വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശത്ത് തകര്‍ന്ന വീടുകള്‍ക്ക് അടിയില്‍ കുടുങ്ങിക്കിടന്ന 150ല്‍ അധികം ആളുകളെ രക്ഷപ്പെടുത്തിയെന്ന് സൈന്യം. വെള്ളരിമല, മുപ്പിടി, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നിവിടങ്ങളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മറ്റു പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സൈന്യത്തിന്റെ നാല് സംഘങ്ങളാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് സംഘങ്ങള്‍ കൂടി ഉടന്‍ എത്തും. ബെംഗളൂരുവില്‍ നിന്നുള്ള എഞ്ചിനീയര്‍ ടാസ്‌ക് ഫോഴ്സും ഉടനെത്തും.

സൈന്യവും ഫയര്‍ ഫോഴ്സും ചേര്‍ന്ന് പ്രദേശത്ത് താല്‍ക്കാലിക പാലം നിര്‍മിച്ചിട്ടുണ്ട്. പാലം നിര്‍മാണം പൂര്‍ത്തിയായതായി മന്ത്രിമാരായ എ.കെ ശശീന്ദ്രനും പി.എ മുഹമ്മദ് റിയാസും അറിയിച്ചു. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് നിര്‍മിച്ചത്. പാലം നിര്‍മാണം പൂര്‍ത്തിയായതോടെ രക്ഷാപ്രവര്‍ത്തനത്തിന് വേഗത വര്‍ധിച്ചിട്ടുണ്ട്.

പാങ്ങോട് നിന്നടക്കം കൂടുതല്‍ സൈന്യം മുണ്ടക്കൈയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കേന്ദ്രത്തിനായി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയായി മഴയ്ക്ക് പിന്നാലെ ചൂരല്‍മലയില്‍ കനത്ത് മഞ്ഞ് മൂടിയിരിക്കുകയാണ്. ചൂരല്‍മലയില്‍ താത്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. സൈന്യവും കേരള ഫയര്‍ ഫോഴ്സും സംയുക്തമായാണ് പാലം നിര്‍മ്മിച്ചത്.

പാലം നിര്‍മ്മാണം പൂര്‍ത്തിയായതോടെ രക്ഷാപ്രവര്‍ത്തനം വേഗമാര്‍ജിച്ചു. കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ സൈന്യം പ്രത്യേകം നിര്‍മിച്ച പാലത്തിലൂടെ പുറത്തേക്ക് എത്തിക്കുന്നുണ്ട്.

ഉരുള്‍പൊട്ടല്‍ നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം സൈന്യവും എന്‍ഡിആര്‍എഫും അടങ്ങുന്ന ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. ദുരന്ത ഭൂമിയില്‍ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയില്‍ കണ്ടെത്തിയിരുന്നു. ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം നടത്തിയിരുന്നു.

കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡിഎസ്സി) സെന്ററില്‍ നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങള്‍ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ 250 ഓളംപേരെ രക്ഷപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് സൈനിക വിന്യാസമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

നേരത്തെ വ്യോമസേനയുടെ ഹെലികോപ്ടര്‍ എത്തി പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയും എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രതികൂല കാലാവസ്ഥക്കിടയില്‍ സാഹസികമായാണ് ചൂരല്‍മലയില്‍ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്തത്.

റോഡ് മുഖാന്തരമോ മറ്റുവഴികളിലൂടെയോ ദുരന്ത സ്ഥലത്തെത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യമായതു രക്ഷാദൗത്യമായി കണക്കാക്കുന്നത് എയര്‍ലിഫ്റ്റിങ്ങാണ്. എന്നാല്‍ വയനാട് ദുരന്തത്തില്‍ മഴയും മൂടല്‍മഞ്ഞും ഉള്‍പ്പെടെ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാദൗത്യത്തിനു കാലാവസ്ഥ രാവിലെ മുതല്‍ തന്നെ തടസ്സം സൃഷ്ടിച്ചിരുന്നു.

ഒടുവില്‍ കാലാവസ്ഥ അല്‍പം അനുകൂലമായ വൈകിട്ട് അഞ്ചരയോടെയാണ് എയര്‍ഫോഴ്‌സ് ഹെലികോപ്റ്റര്‍ രക്ഷാദൗത്യത്തിനായി അതിസാഹസികമായി ചൂരല്‍മലയില്‍ വന്നിറങ്ങിയത്. ഹെലികോപ്റ്ററിന് ഇറങ്ങാന്‍ തടസ്സം സൃഷ്ടിക്കുന്ന പാറകളും ഹൈടെന്‍ഷന്‍ കേബിളുകളും മറ്റുമുള്ള മലമ്പ്രദേശത്താണ് അതിസാഹസികമായി ഹെലികോപ്റ്റര്‍ പറന്നിറങ്ങിയത്.

ചൂരല്‍മലയില്‍നിന്നു പരുക്കേറ്റവരെയാണ് ഹെലികോപ്റ്ററിലൂടെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അസ്തമയത്തിനുശേഷമുള്ള ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനത്തിനു നിയന്ത്രണങ്ങളുള്ളതായി റിട്ട. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പൈലറ്റ് ദേവരാജ് ഇയ്യാനി പറയുന്നു. ഹൈറേഞ്ച് മേഖലകളില്‍ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ പൈലറ്റിനുണ്ടാകുന്ന കാഴ്ചക്കുറവ് ഉള്‍പ്പെടെ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അത്തരം നിയന്ത്രണങ്ങള്‍.