- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽ എത്തിച്ച സമരം; മത്സ്യ തൊഴിലാളികൾക്കുള്ള ഫ്ളാറ്റ് നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന വാഗ്ദാനവും തീരജനതയ്ക്ക് പ്രതീക്ഷ നൽകുന്നു; 220 കോടിയുടെ നഷ്ട കണക്ക് പറഞ്ഞ് അദാനി സർക്കാറിന് നൽകേണ്ട 30 കോടി ഒഴിവാക്കും; വിഴിഞ്ഞം സമരത്തിന്റെ ബാക്കിപത്രം ഇങ്ങനെ
തിരുവനന്തപുരം: സർക്കാറിനാൽ അവഗണനകളിൽ അവഗണിക്കപ്പെട്ട തീരജനതയുടെ അവസാന കൈയെന്ന നിലയിലുള്ള സമരത്തിലായിരുന്നു ഏതാനം മാസങ്ങളായി വിഴിഞ്ഞം സാക്ഷ്യം വഹിച്ചത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി പോകുന്ന അധികാരികൾ പലപ്പോഴും പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്ത അവസ്ഥയുണ്ടാകും. ഇത്തരം അവഗണനകളിൽ മനംമടുത്തായിരുന്നു ലത്തീൻ അതിരൂപതക്കു പിന്നിൽ മത്സ്യത്തൊഴിലാളികൾ അണിനിരന്ന്. അദാനിയെയും സർക്കാറിനെയും വെല്ലുവിളിച്ചുള്ള സമരം ആ ജനതയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ മാർ ക്ലീമീസ് ബാവയുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ രൂപംകൊണ്ട് സമവായ ഫോർമുലകൾ ഭാഗികമായി അംഗീകരിക്കപ്പെട്ടതോടെയാണ് സമരം അവസാനിച്ചത്.
സമരത്തിന്റെ ബാക്കിപത്രം എന്തെന്ന് ചോദിച്ചാൽ പൊലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റ ഒരു വിഭാഗം മത്സ്യത്തൊഴിലാളികളാണ്. പൊലീസ് സ്റ്റേഷൻ സംഘർഷത്തിൽ പരിക്കേറ്റ സാധുക്കളായ പൊലീസുകാരും ദുരന്തക്കാഴ്ച്ചയായി. ഗുരുതര പരിക്കേറ്റ പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അതേസമയം വിഴിഞ്ഞത്തെ തീരമേഖലയിലെ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടാനും തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ വിജയിച്ചു എന്നുറപ്പാക്കാനും സാധിച്ചു എന്നത് അവരുടെ നേട്ടമായി വിലയിരുത്തപ്പെടുന്നു. ദുരിത സമാനമായ ജീവിതം നയിക്കുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ളാറ്റ് നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന വാഗ്ദാനവും തീരജനതയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. സംഘർഷങ്ങളിലെ ജുഡീഷ്യൽ ആവശ്യങ്ങൾ അടക്കം അംഗീകരിക്കപ്പെട്ടില്ലെങ്കിലും തീരജനതയ്്ക് പ്രതീക്ഷ നൽകുന്നതാണ് ഇപ്പോഴുണ്ടായ തീരുമാനങ്ങൾ.
പ്രധാന തർക്കവിഷയങ്ങളിൽ ധാരണയാകാതെയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ഒത്തുതീർപ്പായത്. തീരസംരക്ഷണ പ്രവർത്തനങ്ങൾ പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാൻ ധാരണയായി. തുറമുഖ സെക്രട്ടറിയും മേൽനോട്ടം വഹിക്കും എന്നതാണ് സമരക്കാർക്ക് പ്രതീക്ഷ നൽകുന്ന കാര്യം. കടൽക്ഷോഭത്തിൽ വീട് നഷ്ടമായവർക്കുള്ള വാടക 5,500 രൂപ തന്നെയാണ്. രണ്ടുമാസത്തെ വാടക മുൻകൂറായി നൽകുമെന്നാതാണ് ഇതിൽ ഒരു നേട്ടം. പ്രതിമാനം 8000 രൂപ മേണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം. വീട് നഷ്ടമായവർക്കുള്ള ഫ്ളാറ്റ് നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന സർക്കാർ അറിയിച്ചു.
പുരധിവാസ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. വീടിന്റെ വിസ്തീർണം സംബന്ധിച്ച് ചർച്ച നടത്തും. വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്നതിനായി പൊതുവായി ഒരു സ്ഥലം ഒരുക്കുമെന്നും സർക്കാർ അറിയിച്ചു. നിലവിലുള്ള മണ്ണെണ്ണ എൻജിനുകൾ പെട്രോൾ/ഡീസൽ/ഗ്യാസ് എൻജിനുകളായി മാറ്റുന്ന പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കും. ഇതിനായി ഒറ്റത്തവണ സബ്സിഡി നൽകുമെന്നും സർക്കാർ വ്യക്തമാക്കി. തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി അറിയിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകും. വിഴിഞ്ഞം സമരം ഒത്തുതീർപ്പായെന്നും സഹകരിച്ച എല്ലാവർക്കും നന്ദിയെന്നും തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു.
