തിരുവനന്തപുരം: ഓണത്തിന് വിഴിഞ്ഞത്ത് ഔദ്യോഗിക ഉദ്ഘാടനമെന്ന സര്‍ക്കാര്‍ പ്രതീക്ഷ പങ്കുവയ്ക്കല്‍ വെറുതെയായി. തിരുവോണ സമ്മാനമായി മലയാളിക്ക് വിഴിഞ്ഞം കിട്ടില്ലെന്ന് ഉറപ്പായി. മലയാളികള്‍ക്ക് ഓണസമ്മാനമായി പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ പുതിയ സി.ഇ.ഒ.യായി ചുമതലയേറ്റ പ്രദീപ് ജയരാമന്‍ പറഞ്ഞിരുന്നു. മുന്ദ്ര തുറമുഖത്തിന്റെ ഓപ്പറേഷന്‍സ് മേധാവിയായിരുന്നു പ്രദീപ് ജയരാമന്‍. ഈ വാക്കുകളാണ് പാഴ് വാക്കാകുന്നത്.

അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിച്ച് ലോകത്തെ നാലാമത്തെ വലിയ കണ്ടെയ്നര്‍ കപ്പല്‍ എം.എസ്.സി ക്ലോഡ് ഗിരാര്‍ദെ ബെര്‍ത്തില്‍ കഴിഞ്ഞ ദിവസം അടുത്തിരുന്നു. ഇതെല്ലാം ദ്യോഗിക മുന്‍കൂട്ടിക്കണ്ട് എടുത്ത തീരുമാനമാണ്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ കണക്കിലെടുത്ത് ഔദ്യോഗിക ആഘോഷം തല്‍കാലം മാറ്റി വച്ചു. വയനാട് ദുരന്തം കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന.

ഇന്ത്യയിലെന്നല്ല, ദക്ഷിണേഷ്യയില്‍ തന്നെ ബെര്‍ത്ത് ചെയ്യുന്ന ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലാണ് ലോകത്തെ നാലാമത്തെ വലിയ കണ്ടെയ്നര്‍ കപ്പല്‍ എം.എസ്.സി ക്ലോഡ് ഗിരാര്‍ദെ. 19,462 കണ്ടെയ്നറുകളുമായി മുന്ദ്ര തുറമുഖത്ത് എത്തിയ എം. എസ്.സി അന്ന ആണ് ഇന്ത്യയില്‍ മുന്‍പ് എത്തിയ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍. എന്നാല്‍ വിഴിഞ്ഞം തുറമുഖത്തേക്കുള്ള റോഡ്-റെയില്‍ കണക്ടിവിറ്റിയില്‍ ഇനിയും പ്രശ്‌നമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ഉദ്ഘാടനം വൈകിപ്പിക്കുന്നതെന്നാണ് സൂചന.

കമ്മിഷന്‍ ചെയ്യും മുമ്പ്, ട്രയല്‍ റണ്‍ നടക്കുന്ന വിഴിഞ്ഞത്ത് ഇത്രയും വലിയ കണ്ടെയ്നര്‍ കപ്പല്‍ അടുത്തത് തുറമുഖത്തിന്റെ ശേഷിയുടെ തെളിവാണ്. മലേഷ്യയിലെ താന്‍ജുങ് പെലപാസില്‍ നിന്നാണ് കപ്പല്‍ എത്തിയത്. ഇവിടത്തെ കണ്ടെയനറുകള്‍ ഇറക്കിയ ശേഷം പോര്‍ച്ചുഗലിലേക്ക് പോയി. ക്യാപ്റ്റന്‍ ഇന്ത്യക്കാരന്‍, നാല് മലയാളികളും. കപ്പലിനെ വിഴിഞ്ഞത്തെ 3 ടോള്‍ഫിന്‍ ടഗ്ഗുകളുടെ അകമ്പടിയോടെയാണ് ബെര്‍ത്തിലെത്തിച്ചത്. തിരുവനന്തപുരം വാട്ടര്‍ ലൈന്‍ ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയുടെ വിഴിഞ്ഞം സ്വദേശികളായ ജീവനക്കാരാണ് മൂറിംഗ് (നങ്കൂരമിട്ട് ബെര്‍ത്തില്‍ ബന്ധിക്കല്‍) നടത്തിയത്.

തുറമുഖം വാണിജ്യ പ്രവര്‍ത്തനം തുടങ്ങാന്‍ ആലോചിക്കുമ്പോഴും സര്‍ക്കാര്‍ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. കണ്ടെയ്‌നര്‍ നീക്കത്തിനുള്ള റോഡ്, റെയില്‍ ഗതാഗത സൗകര്യമാണ് ഇതില്‍ പ്രധാനം. തുറമുഖത്തു നിന്ന് 1.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി കണക്ടിവിറ്റി റോഡാണ് ദേശീയപാതയും നിര്‍ദിഷ്ട ഔട്ടര്‍ റിങ് റോഡും ചേരുന്ന ഭാഗത്തേക്കു നിര്‍മിക്കേണ്ടത്.