- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വകാര്യമായ മൊഴികള്‍ പുറത്തു വിടുന്നു; ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഡബ്ല്യൂസി സി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എന്ന് അവകാശപ്പെട്ട് പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരാതി.
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ സ്വകാര്യത മാനിക്കാതെ പുറത്ത് വിടുന്നെന്ന് ആരോപിച്ച് റിപോര്‍ട്ടര്‍ ചാനലിനെതിരെ ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. റിപ്പോര്‍ട്ടിന്റെ സ്വകാര്യത മാനിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കഴിഞ്ഞ ദിവസം ഡബ്ല്യു സി സി അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പേര്‍ട്ടിലെ മൊഴികള്‍ ചാനല്‍ പുറത്ത് വിട്ടത്. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എന്ന് അവകാശപ്പെട്ട് പുറത്തുവിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരാതി.
കമ്മറ്റിക്ക് മുന്‍പില്‍ ഒരു പ്രമുഖ നടനെതിരെ നടി നല്‍കിയ മൊഴി എന്നവകാശപ്പെട്ടാണ് ഞെട്ടിക്കുന്ന വാര്‍ത്ത എന്ന പേരില്‍ തിങ്കളാഴ്ച്ച രാവിലെ വാര്‍ത്ത പുറത്ത് വിട്ടത്. സ്വകാര്യ ഭാഗങ്ങളില്‍ പലതവണ സ്പര്‍ശിച്ചെന്നും പ്രതിരോധിക്കാനുള്ള ശ്രമം വിഫലമായെന്നുമാണ് വാര്‍ത്തയിലെ പരാമര്‍ശം. ഈ വാര്‍ത്തയ്‌ക്കെതിരെയാണ് പരാതി.
സമൂഹമാധ്യമത്തിലൂടെ പരാതി പങ്കു വെച്ചിട്ടുമുണ്ട്. പുറത്ത് വന്ന വാര്‍ത്തയിലൂടെ മൊഴി നല്‍കിയ വ്യക്തിയെ തിരിച്ചറിയാന്‍ പറ്റുമെന്ന് സംഘടന ചുണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടര്‍ ടി വി യുടെ ഇത്തരം രീതികള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടി വേണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പരാതിയുടെ പൂര്‍ണ്ണരൂപം ഇങ്ങനെ:
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്
താങ്കള്‍ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ നല്‍കിയ മൊഴികള്‍ ഇപ്പോള്‍ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.
ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങള്‍ താങ്കളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചത് . എന്നാല്‍ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സര്‍ക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു . പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ് .
പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂര്‍ണ്ണവും കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തില്‍ താങ്കള്‍ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാര്‍ത്ത ആക്രമണം തടയണമെന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു.
വിശ്വസ്തതയോടെ
ഡബ്ല്യു.സി.സി.