കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മലയോരത്തെ കൂടെ കൂട്ടാനുള്ള തന്ത്രങ്ങളുമായി സിപിഎം. കാട്ടുപന്നി, കുരങ്ങ് തുടങ്ങി വന്‍തോതില്‍ പെറ്റുപെരുകുന്ന വന്യജീവികളെ 'ക്ഷുദ്രജീവി'യായി പ്രഖ്യാപിക്കാനുള്ള അധികാരം വേണമെന്ന ചര്‍ച്ചകള്‍ സംസ്ഥാനസര്‍ക്കാര്‍ ഉന്നയിക്കുന്നതിന് കാരണം മലയോരത്തെ എതിര്‍പ്പ് മനസ്സിലാക്കിയാണ്. പുതിയ നിയമനിര്‍മ്മാണം നടത്താനാണ് നീക്കം. കാട്ടുപന്നിയേയും കുരങ്ങിനേയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ച സാഹചര്യത്തിലാണിത്. സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് വനം വകുപ്പ് നീക്കങ്ങള്‍ നടത്തുന്നത്. നിയമോപദേശം കിട്ടിയാല്‍ ഇടതുപക്ഷത്തിന്റെ അനുമതിയോടെ ബില്‍ കൊണ്ടുവരും. സിപിഐയും ഈ ബില്ലിനെ എതിര്‍ക്കില്ല. 'മനുഷ്യജീവന് അപകടകാരിയായ വന്യജീവി' എന്നുള്ള കേന്ദ്രനിയമത്തിലെ പ്രയോഗത്തിനു വ്യക്തതയില്ലാത്തതിനാല്‍ വനത്തിനും സംരക്ഷിതമേഖലകള്‍ക്കും പുറത്തുവന്നു മനുഷ്യരെ ആക്രമിക്കുന്ന വന്യജീവികളെയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന വ്യവസ്ഥ പുതിയ കരത് ബില്ലില്‍ കൊണ്ടുവരും. അതീവ പ്രാധാന്യമുള്ളതും രണ്ടാം പട്ടികയില്‍പെട്ടതുമായ വന്യജീവികളുടെ എണ്ണം ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കാനുള്ള നടപടിക്ക് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനെ അധികാരപ്പെടുത്തും.

നിയമസഭ പ്രമേയം പാസാക്കി 'ക്ഷുദ്രജീവി' പ്രഖ്യാപനം നടത്തും. ഇതോടെ ആര്‍ക്കും അവയെ വെടിവച്ച് കൊല്ലാവുന്നത തരത്തിലെ നിയമനിര്‍മ്മാണമാണ് പരിഗണിക്കുന്നത്. കേന്ദ്ര വന്യജീവിസംരക്ഷണ നിയമത്തില്‍ സംസ്ഥാനം ഉദ്ദേശിക്കുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതിയ ബില്ലാണ് ലക്ഷ്യം. ഇതിനായി തയ്യാറാക്കിയ കരടുബില്‍ നിയമോപദേശത്തിനായി അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണക്കുറുപ്പിനു വനംമന്ത്രി എകെ ശശീന്ദ്രന്‍ കൈമാറി. ജനങ്ങള്‍ കൂടുന്ന പൊതുഇടങ്ങളില്‍ വന്യജീവികള്‍ കടക്കുകയോ ദേഹോപദ്രവം ഏല്‍പിക്കുകയോ ചെയ്താല്‍ അവയെ കൊല്ലാനോ മയക്കുവെടിവച്ചു പിടിക്കാനോ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനെ അധികാരപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചശേഷം തുടര്‍നടപടിയെടുക്കും. പാര്‍ലമെന്റ് നിയമം പാസാക്കിയ 1972ല്‍ വനവും വന്യജീവിയും ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റില്‍ ആയിരുന്നു. 1977 മുതല്‍ വനങ്ങളും വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണവും എന്ന വിഷയം കണ്‍കറന്റ് ലിസ്റ്റില്‍ ആയതിനാല്‍ ഭേദഗതിക്കുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ടോ എന്ന കാര്യത്തിലാണു അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയത്. എറണാകുളം ഗെസ്റ്റ് ഹൗസില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി.കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഈ പ്രതിസന്ധിയില്ഡ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ കേരളത്തിലെ കര്‍ഷകരടക്കം വര്‍ഷങ്ങളായി നേരിടുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാകുമായിരുന്നു. കാട്ടുപന്നിയെ ശല്യക്കാരിയായ മൃഗം ആയി പ്രഖ്യാപിക്കപ്പെട്ടാല്‍ നാട്ടില്‍ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ വനം വകുപ്പിന് സാധിക്കും. പക്ഷെ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അത് തേടുന്നതിന് നേരത്തേ നിര്‍ദേശം നല്‍കിയെങ്കിലും ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനം മൊത്തമായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകള്‍, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ ആവൃത്തി തുടങ്ങി വിശദ വിവരങ്ങള്‍ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോള്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ അനുമതി ലഭിക്കും. ഇപ്പോള്‍ അതെല്ലാം ശരിയാക്കി കേന്ദ്രത്തിന് അയക്കാന്‍ സമയം എടുക്കും. അപ്പോഴേക്കും ക്ഷുദ്ര ജീവികള്‍ വേണ്ട കുഴപ്പങ്ങള്‍ ഉണ്ടാക്കി കഴിഞ്ഞിരിക്കും. ഇത് മലയോരങ്ങളിലും വനത്തിനോട് ചേര്‍ന്ന പ്രദേശത്തും വലിയ പ്രതിസന്ധിയായി. കേരളത്തില്‍ ഇടത് സര്‍ക്കാരിനെതിരായ വികാരമായി അത് മാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേരളം പുതിയ നീക്കം നടക്കുന്നത്. മലയോരത്ത് വലിയ സ്വാധീന ശക്തിയായ ക്രൈസ്തവരെ ചേര്‍ത്ത് നിര്‍ത്താനാണ് കരട് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നിയെ ഒരു വര്‍ഷത്തേക്ക് ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ശുപാര്‍ശ, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പലതവണ തള്ളിയിരുന്നു. ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നിയെ കൊല്ലാന്‍ കര്‍ഷകന് അധികാരം നല്‍കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോ, അദ്ദേഹം അധികാരപ്പെടുത്തുന്ന വ്യക്തിക്കോ അനുമതി നല്‍കുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1)ബി വകുപ്പു പ്രകാരം നടപടിയെടുക്കണമെന്നും കേന്ദ്ര ജോയിന്റ് സെക്രട്ടറി, സംസ്ഥാന വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ നല്‍കുന്നവര്‍ക്കു മാത്രം കാട്ടുപന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കണമെന്ന നിയമ വ്യവസ്ഥ പാലിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. അപകടകാരികളായ കാട്ടുപന്നികളെ കൈകാര്യം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സേവനം കൂടി സംസ്ഥാനം വിനിയോഗിക്കണമെന്നും കത്തില്‍ പറയുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ ഹോട്‌സ്‌പോട്ടുകളുടെ പട്ടിക കേരളം കേന്ദ്രത്തിനു കൈമാറിയിരുന്നു. ഇവ കണക്കിലെടുക്കാതെയാണ് ആവശ്യം കേന്ദ്രം തള്ളിയത്.

