മേപ്പാടി: മുണ്ടക്കൈയില്‍ മഴ കനത്തതോടെ ഷാക്കിറയ്ക്ക് ആകെ ഭയമായി. ഇരിക്കപ്പൊറുതിയില്ലാതായി. നമുക്ക് ഇവിടം വിട്ട് മേപ്പാടിയിലെ എന്റെ വീട്ടിലേക്ക് പോകാം, ഷാക്കിറ ഭയം പെരുകിയപ്പോള്‍ ഭര്‍ത്താവ് മുഹമ്മദ് അലിസിനോട് പറഞ്ഞു. തിങ്കളാഴ്ച രാത്രി മഴ അതിതീവ്രമഴയായതോടെയാണ് ഷാക്കിറ ഭര്‍ത്താവിനെ നിര്‍ബ്ബന്ധിച്ചത്.

' കഴിഞ്ഞ രണ്ടുദിവസമായി ഞങ്ങളുടെ പ്രദേശത്ത് കനത്ത മഴയായിരുന്നു. തിങ്കളാഴ്ച രാത്രി മഴ പെരുകിയതോടെ ഭാര്യ ഷാക്കിറയ്ക്ക് വല്ലാത്ത പേടിയായി. ഭാര്യവീട്ടിലേക്ക് പോകാമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ആദ്യമൊന്നും ഞങ്ങള്‍ അതുകാര്യമാക്കിയില്ല. ഒന്നും പേടിക്കാനില്ലെന്നും ഒരു കുഴപ്പവും വരില്ലെന്നും ഞങ്ങള്‍ പറഞ്ഞു നോക്കിയെങ്കിലും ഷാക്കിറ കൂട്ടാക്കിയില്ല. അവസാനം ഞങ്ങള്‍ വഴങ്ങി. രാത്രി തന്നെ ഭാര്യവീട്ടിലേക്ക് പോയി. കുട്ടികളെയും എന്റെ മാതാപിതാക്കളെയും എല്ലാം കൂട്ടിയാണ് പോയത്.

മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചയോടെയാണ് മുണ്ടക്കൈയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇപ്പോള്‍, എന്റെ വീട് മാത്രമേ അവിടെ കാണാനുള്ളു. പാറകള്‍ അടങ്ങിയ അവശിഷ്ടങ്ങളും ചെളി വെള്ളവും നിറഞ്ഞിരിക്കുകയാണ്. എസ് എസ് റോഡിലെ മറ്റുവീടുകളെല്ലാം ഒലിച്ചുപോയി', മുഹമ്മദ് അലിസ് പറഞ്ഞു. ഇപ്പോള്‍ ആശുപത്രിയില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കുകയാണ് മുഹമ്മദ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മേഖലയില്‍ ഉരുള്‍പൊട്ടലൊന്നും ഉണ്ടാകാതിരുന്നത് കൊണ്ട് ആളുകള്‍ ഇത്തരമൊരു ദുരന്തം തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഹമ്മദ് അലിസ് പറഞ്ഞു. മേപ്പാടിയിലേക്ക് ഞങ്ങള്‍ പോകുന്ന വഴി ചിലരോടൊക്കെ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും അവരൊന്നും കൂട്ടാക്കിയില്ല, എന്റെ അച്ഛന്റെ സഹോദരനെയും കുടുംബത്തെയും കാണാനില്ല, മുണ്ടക്കൈ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്റായ മുഹമ്മദ് പറഞ്ഞു.

ഈ മേഖല ആളുകള്‍ക്ക് താമസിക്കാന്‍ കൊള്ളാതായെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പലരും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെങ്കിലും എത്ര പേര്‍ക്ക് ജീവന്‍ രക്ഷപ്പെട്ടെന്നും എത്ര പേരെ കാണാതായെന്നും ഒരു തിട്ടവുമില്ല. തങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും ഇവിടെ വീട് കെട്ടിപ്പൊക്കാനും മറ്റുമായാണ് നിക്ഷേപിച്ചത്. ഇപ്പോള്‍ ഇവിടെ താമസിക്കാന്‍ കൊള്ളാതായിരിക്കുന്നു. ഇനി തങ്ങള്‍ ഇവിടെ താമസിക്കില്ലെന്നും മുഹമ്മദ് അലിസ് വ്യക്തമാക്കി.

നാലുകിലോമീറ്ററോളം തകര്‍ത്തു കളഞ്ഞ ഉരുള്‍പൊട്ടലില്‍, ജീവന്‍ തിരിച്ചുകിട്ടിയവര്‍ ഇപ്പോഴും അതിന്റെ ഷോക്കിലാണ്. ചിലരൊക്കെ കരയുന്നു. നഷ്ടപ്പെട്ട് പോയ ഉറ്റവരെ ഓര്‍ത്ത് മരവിച്ചിരിക്കുന്നു. അതിനിടെ, ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ട കഥ പറയുന്നു ഒ പി മൊയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ എന്തോ ശബ്ദം കേട്ടുഞെട്ടിയുണര്‍ന്ന മൊയ്തു നോക്കുമ്പോള്‍, കാണുന്നത് കഴുത്തറ്റം വെളളമാണ്. ഒരു നടുക്കത്തോടെ, ഓര്‍ത്തു, മകള്‍ റംസീനയും എട്ടുമാസം പ്രായമായ കുഞ്ഞും അടുത്ത മുറിയില്‍ കിടന്നുറങ്ങുന്നുണ്ടല്ലോ എന്ന്. നീന്തി ചെന്ന് കുഞ്ഞിനെ ആദ്യം കയ്യിലെടുത്തു. അപ്പോഴേക്കും വീടുമുഴുവന്‍ വെളളത്തിലായി. പെട്ടെന്ന് മുറിയിലെ കട്ടില്‍ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നതോടെ അതില്‍ തൂങ്ങിപ്പിടിച്ച് രക്ഷപ്പെടുകയായിരുന്നു. ഭാര്യ കദിയയും മറ്റൊരു മകളും കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നതിനാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു.

അതേസമയം, മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങള്‍ പാടേ ഇല്ലാതായിരിക്കുകയാണ്. ഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 79 പുരുഷന്‍മാരും 64 സ്ത്രീകളും. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.