ന്യൂഡല്‍ഹി: പാക് സൈനിക മേധാവി അസിം മുനീര്‍ എവിടെയാണ്? പാക് സൈന്യത്തില്‍ അട്ടിമറിയുണ്ടായെന്നും അസീം മുനീറിനെ സ്ഥാനഭ്രഷ്ടനാക്കി ലെഫ്റ്റനന്റ് ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയെ സൈനിക മേധാവി ആക്കിയെന്നൊക്കെ ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍, ഇത് സ്ഥിരീകരിച്ച വാര്‍ത്തയല്ല. വിഷം പുരട്ടിയ വാക്കുകള്‍ വമിച്ച് പഹല്‍ഗാമില്‍ കൂട്ടക്കുരുതിക്ക് വഴിയൊരുക്കിയ അസിം മുനീര്‍ ഇന്ത്യയോട് ഏറ്റുമുട്ടി സ്വയം കുഴിച്ച കുഴിയില്‍ വീണിരിക്കുകയാണ്. രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോവുമ്പോഴും ഭീകരതയെ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരുന്ന അസിം മുനീര്‍ പാക്കിസ്ഥാന്റെ നാശത്തിന് തുടക്കമിട്ടിരിക്കുകയാണ്. അസിം ദുര്‍ബലനാകുന്നുവെന്ന് വാര്‍ത്ത വരുന്നതിനിടെ അദ്ദേഹത്തിന് കൂടുതല്‍ അധികാരം പാക് സുപ്രീം കോടതി നല്‍കിയെന്ന വാര്‍ത്തയും വന്നു.

സാധാരണക്കാരുടെ വിചാരണ സൈനിക കോടതികളില്‍ നടത്താനുള്ള തീരുമാനത്തിനാണ് പാക് സുപ്രീംകോടതി അംഗീകാരം നല്‍കിയത്. പാക്കിസ്ഥാനിലെ ജനാധിപത്യം അടിച്ചമര്‍ത്തി വച്ചിരിക്കുന്ന സൈന്യത്തിന് സ്വതന്ത്രാധികാരം നല്‍കുന്നതിന് വഴിവയ്ക്കുന്നതാണ് കോടതി തീരുമാനം. സൈനിക കോടതികളില്‍ സാധാരണക്കാരെ വിചാരണ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന മുന്‍ വിധിയാണ് കോടതി തളളിയത്. ഇതോടെ അസിം മുനീര്‍ കൂടുതല്‍ കരുത്തനാകും. 2023 മെയ് 8ന് നടന്ന സൈനിക വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരുടെ സൈനിക കോടതി വിചാരണയ്ക്കാണ് ഭരണഘടനാ ബഞ്ചിന്റെ വിധിയോടെ വഴി തെളിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമായതോടെ, പാക്കിസ്ഥാനില്‍ എന്താണ് സംഭവിക്കുന്നത് എന്നതിന്റെ പോലും കൃത്യമായ വിവരങ്ങള്‍ കിട്ടുന്നില്ല. അതിനിടെയാണ് പാക് സൈന്യത്തില്‍ അട്ടിമറി നടന്നെന്ന വാര്‍ത്ത പ്രചരിച്ചത്. അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികള്‍ക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്. ജനറല്‍ സാഹിര്‍ ഷംഷദ് മിര്‍സ തന്നെയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണു വിവരം

ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ കാരണക്കാരന്‍ എന്ന് പറയാന്‍ കഴിയുക, ഒരു ഇമാമിന്റെ ഭാഷയില്‍ എന്തിലും ഏതിലും മതം കലര്‍ത്തി സംസാരിക്കുന്ന പാക് സൈനിക മോധാവി അസീം മുനീറാണ്.

ആരാണ് സാഹിര്‍ ഷംഷാദ് മിര്‍സ?

നിലവില്‍ പാകിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിജെസിഎസ്സി) ചെയര്‍മാനായ ലെഫ്റ്റനന്റ് ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയെ പുതിയ സൈനിക മേധാവിയാക്കിയെന്നാണ് വാര്‍ത്തകള്‍ പരക്കുന്നത്. 2022-ലാണ് അദ്ദേഹത്തെ സിജെസിഎസ്സി ചെയര്‍മാനായി നിയോഗിക്കുന്നത്. ഇതിന് മുമ്പ് റാവല്‍പിണ്ടി നോര്‍ത്തേണ്‍ കമാന്‍ഡിന്റെ കമാന്‍ഡറായിരുന്നു മിര്‍സ. സിന്ധ് റെജിമെന്റില്‍ നിന്നുള്ളയാളാണ് ലെഫ്റ്റനന്റ് ജനറല്‍ മിര്‍സ. നിലവില്‍ പാക്കിസ്ഥാന്‍ സൈന്യത്തിലെ രണ്ടാമന്‍ എന്നാണ് മിര്‍സ അറിയപ്പെട്ടിരുന്നത്.

