തിരുവനന്തപുരം: വിഴിഞ്ഞം വിസ്മയമാകുന്നു. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തുകൊണ്ട് ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് തുറമുഖം. സംസ്ഥാന സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങളുടെയും സുരക്ഷാ ഏജന്‍സികളുടേയും ഷിപ്പിങ് കമ്പനികളുടെയും പൂര്‍ണ പിന്തുണയും അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമികവും ഇതോടെ പുതിയ തലത്തില്‍ ചര്‍ച്ചയാകുകയാണ്. വിദേശ തുറമുഖങ്ങളില്‍ നിന്ന് ട്രാന്‍ഷിപ്‌മെന്റ് നടത്തുന്നതിലൂടെ ചെലവു വന്നിരുന്ന കോടിക്കണക്കിന് രൂപയുടെ അധികച്ചെലവ് കുറയ്ക്കാന്‍ വിഴിഞ്ഞം വഴിയൊരുക്കിയെന്നതാണ് വസ്തുത.

കണ്‍സഷന്‍ കരാര്‍ പ്രകാരം ആദ്യവര്‍ഷം ആകെ 3 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ഇതിന്റെ മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 10.12 ലക്ഷം ടിഇയു ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. 2024 ഡിസംബര്‍ 3-നാണ് വിഴിഞ്ഞത്ത് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഈ ഡിസംബര്‍ ആകുമ്പോഴേക്കും 13-14 ലക്ഷം വരെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 399.99 മീറ്റര്‍ വരെ നീളമുള്ള 27 അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകള്‍ (യുഎല്‍സിവി) ഉള്‍പ്പെടെ 460-ലധികം കപ്പലുകള്‍ തുറമുഖത്തെത്തി. ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പല്‍ ആയ എംഎസ്‌സി ഐറിന അടക്കം ദക്ഷിണേഷ്യയില്‍ ആദ്യമായി ബെര്‍ത്ത് ചെയ്ത കപ്പലുകളും കൂട്ടത്തിലുണ്ട്. കൊളംബോ, സിംഗപ്പൂര്‍, ദുബായ് ഉള്‍പ്പെടെയുള്ള ലോകോത്തര തുറമുഖങ്ങളുമായി മത്സരിച്ചാണ് വിഴിഞ്ഞം ഈ നേട്ടം സ്വന്തമാക്കിയത്.

യൂറോപ്പ്, യു എസ്, ആഫ്രിക്ക, ചൈന അടക്കമുള്ള ലോകത്തെ പ്രധാന സമുദ്ര വാണിജ്യ മേഖലകളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങാന്‍ കഴിഞ്ഞതാണ് വിഴിഞ്ഞത്തിന്റെ കുതിപ്പിന്റെ വേഗം കൂട്ടിയത്. തുറമുഖത്തിന്റെ റോഡ്, റെയില്‍ കണക്ടിവിറ്റി നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ കണ്ടെയ്നര്‍ നീക്കത്തില്‍ വിഴിഞ്ഞം ഇന്ത്യയുടെ തെക്കുകിഴക്കന്‍ തീരത്തെ തുറമുഖങ്ങളില്‍ ഒന്നാമതാണ്. ലോകത്തെ വലിയ തുറമുഖങ്ങള്‍പോലും മാസങ്ങള്‍ കഴിഞ്ഞ ശേഷമാണ് സാധാരണ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നത്. എന്നാല്‍, വിഴിഞ്ഞത്ത് ട്രയല്‍ റണ്‍ കാലയളവില്‍ത്തന്നെ ലോകത്തെ വമ്പന്‍ മദര്‍ഷിപ്പുകള്‍ എത്തി. കരാര്‍ പ്രകാരം ആദ്യ വര്‍ഷം മൂന്നു ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, സെമി ഓട്ടോമാറ്റഡ് ക്രെയിനുകളുടെ പ്രവര്‍ത്തനം കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതില്‍ നിര്‍ണായകമായി. മണിക്കൂറില്‍ 36 കണ്ടെയ്നറുകള്‍ വരെ കൈകാര്യംചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ള അത്യാധുനിക ക്രെയിനുകളാണ് ഇവിടെയുള്ളത്.

