ന്യൂയോര്‍ക്ക്: ഹമാസിനെ പിന്തുണച്ചുവെന്നാരോപിച്ച് വിസ റദ്ദാക്കപ്പെട്ട നാട്ടിലേക്ക് മടങ്ങിയ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനി രഞ്ജനി ശ്രീനിവാസനാണ് ഇന്നത്തെ പ്രധാന ചര്‍ച്ച വിഷയം.രഞ്ജനി നാട്ടിലേക്ക് മടങ്ങിയ വിവരവും ചിത്രവും പുറത്ത് വന്നതോടെ ആരാണ് രഞ്ജനിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ നിരവധി പേര്‍ തിരഞ്ഞത്. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് ആണ് രഞ്ജനി സ്വയം നാടുവിട്ട വിവരം അറിയിച്ചത്. മാര്‍ച്ച് അഞ്ചിന് വിദ്യാര്‍ഥിനിക്കുള്ള വിസ അമേരിക്ക റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ നടപടികള്‍ സ്വയം പൂര്‍ത്തിയാക്കി രഞ്ജനി നാടുവിടുകയായിരുന്നു.

രഞ്ജനി യുഎസ് വിടുന്ന ദൃശ്യങ്ങള്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സില്‍ പങ്കുവെച്ചിരുന്നു.യുഎസില്‍ ജീവിക്കുന്നതും പഠിക്കുന്നതും ഒരു പ്രത്യേക അവകാശമാണെന്നും ഭീകരവാദത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് അത് നല്‍കരുതെന്നുമുള്ള കുറിപ്പോടെയാണ് രഞ്ജനിയുടെ ചിത്രം ക്രിസ്റ്റി നോം പങ്കുവെച്ചത്. 'യുഎസില്‍ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് പ്രത്യേക അവകാശമാണ്. അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുമ്പോള്‍ അത് റദ്ദാക്കണം, നിങ്ങള്‍ ഈ രാജ്യത്ത് ഉണ്ടാകരുത്. കൊളംബിയ സര്‍വകലാശാലയിലെ തീവ്രവാദ അനുഭാവികളില്‍ ഒരാള്‍ സ്വയം നാടുകടത്താന്‍ സിബിപി ഹോം ആപ്പ് ഉപയോഗിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഇതിന് പിന്നാലെയാണ് രഞ്ജനിയെക്കുറിച്ച് സെര്‍ച്ച് എന്‍ജിനുകളില്‍ ആന്വേഷണം കൂടിയത്.കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഇന്ത്യന്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനിയാണ് രഞ്ജനി ശ്രീനിവാസന്‍.

ആരാണ് രഞ്ജനി ശ്രീനിവാസന്‍?

കൊളംബിയ സര്‍വകലാശാലയുടെ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്ലാനിങ് ആന്റ് പ്രിസര്‍വേഷ (ജിഎസ്എപിപി)നില്‍ അര്‍ബന്‍ പ്ലാനിങ്ങില്‍ ഗവേഷക വിദ്യാര്‍ഥിയാണ് രഞ്ജനി ശ്രീനിവാസന്‍. ഇന്ത്യയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയാണ് തുടര്‍പഠനത്തിനായി രഞ്ജനി അമേരിക്കയിലെത്തുന്നത്. അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്ലാനിംഗ് ആന്‍ഡ് ടെക്നോളജി (സിഇപിടി സര്‍വകലാശാല)യില്‍ നിന്നും ഡിസൈനില്‍ ബിരുദം നേടിയ ശേഷമാണ് യുഎസിലെത്തിയത്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡിസൈനില്‍ ബിരുദാനന്തര ബിരുദവും കൊളംബിയ സര്‍വകലാശലയില്‍ നിന്ന് അര്‍ബന്‍ പ്ലാനിങില്‍ എംഫിലും നേടിയിട്ടുണ്ട്.

ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഫുള്‍ബ്രൈറ്റ് നെഹ്റു ആന്റ് ഇന്‍ലാക്സ് സ്‌കോളര്‍ഷിപ്പോടെയാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.

