- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പിണറായിയെ മലര്‍ത്തിയടിച്ച് സതീശന്! ഇനിയാര് ഭരിക്കണമെന്ന് കേരളം പറയുന്നു; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് വന്‍ മുന്നേറ്റം; ഡിസംബറിലും ജനുവരിയിലും മുന്നിലായിരുന്ന പിണറായിയെ വെട്ടി സതീശന്; തരൂരിനും ജനപിന്തുണയില്‍ ഇടിവ്; മനോരമ ന്യൂസ് സര്‍വേയില്‍ ഞെട്ടിക്കുന്ന മാറ്റങ്ങള്‍
പിണറായിയെ മലര്‍ത്തിയടിച്ച് സതീശന്!

കൊച്ചി: സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുന്‍ഗണനയെന്ന് മനോരമ ന്യൂസ് 'ഇലക്ഷന്‍ പള്‍സ്' സര്‍വേ ഫലം. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരിയ ഭൂരിപക്ഷത്തിനാണ് സതീശന്‍ മറികടന്നത്. ഫെബ്രുവരി ആദ്യവാരം നടന്ന ഏറ്റവും പുതിയ സര്‍വേ പ്രകാരം 24.1 ശതമാനം പേര്‍ വി.ഡി. സതീശനെ പിന്തുണച്ചപ്പോള്‍, പിണറായി വിജയനെ പിന്തുണച്ചത് 22.4 ശതമാനം പേര്‍ മാത്രമാണ്.
പത്തുവര്‍ഷമായി മുഖ്യമന്ത്രി പദവി വഹിക്കുന്ന പിണറായി വിജയനും, അഞ്ചുവര്‍ഷമായി പ്രതിപക്ഷ നേതാവിന്റെ റോളില്‍ സജീവമായ വി.ഡി. സതീശനും തമ്മില്‍ മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന ചോദ്യത്തിലാണ് വോട്ടര്‍മാര്‍ പ്രതികരണം രേഖപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് ആരംഭിച്ച പ്രതിവാര സര്‍വേയായ 'ഇലക്ഷന്‍ പള്‍സി'ലാണ് ഈ കണ്ടെത്തല്‍.
ഡിസംബറിലും ജനുവരിയിലും പിണറായി വിജയനായിരുന്നു വോട്ടര്‍മാരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍ ഡിസംബറില്‍ ഏറെ പിന്നിലായിരുന്ന വി.ഡി. സതീശന്‍ ജനുവരി ആയപ്പോഴേക്കും തന്റെ റേറ്റിംഗ് ഇരട്ടിയാക്കി. തുടര്‍ന്നാണ് ഫെബ്രുവരിയിലെ സര്‍വേയില്‍ അദ്ദേഹം പിണറായി വിജയനെ മറികടന്നത്. അതേസമയം, മൂന്നാമതുള്ള ശശി തരൂരിന്റെ ജനപിന്തുണയില്‍ ഇടിവുണ്ടായി. ഡിസംബറിലും ജനുവരിയിലും 14.6 ശതമാനം റേറ്റിംഗ് ഉണ്ടായിരുന്ന തരൂരിന് ഫെബ്രുവരിയില്‍ 11.3 ശതമാനം പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. സര്‍വേയില്‍ പങ്കെടുത്ത 44.2 ശതമാനം പേര്‍ മറ്റ് നേതാക്കളെയാണ് പിന്തുണച്ചത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസ്സിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരില്‍ നിന്നാണ് മനോരമ ന്യൂസ് സി-വോട്ടര്‍ സര്‍വേ പ്രതികരണം ശേഖരിച്ചത്. സ്‌നാപ് പോളില്‍ 1352 പേരും ട്രാക്കര്‍ സര്‍വേയില്‍ 3373 പേരും പങ്കെടുത്തു. കേരളത്തിന്റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാംപിളുകള്‍ ശേഖരിച്ചാണ് സര്‍വേ നടത്തിയത്.
ഈ സര്‍വേ ഫലം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നു എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.


