തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് ഒടുവില്‍ വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലേക്ക് പ്രതിപക്ഷ നേതാവിന് ക്ഷണം. ഇന്നലത്തെ തീയതി രേഖപ്പെടുത്തിയ, തുറമുഖ മന്ത്രി വി എന്‍ വാസവന്റെ ക്ഷണക്കത്ത് അല്‍പം മുമ്പ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ എത്തിച്ചു. തന്റെ സ്വന്തം ലെറ്റര്‍പാഡിലാണ് ക്ഷണക്കത്ത് നല്‍കിയതെന്ന് വി എന്‍ വാസവന്‍ പറഞ്ഞു.

പങ്കെടുക്കുന്നവരെ സംബന്ധിച്ച കാര്യങ്ങളിന്മേല്‍ ഇന്നലെയാണ് അന്തിമതീരുമാനമെടുത്തത്. ഇന്ന് പ്രതിപക്ഷ നേതാവിനുള്‍പ്പടെ കത്ത് നല്‍കി. ആരെയൊക്കെ അതില്‍ പങ്കെടുപ്പിക്കണമെന്ന തീരുമാനം കേന്ദ്രത്തിന്റേതാണ്. ഇന്ന് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അതില്‍ സങ്കുചിതമായ ഒരു കാഴ്ചപ്പാടുമില്ല. ആരെയും മാറ്റി നിര്‍ത്തുന്ന പ്രശ്നമില്ല. സ്ഥലം എംഎല്‍എക്കും എംപിക്കും എല്ലാം ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് എന്ത് സംഭവിച്ചാലും വിവാദങ്ങള്‍ ഉണ്ടാകാറുണ്ട് വി എന്‍ വാസവന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ കമ്മീഷനിംങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് വിവാദമായിരുന്നു. സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടിയെന്നും, പ്രതിപക്ഷം അത് ബഹിഷ്‌കരിക്കുന്നു എന്നുമായിരുന്നു സര്‍ക്കാരിന്റെ അനൗദ്യോഗിക വിശദീകരണം. സര്‍ക്കാര്‍ വാദം തള്ളിയ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്നും തീരുമാനിച്ചു.

ഇതിന്റെ ഭാഗമായ ഒരു പരിപാടിയിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നില്ല. തുറമുഖ കമ്മിഷനിങ്ങും വാര്‍ഷികാഷോഘ പരിപാടികളുടെ ഭാഗമായതിനാല്‍ ക്ഷണിക്കേണ്ടെന്നു തീരുമാനിച്ചുവെന്നാണ് മന്ത്രി വി.എന്‍.വാസവന്‍ നേരത്തെ വിശദീകരിച്ചത്. കഴിഞ്ഞ ഡിസംബറില്‍ നടത്തേണ്ട കമ്മിഷനിങ്ങാണു മേയിലേക്കു നീണ്ടത്. എന്നാല്‍, കമ്മിഷനിങ്ങിനെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായാണു സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്. അങ്ങനെയെങ്കില്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിക്കു പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കുന്നതെങ്ങനെയെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു.

തുറമുഖത്തെ ആദ്യ ചരക്കു കപ്പലിനെ സ്വീകരിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രയല്‍ റണ്‍ ഉദ്ഘാടനത്തില്‍നിന്ന് ഒഴിവാക്കി. ഇതേ മാതൃകയിലാണു കമ്മിഷനിങ് ചടങ്ങിലും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണു കമ്മിഷനിങ് എന്ന സര്‍ക്കാരിന്റെ വാദം അത്ഭുതകരമാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളായ സ്ഥലം എംപി ശശി തരൂര്‍, എംഎല്‍എ എം.വിന്‍സെന്റ് എന്നിവര്‍ ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട് താനും.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തു തുറമുഖവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യ നാഴികക്കല്ല്, നിര്‍മാണത്തിനുള്ള ക്രെയിനുകളുമായി 2023 ഒക്ടോബറില്‍ ആദ്യ ചരക്കു കപ്പല്‍ അടുത്തതാണ്. ഈ ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് പദ്ധതിയുടെ മുഴുവന്‍ ക്രെഡിറ്റും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിയും എല്‍ഡിഎഫിനെ വിമര്‍ശിച്ചുമാണു പ്രസംഗിച്ചത്. ശശി തരൂര്‍ എംപിയും വിന്‍സെന്റും ചടങ്ങിലുണ്ടായിരുന്നു. എന്നാല്‍, 2024 ജൂലൈയില്‍ ആഘോഷമായി ട്രയല്‍ റണ്‍ ഉദ്ഘാടനം നടത്തിയപ്പോള്‍ സ്ഥലം എംപിയെയും എംഎല്‍എയെയും മാത്രമാണു ക്ഷണിച്ചത്.

തുറമുഖം മൂലം തീരദേശവാസികള്‍ നേരിട്ട പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ശശി തരൂര്‍ വിട്ടുനിന്നപ്പോള്‍, പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്ന നിലപാടെടുത്ത് വിന്‍സെന്റ് പങ്കെടുത്തു. ശശി തരൂര്‍ കമ്മിഷനിങ്ങില്‍ പങ്കെടുക്കുമെന്നു വ്യക്തമാക്കി. വികസനത്തില്‍ രാഷ്ട്രീയമില്ലെന്നാണു നിലപാട്. കമ്മിഷനിങ് ചടങ്ങിലേക്കു ക്ഷണിച്ചാല്‍ വേദിയില്‍ ഇരിക്കും, ഇല്ലെങ്കില്‍ സദസ്സിലിരിക്കുമെന്നു വിന്‍സെന്റ് പറഞ്ഞു. എംപിയോ എംഎല്‍എയോ പങ്കെടുക്കുന്നതിനെ കോണ്‍ഗ്രസ് വിലക്കിയിട്ടുമില്ല.

ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ മറുപടി ഇതുവരെ വന്നിട്ടില്ല. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് വന്‍ ചര്‍ച്ചയായി മാറാന്‍ സാധ്യതയുള്ള കാര്യമാണ്. എന്നാല്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാംവര്‍ഷം തികയുന്നതിന്റെ ഭാഗമായിട്ടാണ് കമ്മീഷനിംഗ് എന്നും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് നേരത്തേ തന്നെ പ്രതിപക്ഷ നേതാവ് എടുത്തിട്ടുണ്ടെന്നും അതുകൊണ്ടാണ് അതിഥികളുടെ പേരുകളില്‍ അദ്ദേഹമില്ലാത്തതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പക്ഷത്ത് നിന്നും ഉണ്ടായിരിക്കുന്ന വിശദീകരണം.