വിഴിഞ്ഞം സമരം തുടങ്ങുമ്പോൾ 7 ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇതിൽ അഞ്ചെണ്ണത്തിലും മന്ത്രിസഭാ ഉപസമിതിയിൽ ധാരണയായെന്നു മുഖ്യമന്ത്രി ഇന്നലെ അടിയന്തര പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ നിയമസഭയിൽ പറഞ്ഞു. അതേസമയം ഈ വാദം പൂർണമായും അംഗീകരിക്കാൻ സമരക്കാർ തയ്യാറാല്ല. വിഴിഞ്ഞത്തെ സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം, ആർച്ച് ബിഷപ് ഉൾപ്പെടെയുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യം അംഗീകരിച്ചില്ല. തീരശോഷണം പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന പ്രാദേശിക വിദഗ്ധരുടെ പ്രാതിനിധ്യം വേണം എന്ന കാര്യത്തിലും തീരുമാനമായില്ല.
220 കോടിയുടെ നഷ്ടകണക്കുമായി അദാനി
അതേസമയം വിഴിഞ്ഞം സമരം മൂലം അദാനി പോർട്സ് നഷ്ടക്കണക്കുമായി രംഗത്തുവന്നിട്ടുണ്ട്. നഷ്ടം സർക്കാർ സമരക്കാരിൽനിന്ന് ഈടാക്കില്ലെന്ന ധാരണയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സമരം അവസാനിച്ച സ്ഥിതിക്ക് ഇനി പ്രകോപിപ്പിക്കേണ്ടതില്ലെന്നാണു തീരുമാനം. സമരം 140 ദിവസം നീണ്ടെങ്കിലും തുറമുഖം ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധം 110 ദിവസമാണുണ്ടായിരുന്നത്. ഇതനുസരിച്ചാണ് അദാനി പോർട്സ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ദിവസം 2 കോടി രൂപ വീതം 110 ദിവസം കൊണ്ട് 220 കോടിയുടെ നഷ്ടം സംഭവിച്ചെന്നാണു കമ്പനിയുടെ വാദം. ഓരോ ഇനത്തിലും കൃത്യമായി എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു.
സമരം തീർന്നെങ്കിലും നഷ്ടം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ കമ്പനിയോടു വിട്ടുവീഴ്ച ചെയ്യേണ്ടിവരും. 2015 ഓഗസ്റ്റിൽ തുടങ്ങിയ നിർമ്മാണത്തിന്റെ ആദ്യഘട്ടം 2019 ഡിസംബർ മൂന്നിനു പൂർത്തിയാകേണ്ടതായിരുന്നു. നിർമ്മാണ കാലാവധി കഴിഞ്ഞാൽ ആദ്യം 3 മാസവും പിന്നീട് പിഴയോടു കൂടി 6 മാസവും നീട്ടിക്കൊടുക്കാമെന്നാണ് കരാറിലെ വ്യവസ്ഥ. ദിവസം 12 ലക്ഷം രൂപ വച്ചാണ് 6 മാസത്തേക്കു കമ്പനി പിഴയായി നൽകേണ്ടിയിരുന്നത്. ഈയിനത്തിൽ ഇന്നലെ വരെ ഏതാണ്ട് 28 കോടിയോളം രൂപ സർക്കാരിന് അദാനി പോർട്സ് നൽകേണ്ടിവരും; പുറമേ പലിശയും. സർക്കാരിന്റെ ഈ ആവശ്യത്തിനെതിരെ കമ്പനി ആർബിട്രേഷൻ ഫയൽ ചെയ്തിരിക്കുകയാണ്.
സമരത്തിന്റെ പേരിലുള്ള നഷ്ടപരിഹാരമായി 200 കോടിയിലധികം രൂപ കമ്പനി ചോദിക്കുമ്പോൾ 30 കോടിക്കുവേണ്ടി സർക്കാരിനു ബലം പിടിക്കാൻ കഴിയില്ല. 2018 ലെ ഓഖി ചുഴലിക്കാറ്റിന്റെ പേരിൽ കമ്പനി നിർമ്മാണപ്രവർത്തനങ്ങൾക്ക് 16 മാസം കൂടുതലായി ചോദിച്ചിരുന്നെങ്കിലും സർക്കാർ അനുവദിച്ചില്ല. കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടപ്പോൾ 34 ദിവസം അധികമായി നൽകി. കരാർ പാലിക്കാത്തതിനെതിരെ സർക്കാർ നോട്ടിസ് നൽകിയപ്പോഴാണ്, ഓഖിയും കോവിഡും ഉന്നയിച്ചു കമ്പനി ട്രിബ്യൂണലിനെ സമീപിച്ചത്. 2024 ഡിസംബർ 3ന് അകം ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കാമെന്നാണു കമ്പനി ഒടുവിൽ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. അതേസമയം, 2023 സെപ്റ്റംബറിൽ കപ്പൽ എത്തിക്കാമെന്ന ഉറപ്പ് കമ്പനി നൽകിയിട്ടുണ്ട്.
അതേസമയം, സമരം തീർന്നതായി സർക്കാർ അറിയിച്ചാൽ ഉടൻ തുറമുഖ നിർമ്മാണം പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. നാളെത്തന്നെ നിർമ്മാണ സമാഗ്രികൾ എത്തിക്കാൻ തയ്യാറെന്ന് കമ്പനി അറിയിച്ചു. സമരം തീർന്നതിൽ സന്തോഷമുണ്ടെന്നും ലത്തീൻ അതിരൂപതയെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നുവെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു.