- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖ വികസനത്തിന് ഇനി വേഗം കൂടും; രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു പാരിസ്ഥിതിക അനുമതി ലഭിച്ചു; കണ്ടെയ്നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍; പ്രതിവര്‍ഷം 45 ലക്ഷം കണ്ടെയ്നറായി ശേഷി ഉയര്‍ത്തും
വിഴിഞ്ഞം തുറമുഖ വികസനത്തിന് ഇനി വേഗം കൂടും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ഇനി പുതിയ വേഗം. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു പാരിസ്ഥിതിക അനുമതിയായി. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഇതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ വേഗം കൈവരും.
രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വര്‍ധിപ്പിക്കും, കണ്ടെയ്‌നര്‍ സംഭരണ യാര്‍ഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ (ബ്രേക്ക് വാട്ടറിനോടനുബന്ധിച്ച്), ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 77.17 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഭൂമി എറ്റെടുക്കല്‍, 7.20 ക്യൂബിക് മീറ്റര്‍ അളവില്‍ ഡ്രഡ്ജിംഗ് എന്നിവയും വികസനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും. ഇതോടെ വിഴിഞ്ഞം പദ്ധതി പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കി വരുമാനം ഉറപ്പ് വരുത്താന്‍ സര്‍ക്കാരിനു സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്‌നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതു വഴി തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെയായി ഉയര്‍ത്താന്‍ സാധിക്കും. 2028ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണു പ്രതീക്ഷിക്കുന്നത്.
അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാംഘട്ടത്തില്‍ 10ലക്ഷം കണ്ടെയ്നര്‍ നീക്കമെന്ന ലക്ഷ്യം മറികടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജൂലൈ 11 മുതല്‍ മാര്‍ച്ച് എട്ടുവരെ എത്തിയ 202 കപ്പലില്‍നിന്ന്മാത്രം 4.02 ലക്ഷം കണ്ടെയ്നറാണ് കൈകാര്യം ചെയ്തത്. ജൂലൈ 11 മുതല്‍ ഡിസംബര്‍ മൂന്നുവരെ ട്രയല്‍ റണ്ണായിരുന്നു. ഇക്കാലയളവില്‍ ഒന്നരലക്ഷവും കൊമേഴ്സ്യല്‍ ഓപറേഷന്‍ തുടങ്ങി മൂന്നുമാസത്തിനകം രണ്ടരലക്ഷവുമാണ് കണ്ടെയ്നര്‍ നീക്കം. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി പുതുതായി ആരംഭിച്ച ജേഡ് സര്‍വീസിന്റെ ഭാഗമായി കൂറ്റന്‍കപ്പലായ മിയ എത്തിയെങ്കിലും മറ്റ് മൂന്നുകപ്പലുകളിലെ ചരക്ക് നീക്കം പൂര്‍ത്തിയാക്കാത്തതിനാല്‍ ബെര്‍ത്ത് ചെയ്യാനായിട്ടില്ല.
ഫെബ്രുവരിയില്‍ രാജ്യത്തെ 15 തുറമുഖങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ ചരക്ക് കൈകാര്യം ചെയ്തത് വിഴിഞ്ഞമായിരുന്നു. 40 കപ്പലുകളാണ് ആ മാസം എത്തിയത്. 78833 ടിഇയു കൈകാര്യം ചെയ്തു. ജനുവരിയില്‍ 45 കപ്പല്‍ വന്നു. 85000 ടിഇയു ആണ് കണ്ടെയ്നര്‍ നീക്കം. ട്രാന്‍സ്ഷിപ്പ്മെന്റ് പോര്‍ട്ട് എന്ന നിലയില്‍ രാജ്യത്തെ ഏറ്റവും പ്രാധാന്യമുള്ള തുറമുഖമായി വിഴിഞ്ഞം മാറിയതിന്റെ തെളിവാണിതെന്ന് വ്യാപാരപ്രമുഖര്‍ പറഞ്ഞു.
വിഴിഞ്ഞം കോണ്‍ക്ലേവിന്റെ ഭാഗമായി പങ്കെടുത്ത പ്രമുഖ രാജ്യാന്തര കമ്പനികള്‍ 6250 കോടിയുടെ നിക്ഷേപ പദ്ധതിക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 50 കോടി മുതല്‍ 5000 കോടി രൂപയുടെ വരെ പദ്ധതികള്‍ക്കാണ് 12 കമ്പനികള്‍ തയ്യാറായത്. പ്രാഥമിക നടപടികള്‍ക്ക് ശേഷം പദ്ധതികള്‍ പ്രാബല്യത്തിലാകാന്‍ രണ്ടുമുതല്‍ അഞ്ചുവരെ വര്‍ഷം സമയമെടുക്കും.
കമ്പനികള്‍ക്ക് പദ്ധതികള്‍ തുടങ്ങുന്നതിനാവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാരാണ് കണ്ടെത്തി നല്‍കേണ്ടത്. ഇതിനുള്ള നടപടി ആരംഭിച്ചു. രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനം അദാനി കമ്പനിയുടെ നേതൃത്വത്തിലും പുരോഗമിക്കുകയാണ്. 2028ല്‍ പൂര്‍ത്തിയാകുന്ന പദ്ധതിക്ക് 20,000 കോടിയാണ് നിക്ഷേപിക്കുക.