- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2000 കണ്ടൈനറുമായി 'സാന്‍ ഫെര്‍ണാണ്ടോ' എത്തുന്നതോടെ വിഴിഞ്ഞം മദര്‍ പോര്‍ട്ടായി മാറും; ആദ്യ കപ്പല്‍ ഇന്നെത്തും; കേരളത്തിന്റെ വികസനത്തിന് ഇനി പുതുവേഗം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെര്‍ത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റന്‍ കപ്പലാണ് ആദ്യം എത്തുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്കിന്റെ ചാര്‍ട്ടേഡ് മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോ ആണ് വിഴിഞ്ഞത്ത് ആദ്യം എത്തുക. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വികസന സ്വപ്നത്തിനും പുതു വേഗമാകും.
ട്രയല്‍ റണിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. ബെര്‍ത്തില്‍ എത്തുന്ന കപ്പലിന്റെ കസ്റ്റംസ് ക്ലിയറന്‍സ് ഉള്‍പ്പെടേയുള്ള ഡോക്യുമെന്റഷന്‍ നടപടികളും ചരക്ക് നീക്കവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തുറമുഖം സജ്ജമാണോയെന്നും ക്രെയ്നുകള്‍ ഉള്‍പ്പെടേയുള്ള യന്ത്രങ്ങളുടെ കാര്യക്ഷമതയുമാണ് ട്രയല്‍ റണില്‍ പരിശോധിക്കുക. ട്രയല്‍ റണ്‍ പൂര്‍ത്തിയായാല്‍ ഉദ്ഘാടനം. ഔദ്യോഗികമായി ഈ ഓണത്തിന് വിഴിഞ്ഞം തുറക്കുമെന്നാണ് പ്രതീക്ഷ.
ഡാനിഷ് കമ്പനി മെര്‍സ്ക് ലെയ്നിന്റെ കണ്ടെയ്നര്‍ ഷിപ്പ് 'സാന്‍ ഫെര്‍ണാണ്ടോ' എത്തുന്നതോടെ വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി മദര്‍ പോര്‍ട്ടായി മാറും. ഓപ്പറേഷന് കപ്പാസിറ്റിക്ക് അപ്പുറമുള്ള ട്രാഫിക്കാണ് നിലവില്‍ ദുൈബയും കൊളംബോയുമൊക്കെ നേരിടുന്നത്. ഈ സാഹചര്യത്തില്‍ രാജ്യാന്തര ഷിപ്പിങ് കമ്പനികള്‍ വിഴിഞ്ഞത്തെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷ. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ മെര്‍സ്ക് ലൈന്‍ തന്നെ വിഴിഞ്ഞത്തിന്റെ ട്രയല്‍ റണില്‍ പങ്കാളിയാകുന്നത് ഈ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
ചരക്കുനിറച്ച 2000 കണ്ടൈനറുകളുമായാണ് മെര്‍സ്കിന്റെ സാന്‍ ഫെര്‍ണാണ്ടോ എന്ന കപ്പല്‍ അടുക്കുന്നത്. ഇന്ന് പുറംകടലില്‍ എത്തുമെങ്കിലും ബര്‍ത്തില്‍ അടുക്കാന്‍ നാളെ രാവിലെ ആറുമണിയാകും. ഒരു ദിവസം കപ്പലിന് വിശ്രമം. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മദര്‍ഷിപ്പിന് വന്‍ സ്വീകരണം. ടഗ് ബോട്ടുകള്‍ വാട്ടര്‍ സല്യൂട്ട് നല്‍കും. മുഖ്യമന്ത്രിയും, കേന്ദ്ര തുറമുഖ മന്ത്രിയും അദാനി പോര്‍ട്ട് അധികൃതരും, വിസില്‍ അധികൃതരും ചേര്‍ന്ന് കപ്പലിനെ സ്വാഗതം ചെയ്യും. ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
തിരുവനന്തപുരം ജില്ലയിലെ എംപിമാരും എംഎല്‍എമാരും ചടങ്ങില്‍ പങ്കെടുക്കും. കപ്പലിലുള്ള മുഴുവന്‍ ചരക്കും തുറമുഖത്ത് ഇറക്കി അന്നുതന്നെ സാന്‍ ഫെര്‍ണാണ്ടോ മടങ്ങും. തൊട്ട് പിന്നാലെ രണ്ട് ഫീഡര്‍ കപ്പലുകള്‍ എത്തി ചരക്കുകള്‍ മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. സെപ്റ്റംബര്‍ വരെ നിരവധി മദര്‍ഷിപ്പുകളും, ഫീഡര്‍ഷിപ്പുകളും ചരക്കുനീക്കത്തിന് വിഴിഞ്ഞത്ത് എത്തും. ഇതെല്ലാം ട്രയല്‍ റണ്ണിന്റെ ഭാഗമായിരിക്കും.