ് വിഴിഞ്ഞം. അനുബന്ധ വ്യവസായങ്ങള്‍ക്കും സാധ്യത കൂട്ടും. ടൂറിസം മേഖലയ്ക്ക് കുതിപ്പ് നല്കുന്ന ക്രൂസ് ഷിപ്പുകളുടെയും ക്രൂ ചെയ്ഞ്ചിന്റെയും മേഖലയായി മാറും. വിദേശ തുറമുഖത്ത് ഇറങ്ങുന്ന ഒരു കണ്ടെയ്നര്‍ ഇന്ത്യയിലെത്തിക്കാന്‍ ഏകദേശം 10000 രൂപ അധിക ചെലവ് വരും. അതായത് വിഴിഞ്ഞത്തിലൂടെ പണവും സമയവും ലാഭിക്കാം.
രാജ്യത്ത് ആദ്യമായി തുറമുഖ നിര്‍മാണത്തിന് 'വയബിലിറ്റി ഗ്യാപ്പ് ഫണ്ട്' കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത് ഈ തുറമുഖത്തിന് വേണ്ടിയാണ്. അദാനി ഗ്രൂപ്പിന് 40 വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല. അതു കഴിഞ്ഞും നല്കാന് സാധ്യതയുണ്ട്. രണ്ടു ഘട്ടം വികസനങ്ങള്‍ കൂടി കഴിയുമ്പോള്‍ ബെര്‍ത്തിനു 1600 മീറ്റര്‍ നീളമുള്ള വന്‍കിട തുറമുഖം സജ്ജമാകും. പദ്ധതി പ്രദേശത്തിന്റെ പ്രത്യേക ഘടന മൂലം സമുദ്രത്തിലേക്ക് തള്ളി നില്ക്കുന്ന ഒരു നിര്‍മിതിയായി വിഴിഞ്ഞം മാറുകയില്ല. ഇത് പാരിസ്ഥിതിക ആഘാതം കുറയ്ക്കും.
വിഴിഞ്ഞം തുറമുഖത്ത് കാറ്റ്, തിരമാല, ഹൈഡ്രജന്‍ എന്നീ ഇന്ധനങ്ങളെ ഉപയോഗപ്പെടുത്തിയുള്ള പുനരുപയോഗ ഊര്‍ജ പാര്ക്കിന് സാധ്യതയുണ്ട്. ലോജിസ്റ്റിക് പാര്‍ക്കുകളുടെയും ചരക്കു നീക്കത്തിന് വഴിയൊരുക്കുന്ന 'കണ്ടെയ്നര്‍ ഫ്രയ്റ്റ്' സ്റ്റേഷനുകള്‍ക്കും സാധ്യതയുണ്ട്. അങ്ങനെ വലിയ വികസന സ്വപ്നത്തിലാണ് വിഴിഞ്ഞം. വെയര്‍ ഹൗസുകള്‍, ഹോട്ടലുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവയും വരും. മംഗലാപുരം വരെ നീളുന്ന തീരദേശ കപ്പല്‍ഗതാഗത ശൃംഖലയും, കന്യാകുമാരിയെ കൊല്ലവും ആലപ്പുഴയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രാ കപ്പല്‍ സര്‍വ്വീസും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
തുറമുഖത്തിന്റെ അടുത്ത മൂന്നുഘട്ടങ്ങള് നിശ്ചയിച്ചതിലും 15 വര്‍ഷം നേരത്തെ പൂര്‍ത്തിയാക്കും. 'സാന്‍ ഫെര്‍ണാണ്ടോ ' നാളെ മടങ്ങുന്നതിന് പിന്നാലെ, രണ്ട് ഫീഡര്‍ ഷിപ്പുകളും അടുത്തയാഴ്ച ഒരു മദര്‍ഷിപ്പും തുറമുഖത്തെത്തും. 800 മീറ്റര്‍ ബെര്‍ത്തും, 3000 മീറ്റര്‍ ബ്രേക്ക് വാട്ടറുമായി ഒരേ സമയം രണ്ട് മദര്‍ കണ്ടെയ്നര്‍ ഷിപ്പുകള്‍ക്ക് എത്താന്‍ കഴിയുന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടം.
വര്‍ഷം പത്ത് ലക്ഷം ടിഇയു കണ്ടെയ്നറുകള്‍ ഒന്നാം ഘട്ടത്തില്‍ തുറമുഖത്തിന് കൈകാര്യം ചെയ്യാനാകും. രണ്ടും മൂന്നും നാലും ഘട്ടം പൂര്‍ത്തിയാകുന്നതോടെ ബെത്തിന്റെ നീളം രണ്ടായിരം മീറ്റര്‍ ആയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന കണ്ടെയ്നറുകളുടെ എണ്ണം വര്‍ഷം 30 ലക്ഷമായും വര്‍ദ്ധിക്കും. ഒരേ സമയം 5 മദര്‍ ഷിപ്പുകള്‍ക്ക് വരാനാകും. ഈ തരത്തില്‍ 2028ഓടെ വിഴിഞ്ഞം അതിന്റെ സമ്പൂര്‍ണ ശേഷിയില്‍ എത്തും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
കമ്മീഷനിങ് കഴിഞ്ഞ ഒരു തുറമുഖം പോലെ തന്നെയാണ് ട്രയല്‍ റണില്‍ തുറമുഖം പ്രവര്‍ത്തിക്കുക. തുറമുഖത്തിന് കപ്പല്‍ പ്രവേശന ഫീസ് നല്‍കണം. ഇറക്കുന്ന ചരക്കുകള്‍ക്ക് കസ്റ്റംസ് നികുതിയും നല്‍കണം. ചുരുക്കത്തില്‍ ട്രയല്‍ റണ്‍ കാലത്തു തന്നെ തുറമുഖത്തിന് വരുമാനം കിട്ടി തുടങ്ങും. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നികുതി വരുമാനവും.