2021 മുതല്‍ 2022 വരെ റാവല്‍പിണ്ടി നോര്‍ത്തേണ്‍ കമാന്‍ഡിനെ നയിച്ചു. പാക്ക് പഞ്ചാബിലെ ചക്വാള്‍ ജില്ലയിലാണ് മിര്‍സ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. പാക്കിസ്ഥാന്‍ മിലിട്ടറി അക്കാദമി, ക്വറ്റയിലെ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജ്, പാക്കിസ്ഥാനിലെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിട്ടായിരുന്നു ജനറല്‍ മിര്‍സയുടെ പഠനം. 1987 സെപ്റ്റംബര്‍ 10ന് പാക്കിസ്ഥാന്‍ മിലിട്ടറി അക്കാദമി കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം പാക്ക് സൈന്യത്തിന്റെ എട്ടാമത് സിന്ധ് റെജിമെന്റില്‍ ചേര്‍ന്നു.

നിരോധിത തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാനും വടക്കന്‍ വസീറിസ്ഥാനിലെ മറ്റ് തീവ്രവാദി സംഘടനകള്‍ക്കുമെതിരായി നടന്ന സൈനിക നടപടിക്ക് മേല്‍നോട്ടം വഹിച്ച ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ജനറലായിരുന്ന ഷെരീഫിന്റെ കോര്‍ ടീമിന്റെ ഭാഗമായിരുന്നു മിലിട്ടറി ഓപ്പറേഷന്‍സിന്റെ ഡയറക്ടര്‍ ജനറലായിരിക്കെ മിര്‍സ. മാത്രമല്ല, പാകിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, അമേരിക്ക എന്നിവ ഉള്‍പ്പെടുന്ന അഫ്ഗാന്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച ക്വാഡ്രിലാറ്ററല്‍ കോര്‍ഡിനേഷന്‍ ഗ്രൂപ്പിലും ലെഫ്റ്റനന്റ് ജനറല്‍ മിര്‍സ സജീവ പങ്കാളിയായിരുന്നു. ഗില്‍ഗിറ്റ്-ബാള്‍ട്ടിസ്ഥാനിലെ പരിഷ്‌കാരങ്ങള്‍ക്കായുള്ള സര്‍താജ് അസീസ് നേതൃത്വത്തിലുള്ള കമ്മിറ്റിയിലും ലെഫ്റ്റനന്റ് ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ അംഗമായിരുന്നു.

പക്ഷേ സൈനിക മേധാവിയായി ഇദ്ദേഹത്തെ നിയമിച്ചതിന് സ്ഥിരീകരണമൊന്നുമില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, പാക്കിസ്ഥാന്‍ സൈന്യത്തില്‍ നല്ല ഭിന്നതയുണ്ട്. അസീം മുനീറിനെതിരെ വലിയൊരു വിഭാഗം രംഗത്തുണ്ട്. അതിനിടയില്‍ അസീം മുനീര്‍ എവിടെയാണെന്നും ആര്‍ക്കും അറിയില്ലെന്നും വാര്‍ത്തകള്‍ വരുന്നു. ഏറ്റവും നാണക്കേട് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനുപോലും സുരക്ഷിതതാവളത്തിലേക്ക് മാറിയെന്ന റിപ്പോര്‍ട്ടുകളാണ്. ഇതൊന്നും സ്ഥിരീകരിച്ച വാര്‍ത്തകള്‍ അല്ല. പക്ഷേ ഷഹബാസിന് ശക്തമായ ഒരു പ്രസ്താവന ഇറക്കാന്‍പോലും കഴിയുന്നില്ല.

ഇതിനിടെയാണ് പാകിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികള്‍ തെരുവിലിറങ്ങിയതും മറ്റൊരു ക്രമസമാധാന പ്രശനമാവുകയാണ്. ലാഹോറിലാണ് ജനം, ജയിലില്‍ കിടക്കുന്ന ഇമ്രാനുവേണ്ടി തെരുവിലിറങ്ങിയത്. പാകിസ്ഥാനെ രക്ഷിക്കാന്‍ ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാണ് പിടിഐ പ്രവര്‍ത്തകരുടെ ആവശ്യം.