നഗരപ്രാന്ത ഇന്ത്യയിലെ ഭൂ-തൊഴിലാളി ബന്ധങ്ങള്‍, രാഷ്ട്രീയ സമ്പദ്വ്യവസ്ഥ എന്നിവയെ പറ്റിയാണ് രഞ്ജനിയുടെ ഗവേഷണം. യുഎസ് വിദേശ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന എഫ് 1 വിസയിലാണ് രഞ്ജനി അമേരിക്കയില്‍ എത്തിയത്. മികച്ച അക്കാദമിക നിലവാരമുള്ള രഞ്ജനി കൂടൂതല്‍ സാധ്യതകള്‍ തേടിയാണ് വിദേശ പഠനത്തിന് ഹാര്‍വാര്‍ഡിലെത്തുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠനത്തിന് അവസരം നല്‍കുന്നതിനുള്ള ഇന്‍ലാക്സ് സ്‌കോളര്‍ഷിപ്പും രഞ്ജിനി നേടിയിട്ടുണ്ട്.

യുഎസ് വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ രഞ്ജനി ഭാഗമായെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. ഹമാസിനെ പിന്തുണച്ചതിലൂടെ രഞ്ജനി അക്രമത്തെയും ഭീകരവാദത്തെയും പിന്തുണയ്ക്കുന്നുവെന്നാണ് യുഎസ് ആരോപിക്കുന്നത്. സുരക്ഷാ ആശങ്കയെ തുടര്‍ന്നാണ് രഞ്ജനിയുടെ വിസ റദ്ദാക്കുന്നതെന്നാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ വിശദീകരണം. യുഎസില്‍ ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ വിദ്യാര്‍ഥികളെ നാടുകടത്തുന്നതിന്റെ ഭാഗം കൂടിയാണ് രഞ്ജനിയുടെ വിസ റദ്ദാക്കല്‍ നടപടി.

അതേസമയം രഞ്ജനിയുടെ യാത്രയ്ക്ക് മുന്‍പുള്ള വീഡിയോ ദൃശ്യങ്ങള്‍ ഒഴികെ ആരോപണവിധേയമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഡിഎച്ച്എസ് പുറത്തുവിട്ടിട്ടില്ല. കൂടാതെ ഈ വിഷയത്തില്‍ രഞ്ജനയുടെ പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ല.

നടപടി എന്തിന്..എങ്ങനെ?

ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് കൊളംബിയ സര്‍വകലാശാലയിലെ മറ്റുചില വിദ്യാര്‍ഥികള്‍ക്കെതിരേയും നേരത്തെ നടപടിയെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം കൊളംബിയ സര്‍വകലാശാല കാംപസില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് മഹ്‌മൗദ് ഖലീല്‍ എന്ന പൂര്‍വ വിദ്യാര്‍ഥി യു.എസില്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ ഗ്രീന്‍ കാര്‍ഡും അധികൃതര്‍ റദ്ദാക്കി. ലെഖ കോര്‍ഡിയ എന്ന വിദ്യാര്‍ഥിനിയും പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് യു.എസില്‍ അറസ്റ്റിലായിരുന്നു.

2024 ഏപ്രിലിലാണ് കോര്‍ഡിയയെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നടപടി നേരിട്ടത്. ആരോപണത്തെ തുടര്‍ന്ന് മാര്‍ച്ച് അഞ്ചിനാണ് രഞ്ജനിയുടെ വിസ റദ്ദാക്കിയത്.പിന്നാലെ മാര്‍ച്ച് 11 പതിനൊന്നിനാണ് വിദ്യാര്‍ത്ഥിനി നാട്ടിലേക്ക് മടങ്ങിയത്.കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) ഹോം ആപ്പ് ഉപയോഗിച്ചാണ് രഞ്ജനി സ്വമേധയാ രാജ്യം വിട്ടത്.

അതേസമയം കൊളംബിയ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയിരുന്ന ഏകദേശം 400 മില്യണ്‍ യുഎസ് ഡോളറിന്റെ ഫെഡറല്‍ ഗ്രാന്റുകളും കരാറുകളും ഉടന്‍ റദ്ദാക്കുന്നതായി ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ജൂത വിദ്യാര്‍ഥികള്‍ക്കെതിരായ നിരന്തരമായ പീഡനങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി നിഷ്‌ക്രിയത്വം എന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.