തിരിച്ചറിയാത്ത എട്ടുപേര്‍ക്ക് പുത്തുമലയില്‍ സംസ്കാരം; മരണം 369 ആയി; ചാലിയാറില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും; കണ്ടെത്തേണ്ടത് 206 പേരെ
- Share
- Tweet
- Telegram
- LinkedIniiiii
മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 369 ആയി ഉയര്‍ന്നു. 206 പേരെയാണ് കണ്ടെത്താനുള്ളത്. തിരച്ചില്‍ ആറാം ദിനം പിന്നിടുമ്പോള്‍ ഇന്ന് ആറ് മേഖലകളിലായി നടത്തിയ ദൗത്യത്തില്‍ ആയിരത്തിലധികം രക്ഷാപ്രവര്‍ത്തകരാണ് പങ്കെടുത്തത്. മുണ്ടക്കൈയില്‍ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. സൈന്യം റഡാര്‍ ഉപയോഗിച്ചും പരിശോധിച്ചിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായില്ല.
ചാലിയാറില്‍ നിന്ന് ഇന്ന് ലഭിച്ചത് രണ്ട് മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും
വയനാട് ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടപ്പെട്ടവരുടേതായി ചാലിയാര്‍ പുഴയില്‍ നടത്തിയ തിരച്ചിലില്‍ ഇന്ന് (ഞായര്‍) ലഭിച്ചത് 2 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളും. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങള്‍ 75 ഉം ശരീര ഭാഗങ്ങള്‍ 142 ഉം ആയി. ആകെ 217 എണ്ണം. 38 പുരുഷന്മാരുടെയും 20 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.
ഇതുവരെ 212 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 203 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു.
ദുരന്തത്തിന് ഒരാഴ്ച പിന്നിടുമ്പോള്‍ ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസവും തുടര്‍ന്നു. ചാലിയാര്‍ പുഴയോട് ചേര്ന്നവനമേഖലയിലാണ് ഇന്ന് പ്രധാനമായും തിരച്ചില്‍ നടന്നത്. വനം വകുപ്പും സംയുക്ത സംഘവും തിരച്ചിലില്‍ പങ്കാളികളാവുന്നുണ്ട്. പോത്തുകല്ല് പഞ്ചായത്ത് പരിധിയില്‍ നിന്ന് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മല ഭാഗത്തേക്ക് കഴിയാവുന്ന ദൂരം തിരച്ചില്‍ നടത്തുന്നുണ്ട്. മുണ്ടേരി ഫാമില്‍ നിന്നും നിശ്ചിത ടീമുകളായി ഇരുട്ടുകുത്തി കടവ് മുതല്‍ മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ചാലിയാറിന്റെ മറ്റു ഭാഗങ്ങളില്സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.
മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് - 221
പുരുഷന് - 97
സ്ത്രീ -87
കുട്ടികള്‍ -37
ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം - 172
കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ എണ്ണം - 166
പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹങ്ങളുടെ എണ്ണം - 220
പോസ്റ്റുമോര്‍ട്ടം ചെയ്ത ശരീര ഭാഗങ്ങളുടെ എണ്ണം-160
ജില്ലാ ഭരണകൂടത്തിന് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം -71
ജില്ലാ ഭരണകൂടത്തിന് കൈമാറിയ ശരീരഭാഗങ്ങളുടെ എണ്ണം - 132
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം - 37
ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹങ്ങളുടെ എണ്ണം - 135
ദുരന്ത പ്രദേശത്ത് നിന്നും ആശുപത്രികളില്‍ എത്തിച്ചവരുടെ എണ്ണം- 568
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ - 91
ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയവര്‍- 253
തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നു
അതേസമയം, തിരിച്ചറിയാത്ത 8 മൃതദേഹങ്ങള്‍ ഇന്ന് വൈകിട്ട്് മേപ്പാടി പുത്തുമലയില്‍ സംസ്കരിക്കുകയാണ്. നേരത്തെ 67 മൃതദേഹങ്ങളും ഒരുമിച്ച് സംസ്കരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകിട്ട് മന്ത്രി രാജന് വാര്‍ത്താസമ്മേളനം നടത്തി അഴുകിത്തുടങ്ങിയ 8 മൃതദേഹങ്ങളാണ് സംസ്ക്കരിക്കുകയെന്ന് അറിയിക്കുകയായിരുന്നു
ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്ത് സര്‍വ്വമത പ്രാര്‍ത്ഥനയോടെയാണ് സംസ്കാരം. മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ സംസ്കാരസ്ഥലത്തേക്ക് എത്തിച്ചു..
പത്തടിയോളം താഴ്ചയിലാണ് കുഴികള്‍ ഒരുക്കിയത്. നിലവില്‍ 32 കുഴികള്‍ ഇതിനകം എടുത്തിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരാണോ തിരിച്ചറിയപ്പെടാതെ പോയവരുടെ കൂട്ടത്തിലുള്ളത് എന്ന ആശങ്കയോടെ നിരവധി പേരും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പുത്തുമലയില്‍ മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ വീണ്ടെടുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കണം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവിടങ്ങളിലും ഇക്കാര്യം അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.