കേരളത്തിന്റെ ആവശ്യം നിരാകരിച്ച കേന്ദ്ര നടപടി അപലപനീയമാണെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് എത്രത്തോളം അധികാരം പ്രയോഗിക്കാന്‍ കഴിയുമെന്നു പരിശോധിക്കുമെന്നും വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് കരട് ബില്ലിലേക്ക് കാര്യങ്ങളെത്തിയത്. വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും വന്യജീവി സംരക്ഷണ നിയമങ്ങളില്‍ ഇളവ് കേന്ദ്രം നല്‍കുന്നില്ലെന്നതാണ് കേരളത്തിന്റെ നിലപാട്. അപകടകാരികളായ വന്യജീവികളെ പിടികൂടുന്നതും കൊല്ലുന്നതും സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. ഷെഡ്യൂള്‍ ഒന്നിലും രണ്ടിലും ഉള്‍പ്പെട്ട ആന, കടുവ, സിംഹം, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങളുടെ എണ്ണം രാജ്യത്ത് വലിയതോതില്‍ വര്‍ധിച്ചു. 2022ലെ കണക്കുപ്രകാരം കേരളത്തില്‍ 213 കടുവകളും 570 പുള്ളിപ്പുലികളുമാണുള്ളത്. ആനകളുടെ എണ്ണം അവസാനം കണക്കാക്കിയത് 2017ല്‍ ആണ്. ഈ വര്‍ദ്ധനവിനൊപ്പമാണ് കാട്ടുപ്പന്നിയും കുരങ്ങുകളുമെല്ലാം കൂടുന്നത്. ഇതും മലയോരത്ത് വലിയ പ്രതിസന്ധിയാണ്.

കേന്ദ്രസര്‍ക്കാര്‍ തുടങ്ങിവച്ച സംരക്ഷണ നടപടികളാണ് കടുവയുടെയും പുലിയുടെയും ആനയുടെയെുമെല്ലാം എണ്ണം വലിയ തോതില്‍ വര്‍ധിക്കാന്‍ വഴിയൊരുക്കിയത്. മൃഗങ്ങളെ വേട്ടയാടുന്നതിനുള്ള അനുമതി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനാണ് നല്‍കേണ്ടത്. എന്നാല്‍ അത് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാവണം അതെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം.