- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തനിക്ക് ഇനി മുതല്‍ മക്കള്‍ മൂന്നല്ല നാലാണ്, അര്‍ജുന്റെ കുട്ടിയെ സ്വന്തം മക്കള്‍ക്കൊപ്പം വളര്‍ത്തും'; അര്‍ജുന്റെ കുടുംബത്തെ ചൊടിപ്പിച്ചത് മനാഫിന്റെ ഈ പരാമര്‍ശം; അര്‍ജുന്റെ ചിത്രം കവര്‍ ഇമേജ് ആക്കിയ യുട്യൂബ് ചാനലും പ്രകോപനമായി
'തനിക്ക് ഇനി മുതല്‍ മക്കള്‍ മൂന്നല്ല നാലാണ്, അര്‍ജുന്റെ കുട്ടിയെ സ്വന്തം മക്കള്‍ക്കൊപ്പം വളര്‍ത്തും';
കോഴിക്കോട്: മലയാളത്തിലെ മാധ്യമങ്ങള്‍ അടക്കം അതിവൈകാരികയതോടെയാണ് അര്‍ജുന്‍ വിഷയം കൈകാര്യം ചെയ്തത് എന്ന വിമര്‍ശനം നേരത്തെ വിവിധ കോണുകളില്‍ നിന്നും ഉണ്ടായിരുന്നു. ഈ അതിവൈകാരിത തന്നെയാണ് ഇപ്പോള്‍ അര്‍ജുന്റെ കുടുംബവും മനാഫുമായുള്ള തര്‍ക്കത്തിന് വഴിവെച്ചതും. മാധ്യമങ്ങളെ കണ്ടപ്പോള്‍ മനാഫ് പലപ്പോഴും പ്രതികരിച്ചത് വൈകാരികത കലര്‍ത്തിയായിരുന്നു. ഒരു ഘട്ടത്തില്‍ അര്‍ജുന്റെ കുട്ടിയെ തന്റെ കുട്ടികള്‍ക്കൊപ്പം വളര്‍ത്തുമെന്ന് പോലും പറഞ്ഞതാണ് കുടുംബത്തിന്റെ അനിഷ്ടത്തിന് ഇടയാക്കിയത് എന്നതാണ് അറിയുന്നത്. കൂടാതെ യുട്യൂബ് ചാനല്‍ തുടങ്ങിയതും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി.
ജൂലൈ 16നാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്. 72 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്തി. അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നതുവരെ മനാഫും ഷിരൂരില്‍ ഉണ്ടായിരുന്നു. അര്‍ജുന്റെ കുട്ടിയെ സ്വന്തം മക്കള്‍ക്കൊപ്പം വളര്‍ത്തുമെന്നും തനിക്ക് ഇനി മുതല്‍ മക്കള്‍ മൂന്നല്ല നാലാണെന്നുമാണു മനാഫ് മൃതദേഹം കണ്ടെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഈ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബം ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്.
കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുകയാണെന്നും 75,000 രൂപ വരെ അര്‍ജുന് ശമ്പളമുണ്ടെന്നു പ്രചാരണം നടക്കുന്നതായും കുടുംബം ആരോപിച്ചു. നാലാമത്തെ മകനായി അര്‍ജുന്റെ മകനെ വളര്‍ത്തുമെന്നു മനാഫ് പറഞ്ഞതു വേദനിപ്പിച്ചു. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ട് വേണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ അര്‍ജുന്റെ കുടുംബം വ്യക്തമാക്കി.
''മനാഫിന് യുട്യൂബ് ചാനലുണ്ട്. അര്‍ജുനോട് സ്‌നേഹമുണ്ടെങ്കില്‍ എല്ലാകാര്യവും വിഡിയോ എടുക്കില്ലായിരുന്നു. വിഡിയോ എത്രപേര്‍ കാണുന്നുണ്ടെന്നൊക്കെയാണ് സംസാരിക്കുന്നത്. അര്‍ജുനോടും കുടുംബത്തിനോടും സ്‌നേഹമുണ്ടെങ്കില്‍ അദ്ദേഹം ഇങ്ങന ചെയ്യില്ലായിരുന്നു. മനാഫും ഈശ്വര്‍ മല്‍പെയും തമ്മില്‍ നടത്തിയ നാടകമാണിത്.
ദിവസവും മൂന്നും നാലും വിഡിയോ ഇടുകയാണ്. എത്ര തവണ ബന്ധപ്പെട്ടിട്ടും മനാഫിന് നിര്‍ത്താനുള്ള ഭാവമുണ്ടായിരുന്നില്ല. അര്‍ജുനെ കിട്ടിക്കഴിഞ്ഞാല്‍ എല്ലാം നിര്‍ത്തുമെന്ന് പറഞ്ഞിരുന്നു, എന്നാല്‍ പ്രശസ്തിക്ക് വേണ്ടി അര്‍ജുനെ ചൂഷണം ചെയ്യുകയാണ്'' കുടുംബം കുറ്റപ്പെടുത്തി. ഈ യുട്യൂബ ചാനല്‍ അര്‍ജുന്റെ ചിത്രം സഹിതമായിരുന്നു.
അതേസമയം മനാഫിന്റെ സഹോദരനും ലോറി ഉടമയായ മുബീന്‍ ആത്മാര്‍ത്ഥതയോടെ കൂടെ നിന്നു. മുബീനോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപറയാതിരുന്നത്. എന്നാല്‍ മനാഫിന്റെ പ്രവൃത്തികള്‍ തങ്ങളെ മാനസികമായി തളര്‍ത്തുന്നതാണെന്ന് കുടുംബം കുറ്റപ്പെടുത്തുന്നു.
തങ്ങള്‍ക്കെതിരെ വരുന്നത് നെഗറ്റീവ് കമന്റ് മാത്രംമാണ്. എല്ലാവരുടെയും സഹായത്തോടെ ആണ് അര്‍ജുനെ കേരളത്തിലേക്ക് കൊണ്ടു വന്നത്. ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ വന്നു പറയുന്നതില്‍ 75 ശതമാനവും കള്ളത്തരമാണ്. ദാരിദ്രം പറഞ്ഞ് പലരും വരുന്നുണ്ട്. 2000 രൂപ തന്ന് സഹായിക്കുന്നുവെന്ന് പറഞ്ഞ് യൂട്യൂബിലും മറ്റും അപ്ലോഡ് ചെയ്യുന്നവരുണ്ട്. ഇതൊക്കെ വളരെ മോശമായാണ് ചിത്രീകരിക്കപ്പെടുന്നതെന്നും കുടുംബം പറയുന്നു.
എന്നാല്‍ ഈ വിഷയതത്തില്‍ എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്നായിരുന്നു മനാഫിന്റെ പ്രതികരണം. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. ഷിരൂരില്‍ എത്തിയ ശേഷമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശം. തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടുമെന്നും അര്‍ജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും മനാഫ് ചോദിച്ചു. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. അര്‍ജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഇനി യൂട്യൂബ് ചാനല്‍ ഉഷാറാക്കും. അര്‍ജുന്റെ അമ്മ എന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനല്‍ നോക്കിയാല്‍ അത് മനസ്സിലാകുമെന്നും മനാഫ് പറഞ്ഞു.