- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനത്തില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ഒഴുകുന്ന പുഴയ്ക്കും പാറക്കെട്ടിനുമിടയില്‍ ഒരു രാത്രി മുഴുവനും: രക്ഷപ്പെടുത്തിയത് ഹെലികോപ്ടര്‍ എത്തി
ചൂരല്‍മല: ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകരെ ഹെലികോപ്ടര്‍ എത്തി എയര്‍ലിഫ്റ്റിങ്ങിലൂടെ സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശികളായ മൂന്നു പേരാണു ആര്‍ത്തലച്ച് ഒഴുകുന്ന പുഴയ്ക്കും പാറക്കെട്ടിനുമിടയില്‍ ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കുടുങ്ങിയത്. അതില്‍ രണ്ടു പേരെ എയര്‍ലിഫ്റ്റിലൂടെയും ഒരാളെ വാഹനത്തിലും രക്ഷപ്പെടുത്തി.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ വനമേഖലകളിലുണ്ടാകുമെന്ന നിഗമനത്തില്‍ കാടുകയറിയവരാണ് അവശരായതിനെ തുടര്‍ന്ന് കാട്ടില്‍ കുടുങ്ങിയത്. നിലമ്പൂര്‍ മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശികളായ കെ.പി.സാലിം, റഈസ്, അരീക്കോട് സ്വദേശി മുഹ്സിന് എന്നിവരാണ് മലകയറിയത്. ഒട്ടേറെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ച ഇവര്‍ കാട്ടിലാകെ അലഞ്ഞ് സൂചിപ്പാറയുടെ അടിഭാഗത്ത് എത്തി. ഒരു ഭാഗത്ത് പുഴ ശക്തമായി ഒഴുകുന്നു. ഇതിനിടെ റഈസിന് രക്തസമ്മര്‍ദത്തില്‍ വ്യതിയാനമുണ്ടാകുകയും യാത്ര തുടരാന്‍ കഴിയാതാകുകയും ചെയ്തു.
പുഴ ശക്തമായി ഒഴുകുന്നതിനാല്‍ മറുകര കടക്കാനായില്ല. ഇതോടെ വന്യമൃഗങ്ങളുള്ള കാട്ടില്‍ ഒരു രാത്രി മുഴുവന്‍ ഇരുട്ടില്‍ കഴിഞ്ഞു. രാവിലെ അതുവഴി തിരച്ചിലിനിറങ്ങിയ മറ്റൊരു സംഘമാണു മൂവരെയും കണ്ടത്, പിന്നാലെ അധികൃതരെ വിവരമറിയിച്ചു. അഗ്നിരക്ഷാ സേനയും പൊലീസും വനം വകുപ്പും ചേര്‍ന്നു സംഘത്തെ പുറത്തേക്കു കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററില്‍ എയര്‍ലിഫ്റ്റിനുള്ള ശ്രമം നടത്തിയത്.
ആദ്യഘട്ട പരിശോധനയില്‍ വനമേഖല കൃത്യമായി കണ്ടെത്താനാകാത്തതിനാല്‍ വനംവകുപ്പിന്റെ സഹായം തേടി. പരുക്കുകളുണ്ടായിരുന്ന മുഹ്സിനെയും സാലിമിനെയും സാഹസികമായ രക്ഷാദൗത്യത്തിനൊടുവില്‍ ഹെലികോപ്റ്ററില്‍ കയറ്റി. ചൂരല്‍മലയില്‍ എത്തിച്ച ഇവരെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.