റോഡ്-റെയില്‍ കണക്ടിവിറ്റി യാഥാര്‍ഥ്യമാകാത്തതിനാല്‍ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമെന്ന രീതിയില്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം. തുറമുഖത്തുനിന്ന് ദേശീയപാതയിലേക്കുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഡിസംബറോടെ ആഭ്യന്തര ചരക്കുനീക്കം ആരംഭിക്കാനാണ് പദ്ധതി. നിലവില്‍ ചരക്ക് നീക്കത്തില്‍നിന്നുണ്ടായ വരുമാനം 450 കോടി രൂപ കടന്നു. രണ്ടുമുതല്‍ രണ്ടരക്കോടി വരെ കണ്ടെയ്‌നറുകളുടെ ചരക്കുനീക്കമാണ് രാജ്യത്ത് പ്രതിവര്‍ഷം കടല്‍മാര്‍ഗം നടക്കുന്നത്. ഇതില്‍ 25 ശതമാനവും 400 മീറ്ററോളം നീളമുള്ള മദര്‍ഷിപ്പുകള്‍ അടുക്കാവുന്ന ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖങ്ങള്‍ വഴിയാണ്. മദര്‍ഷിപ്പുകള്‍ക്ക് അടുക്കാവുന്ന വിഴിഞ്ഞത്തുനിന്നാണ് ആഴമില്ലാത്ത തുറമുഖങ്ങളിലേക്ക് കണ്ടെയ്‌നറുകള്‍, ചെറിയ കപ്പലുകള്‍ വഴി കൊണ്ടുപോവുകയും തിരിച്ചെത്തിക്കുകയും ചെയ്യുന്നത്. ഇന്ത്യയില്‍ വിഴിഞ്ഞത്തിന് സമാനമായ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖങ്ങളില്ലാത്തതിനാല്‍ ട്രാന്‍സ്ഷിപ്മെന്റിന്റെ ഭൂരിഭാഗവും ശ്രീലങ്ക, കൊളംബോ, സിങ്കപ്പൂര്‍, സലാല എന്നീ പോര്‍ട്ടുകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഏകദേശം 30 ലക്ഷം കണ്ടെയ്‌നറുകള്‍ ഇത്തരത്തില്‍ വിദേശ തുറമുഖങ്ങള്‍ വഴി കൈകാര്യം ചെയ്യുന്നുണ്ട്. ഇതുവഴി 22 കോടി ഡോളറോളം വിദേശനാണ്യത്തിന്റെ നഷ്ടമാണ് രാജ്യത്തിനുണ്ടാകുന്നത്. ഇതില്‍ 15 ലക്ഷം കണ്ടെയ്‌നറിന്റെ ചരക്കുനീക്കം നടത്താനുള്ള ശേഷി നിലവില്‍ വിഴിഞ്ഞത്തിനുണ്ട്. അടുത്തഘട്ട വികസനം 2028-ല്‍ പൂര്‍ത്തിയാകുന്നതോടെ 30 ലക്ഷം കണ്ടെയ്‌നര്‍ ശേഷി മറികടക്കുമെന്നാണ് കണക്കാക്കുന്നത്. കൂടാതെ, 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തിന്റെ നീളം രണ്ട് കിലോമീറ്ററായി വര്‍ധിപ്പിക്കും. ഇതോടെ 400 മീറ്റര്‍ നീളമുള്ള നാല് മദര്‍ഷിപ്പുകള്‍ക്ക് ഒരേസമയം വിഴിഞ്ഞത്ത് അടുക്കാം. ഇപ്പോള്‍ 24 യാര്‍ഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമാണ് വിഴിഞ്ഞത്തെ കണ്ടെയ്‌നര്‍ നീക്കത്തിന് കരുത്ത് നല്‍കുന്നത്. അടുത്ത ഘട്ടത്തില്‍ ഇത് യഥാക്രമം അറുപതും ഇരുപതും ആയി വര്‍ധിക്കുന്നതോടെ ചരക്കുനീക്കത്തിന്റെ വേഗവും കൂടും. മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ഇന്ധന ബങ്കറിങ് ബെര്‍ത്ത് എന്നിവയും യാഥാര്‍ഥ്യമാകും. രണ്ടാംഘട്ട വികസനത്തിന് 10,000 കോടി രൂപ അദാനി ഗ്രൂപ്പാണ് നിക്ഷേപിക്കുന്നത്.

2034-ല്‍ തുറമുഖത്തിന്റെ ആകെ വരുമാനത്തിന്റെ ഒരു ശതമാനം ആദ്യ വിഹിതമായി സര്‍ക്കാരിന് ലഭിക്കും. പിന്നീടുള്ള ഓരോ വര്‍ഷവും ഒരു ശതമാനം എന്ന നിലയില്‍ വര്‍ധിച്ച് ഇത് 40 ശതമാനത്തിലെത്തും. ഇങ്ങനെ 40 വര്‍ഷംകൊണ്ട് സംസ്ഥാന സര്‍ക്കാരിന് 25,000 കോടി രൂപയോളം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖത്തുനിന്ന് ലഭിക്കുന്നത്. ഈയിനത്തില്‍ 75 കോടി രൂപ ലഭിച്ചിട്ടുണ്ട്.