- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികള്‍ക്കെതിരെ എസ്സി-എസ്ടി നിയമം കൂടി ചുമത്തി; നഷ്ടപരിഹാരമില്ലാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം; മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിയുടെ ഫോണ്‍ നിര്‍ണ്ണായകം; അട്ടപ്പള്ളം : പിണറായിയ്ക്ക് പുതിയ തലവേദന; നയതന്ത്രത്തിന് മന്ത്രി രാജന്‍
പാലക്കാട്: വാളയാറില്‍ ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ വയ്യാര്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു. കേസില്‍ എസ്സി-എസ്ടി പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി. ഇതോടെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് ദുഷ്‌കരമാകും. അതേസമയം, അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കള്‍. കുടുംബത്തിന്റെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ റവന്യൂമന്ത്രി കെ. രാജന്‍ ബന്ധുക്കളുമായി ചര്‍ച്ച നടത്തും.
തന്റെ സഹോദരനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ക്രൂരമായി തല്ലിക്കൊന്നതാണെന്നും അതിനാല്‍ ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള പ്രത്യേക വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്നുമാണ് രാംനാരായണിന്റെ സഹോദരന്‍ ആവശ്യപ്പെടുന്നത്. തെഹ്സീന്‍ പൂനവാല കേസിലെ സുപ്രീം കോടതി വിധി മുന്‍നിര്‍ത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ച രാംനാരായണിന്റെ രണ്ട് മക്കളുടെ ഭാവി മുന്‍നിര്‍ത്തി 25 ലക്ഷം രൂപ കേരള സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.
കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടോ എന്ന കാര്യവും ചര്‍ച്ചയാകുന്നുണ്ട്. പിടിയിലായ പ്രതികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനമുള്ളവരാണെന്നാണ് സൂചന. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണ്ണായക തെളിവാകും. കൃത്യമായ ആസൂത്രണത്തോടെയാണോ അതോ പെട്ടെന്നുണ്ടായ പ്രകോപനമാണോ അക്രമത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലി തേടിയെത്തിയ രാംനാരായണനെ ഒരു സംഘം തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു.
മര്‍ദനമേറ്റ് അവശനായി വീണ രാംനാരായണന് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. നാല് മണിക്കൂറോളം ഇയാള്‍ അവശനായി കിടന്ന ശേഷമാണ് പോലീസ് സ്ഥലത്തെത്തിയതും ആശുപത്രിയിലേക്ക് മാറ്റിയതും. ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ അഞ്ചുപേരെ പോലീസ് നിലവില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. വടക്കേ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷവും അക്രമങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ദേശീയ ശ്രദ്ധ നേടിയ ഈ കേസില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും ഇടപെടാന്‍ സാധ്യതയുണ്ട്. ഛത്തീസ്ഗഢ് സര്‍ക്കാരും വിഷയത്തില്‍ കേരളത്തോട് വിശദീകരണം തേടിയേക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കേരളം പരാജയപ്പെടുന്നു എന്ന വിമര്‍ശനത്തിന് ഈ സംഭവം വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്. മന്ത്രി കെ. രാജന്‍ നടത്തുന്ന ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പ്രതിഷേധം സെക്രട്ടേറിയറ്റ് പടിക്കലേക്ക് വ്യാപിപ്പിക്കാനാണ് കുടുംബത്തിന്റെ നീക്കം.
വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ അനീഷ്, സുജിത്ത്, വിനീഷ്, ഗിരീഷ്, പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൃത്യം നടന്ന കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിന് സമീപമെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികള്‍ രാംനാരായണനെ മര്‍ദിക്കാന്‍ ഉപയോഗിച്ച വടികളും മറ്റ് വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിയുടെ ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. കൂടുതല്‍ പേര്‍ക്ക് അക്രമത്തില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് പുറമെ എസ്സി-എസ്ടി പീഡന നിരോധന നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.




